മമതയ്ക്കെതിരെ ആക്രമണം: ഗൂഢാലോചനയെന്ന് തൃണമൂൽ; കള്ളം പറയുന്നെന്ന് ബിജെപി
Mail This Article
കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റ സംഭവത്തിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും അന്വേഷണത്തിന് ആഹ്വാനം ചെയ്തു. സംഭവം മമതയുടെ ജീവൻ അപഹരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ കത്തിൽ ആരോപിച്ചു.
ആക്രമണത്തെക്കുറിച്ച് മമത കള്ളം പറയുകയാണെന്ന് ആരോപിച്ച ബിജെപി വസ്തുതകൾ സ്ഥാപിക്കാൻ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. മമതയുടെ ആരോപണത്തെ നിഷേധിച്ച പാർട്ടി, തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആയിരക്കണക്കിന് പൊലീസുകാരുടെയും സാന്നിധ്യത്തിൽ ഇത് എങ്ങനെ സംഭവിക്കുമെന്നും ചോദിച്ചു.
ബുധനാഴ്ച, തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചതിനുശേഷം നന്ദിഗ്രാമിൽ പ്രചാരണത്തിനിടെയാണ് മമതയ്ക്ക് കാലിൽ പരുക്കേറ്റത്. നാലോ അഞ്ചോ പേർ തന്നെ കാറിനുനേരെ തള്ളിയിടുകയായിരുന്നെന്നും തനിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നുവെന്നും മമത ആരോപിച്ചിരുന്നു. ആക്രമണം ഗൂഢാലോചനയാണെന്നും അവർ പറഞ്ഞിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാൾ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിരുന്നു.
English Summary: Trinamool vs BJP At Election Body After Mamata Banerjee Alleges Attack