അണ്ണാഡിഎംകെ തട്ടകങ്ങളിൽ പുതുമുഖങ്ങളെ ഇറക്കി ഡിഎംകെ; ജയിക്കാൻ പഴയമുഖങ്ങൾ
Mail This Article
ചെന്നൈ∙ പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകി ഡിഎംകെ സ്ഥാനാർഥി പട്ടിക. 82 സിറ്റിങ് എംഎൽഎമാർക്കു വീണ്ടും അവസരം നൽകിയപ്പോൾ 50 പേർ പുതുമുഖങ്ങളാണ്. ശക്തി കേന്ദ്രങ്ങളിൽ പരിചയ സമ്പന്നർ, അണ്ണാഡിഎംകെയിലെ പ്രമുഖർക്കെതിരെ പുതുമുഖങ്ങൾ എന്ന ഫോർമുലയിലാണു ഡിഎംകെ പട്ടിക തയാറാക്കിയത്. 173 മണ്ഡലങ്ങവിൽ 129 ഇടത്ത് അണ്ണാഡിഎംകെയുമായി നേരിട്ടു പോരാട്ടമാണ്. 14 ഇടത്ത് ബിജപിയെയും 18 ഇടത്ത് പിഎംകെയെയും പാർട്ടി സ്ഥാനാർഥികൾ എതിരിടും. പട്ടികയിൽ 13 വനിതകളുണ്ട്.
വെറ്ററൻ ദുരൈ മുരുകൻ
സ്ഥിരം തട്ടകമായ കാട്പാടിയിൽ 12-ാം മത്സരത്തിനിറങ്ങുന്ന പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകനാണു പട്ടികയിലെ വെറ്ററൻ. സ്വന്തം തട്ടകങ്ങളിലെ കരുത്തരും മുൻ മന്ത്രിമാരുമായ ഇ.വി.വേലു (തിരുവണ്ണാമല) കെ.എൻ.നെഹ്റു (തിരുച്ചിറപ്പള്ളി വെസ്റ്റ്), കെ.പൊന്മുടി (തിരുക്കോയിലൂർ) ഐ.പെരിയസാമി (ആത്തൂർ), സുബ്ബലക്ഷ്മി ജഗദീഷൻ (മൊടക്കുറിച്ചി) എന്നിവർക്കു വീണ്ടും അവസരം ലഭിച്ചു. നിർണായക പോരാട്ടത്തിനിറങ്ങുമ്പോൾ പരിചയ സമ്പന്നരെ പിണക്കേണ്ടെന്ന തീരുമാനത്തിൽ എം.കെ.സ്റ്റാലിൻ എത്തുകയായിരുന്നു.
ബന്ധുബലം കുറവ്
എം.കെ.സ്റ്റാലിന്റെ മകനും യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ( ചെപ്പോക്ക്), ദീർഘകാലം ഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്ന കെ.അൻപഴകന്റെ പേരമകൻ വെട്രി അഴകൻ (വില്ലിവാക്കം) എന്നിവരാണു പുതുതായി അവസരം ലഭിച്ച പ്രമുഖ നേതാക്കളുടെ ബന്ധുക്കൾ.
ഐ.പെരിയസാമിയുടെ മകൻ ഐ.പി.സെന്തിൽ കുമാർ (പഴനി), ട്രഷററും എംപിയുമായ ടി.ആർ.ബാലുവിന്റെ മകൻ ടി.ആർ.ബി.രാജ (മന്നാർഗുഡി) എന്നിവരാണു പട്ടികയിലെ മറ്റു മക്കൾ സാന്നിധ്യം. സെന്തിൽ കുമാറും രാജയും സിറ്റിങ് എംഎൽഎമാരായാണ്. പാർട്ടി താപ്പാനകളിൽ പലരും മക്കൾ സീറ്റു ചോദിച്ചിരുന്നെങ്കിലും നൽകേണ്ടെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു.
പ്രമുഖർക്കെതിരെ പുതുമുഖങ്ങൾ
മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുൾപ്പെടെ പ്രമുഖർക്കെതിരെ പുതുമുഖങ്ങളുടെ ചുറുചുറുക്കിലാണു ഡിഎംകെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നുന്നു. മുഖ്യമന്ത്രിക്കെതിരെ എടപ്പാടിയിൽ കെ.സമ്പത്ത് കുമാറാണു (37) ആണു പോരിനിറങ്ങുന്നത്. കോവിഡ് കാലത്ത് മണ്ഡലം നിറഞ്ഞു നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണു സമ്പത്ത്കുമാറിനു നറുക്ക് വീഴാൻ കാരണം.
മന്ത്രിസഭയിലെ കരുത്തൻ എസ്.പി.വേലുമണിക്കെതിരെ കോയമ്പത്തൂർ തൊണ്ടാമുത്തൂരിൽ കാർത്തികേയ ശിവ സേനാപതിയാണു സ്ഥാനാർഥി. ജല്ലിക്കെട്ട് പോരാട്ടത്തിലുൾപ്പെടെ സജീവമായിരുന്ന സേനാപതി ഡിഎംകെ പരിസ്ഥിതി വിഭാഗത്തിന്റെ ചുമതലക്കാരനാണ്.
English Summary: DMK candidates list has a mix of old horses like Durai Murugn and Young Turks like Udhayanidhi Stalin