‘പോകൂ അമ്മായീ’ എന്ന് മമതയോട് ബിജെപി; ‘ചേച്ചിയോടു പറയൂ’ എന്ന് ജനങ്ങളോട് ദീദി
Mail This Article
കൊൽക്കത്ത∙ എൽഡിഎഫ് വരും എല്ലാം ശരിയാകും, വളരണം ഈ നാട് തുടരണം ഈ ഭരണം, ഉറപ്പാണ് എൽഡിഎഫ്, നാട് നന്നാകാൻ യുഡിഎഫ്, … തിരഞ്ഞെടുപ്പു കാലത്തൊരു മുദ്രാവാക്യം വേണമെന്നു കേരളത്തിലെ മുന്നണികൾ ചിന്തിച്ചു തുടങ്ങിയിട്ട് ഏറെയായില്ല. അക്കാര്യത്തിൽ കേരളത്തിന്റെ വളരെ മുതിർന്ന മുൻഗാമിയാണ് ബംഗാൾ. അറുപതുകളിൽ തന്നെ തുടങ്ങിയിരുന്നു കവിത പോലെ, ഈണത്തിൽ വിളിക്കാവുന്ന വരികൾ.
അറുപതുകളിൽ, വിയറ്റ്നാമിനെ ആക്രമിച്ച അമേരിക്കയ്ക്ക് എതിരെ ഇടതുപക്ഷം പാടി: തൊമാർ നാം അമാർ നാം വിയറ്റ്നാം (നിന്റെ പേര് എന്റെ പേര് വിയറ്റ്നാം). ഇടതു ഭരണത്തിൽ കർഷകർക്കു നേരെ നന്ദിഗ്രാമിലും സിംഗൂരിലും ആക്രമണമുണ്ടായപ്പോൾ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും അതൊന്നു പരിഷ്കരിച്ചു, അന്ത്യപ്രാസം ചോരാതെ: തൊമാർ നാം അമാർ നാം നന്ദിഗ്രാം.
അതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ മുദ്രാവാക്യം മൂന്നു വാക്കുകളിലേക്കു ചുരുങ്ങിയപ്പോൾ അതു പുതിയൊരു രാഷ്ട്രീയത്തിന്റെ പരപ്പായി മാറി. ‘മാ മട്ടി മനുഷ്’ (അമ്മ മണ്ണ് മനുഷ്യർ) എന്നായിരുന്നു 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ മുദ്രാവാക്യം. ഈ തിരഞ്ഞെടുപ്പിലും പുതുമയുള്ള മുദ്രാവാക്യങ്ങൾക്കായി പാർട്ടികൾ നല്ല ഗവേഷണം നടത്തിയിട്ടുണ്ട്. ‘ബംഗ്ല നിജേർ മെയെകെ ചായ്’ (ബംഗാളിനു വേണ്ടത് അതിന്റെ മകളെയാണ്) എന്നാണ് ഇത്തവണ തൃണമൂലിന്റെ മുദ്രാവാക്യം. ബിജെപിയുടെ വെല്ലുവിളിക്കു നേരെയാണത്. ബിജെപിയെ ‘പുറംപാർട്ടി’യായി ചിത്രീകരിച്ച് മമത ദീദിയെ സ്വന്തക്കാരിയാക്കുന്ന ശൈലി.
ഈ മകൾ വാദത്തെ തടുക്കാൻ ബിജെപി സ്വീകരിച്ചത് 19–ാം നൂറ്റാണ്ടിലെ ‘ബെല്ല ചൗ’ എന്ന ഇറ്റാലിയൻ വിപ്ലവ ഗാനത്തിന്റെ പാരഡിയാണ്. ‘പിഷി ജാവോ’ (പോകൂ അമ്മായീ) എന്നാണു പാർട്ടി പാരഡിയൊരുക്കിയത്. അനന്തരവൻ അഭിഷേക് ബാനർജിയെ മമത വഴിവിട്ടു സഹായിക്കുന്നു എന്ന ആരോപണം ബലപ്പെടുത്താനാണ് അമ്മായി പ്രയോഗം. മണിഹൈസ്റ്റ് എന്ന ലോകപ്രശസ്ത ടിവി സീരീസിലൂടെയും ഇറ്റാലിയൻ പാട്ട് ഏറെ പ്രചാരം നേടിയിരുന്നു. ബിജെപിക്ക് ഇപ്പോൾ ഈ പാട്ടു കിട്ടിയ വഴിയിൽ അൽപം വൈരുധ്യവുമുണ്ട്. ഡൽഹിയിലും പഞ്ചാബിലും കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന കർഷക സമരത്തിലാണ് ഇപ്പോൾ അത് ഏറെ മുഴങ്ങുന്നത്!
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാനും മമതയുടെ പാർട്ടി ഒരു മുദ്രാവാക്യം പരുവപ്പെടുത്തി: ദീദികെ ബോലോ (ചേച്ചിയോടു പറയൂ). ജനങ്ങൾക്ക് പ്രശ്നങ്ങൾ ഒരു പ്രത്യേക ഫോൺ നമ്പരിലൂടെ മുഖ്യമന്ത്രിയെ അറിയിക്കാനുള്ള പദ്ധതിയുടെ തലവാചകമായി അത്. അമാദേർ ഭിട്ടി ശിൽപോ അമാദേർ ഭബിഷ്യത് (കൃഷി നമ്മുടെ അടിത്തറ, വ്യവസായം ഭാവിയും) എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പഴയ മുദ്രാവാക്യം. 2006ൽ മമത രൂപപ്പെടുത്തിയ മുദ്രാവാക്യം ഇങ്ങനെ: ബദ്‌ല നോയ് ബദൽ ചായ് (പ്രതികാരമല്ല മാറ്റമാണു വേണ്ടത്). 2011ൽ പാർട്ടി വിളിച്ചത് ‘ഹൊയ് എബർ നോയ് നെവർ (ഇത്തവണ, അല്ലെങ്കിൽ ഒരിക്കലുമില്ല) എന്നാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആഹ്വാനം ചെയ്തു: ചുപ് ചാപ് ഫൂലെ ഛാപ് (മിണ്ടാതെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക.)
Content Highlights: West Bengal Assembly Elections 2021 , Election Slogans, BJP, Trinamool Congress