സിനിമാ താരങ്ങളാൽ നിറഞ്ഞ് കമലിന്റെ മൂന്നാം മുന്നണി; തമിഴകത്ത് പോരാട്ടച്ചൂട്
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടില്‍ നടന് കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണി സിനിമക്കാരുടെ മുന്നണിയായി മാറുന്നു. കമല്‍ഹാസനും നടന് ശരത് കുമാറിനും പുറമെ വിജയ്കാന്തും കൂടി മുന്നണിയുടെ ഭാഗമാകുമെന്നു സൂചനകളുണ്ട്. ഇത്രയധികം താരങ്ങള്‍ മത്സരിക്കുന്ന മുന്നണി തമിഴ്നാട്ടില്‍ വേറെയില്ല.
കമലിന്റെ മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, എസ്ആര്‍എം വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണു നിലവില്‍ മൂന്നാം മുന്നണിയിലുള്ളത്. സീറ്റുകളെ ചൊല്ലി അണ്ണാഡിഎംകെ വിട്ട വിജയ്കാന്തിന്റെ ഡിഎംഡികെയുടെ നോട്ടവും മൂന്നാം മുന്നണിയാണ്.
ഇതോടെ മുന്നണിയിലെ ആകെയുള്ള നാലു പാര്‍ട്ടികളില്‍ മൂന്നും താരപാര്ട്ടിയായി മാറും. കമല്‍ ചെന്നൈയിലെ ആലന്ദൂരിലും കോയമ്പത്തൂര്‍ സൗത്തിലും മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. 40 സീറ്റുകളില്‍ മത്സരിക്കുന്ന സമത്വ മക്കള്‍ കക്ഷിയുടെ സ്ഥാപകന്‍ ശരത് കുമാര്‍ നേരത്തെ വിജയിച്ച തെങ്കാശിയിലും ഭാര്യയും നടിയുമായ രാധിക ശരത് കുമാര്‍ കോവില്‍പെട്ടിയിലും ജനവിധി തേടിയേക്കും.
വിജയ്കാന്ത് ഇതിനകം മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വീടിരിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തില്‍ മത്സരിക്കാനാണു താരത്തിനു ഇഷ്ടമെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. അടുത്തിടെ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്ന സിനിമ നിര്‍മാതാവും മുന്‍ അണ്ണാ ഡിഎംകെ നേതാവുമായ പഴ കറുപ്പയ്യയും രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ സെന്‍ട്രലില്‍നിന്നു ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച്, ഒരുലക്ഷത്തിനടുത്തു വോട്ടു പിടിച്ച നടന് നാസറിന്റെ ഭാര്യ കമീല നാസറിനെയും കമല്‍ രംഗത്തിറക്കുമെന്നു സൂചനയുണ്ട്. മൂന്നാം മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാതിനാല്‍ ഡിഎംഡികെ ടി.ടി.വി.ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.
English Summary: Kamal Haasan’s alliance set to begin poll campaign