ADVERTISEMENT

ചെന്നൈ∙ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ആദ്യ ‘ഷോട്ട്’ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ. പാർട്ടിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുടെ ഭാഗമായാണു കമലിന്റെ പേര് പ്രഖ്യാപിച്ചത്. എംജിആറിന്റെ പഴയ മണ്ഡലമായ ആലന്തൂരിൽ കമൽ മത്സരിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അവിടെ വ്യവസായി ശരത് ബാബുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടി ശ്രീപ്രിയ (മൈലാപൂർ), അണ്ണാഡിഎംകെ മുൻ എംഎൽഎ പഴ കറുപ്പയ്യ (ടി നഗർ), പാർട്ടി വൈസ് പ്രസിഡന്റ് ആർ.മഹേന്ദ്രൻ (സിംഗനല്ലൂർ) എന്നിവരാണു പട്ടികയിലെ മറ്റു പ്രമുഖർ. കോയമ്പത്തൂർ സൗത്തിൽ ബിജെപി, കോൺഗ്രസ് സ്ഥാനാർഥികളോടാണു കമലിന്റെ പോരാട്ടം. ഡിഎംകെ മുന്നണിയിൽ കോൺഗ്രസും അണ്ണാഡിഎംകെ മുന്നണിയിൽ ബിജെപിയുമാണു മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ചു ബിജെപി 33,000 വോട്ടുനേടിയ മണ്ഡലത്തിൽ മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനായിരിക്കും പാർട്ടി സ്ഥാനാർഥി. 

കന്നി പോരാട്ടത്തിനു കമൽഹാസൻ കോയമ്പത്തൂർ സൗത്ത്  മണ്ഡലം തിരഞ്ഞെടുക്കാൻ പല കാരണങ്ങളുണ്ട്. മണ്ഡലം കൂടി ഉൾപ്പെടുന്ന കോയമ്പത്തൂർ ലോക്സഭാ സീറ്റിൽ പാർട്ടി സ്ഥാനാർഥി ആർ.മഹേന്ദ്രൻ 1.45 ലക്ഷം വോട്ടു നേടിയിരുന്നു. പൂർണമായും നഗര മണ്ഡലമായ കോയമ്പത്തൂർ സൗത്തിൽ തമിഴർക്കൊപ്പം മലയാളി, ആന്ധ്ര, കന്നഡ, ഉത്തരേന്ത്യൻ വോട്ടുകളും നിർണായകമാണ്. 2008-ൽ രൂപീകരിച്ച മണ്ഡലത്തിൽ 2011,16 തിരഞ്ഞെടുപ്പുകളിൽ അണ്ണാഡിഎംകെയാണു ജയിച്ചത്. 

സന്തോഷ് ബാബു വേളാച്ചേരിയിൽ 

ഐഎഎസിൽ നിന്നു സ്വയം വിരമിച്ച മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും മലയാളിയുമായ ഡോ.സന്തോഷ് ബാബു വേളാച്ചേരിയിലേക്കു മാറി. നേരത്തെ വില്ലിവാക്കത്തു മത്സരിക്കുമെന്നാണു പറഞ്ഞിരുന്നത്. നഗരത്തിലെ ഐടി ഹബ്ബാണു വേളാച്ചേരി. ഡിഎംകെ മുന്നണിയിൽ ഇവിടെ കോൺഗ്രസാണു മത്സരിക്കുന്നത്.

English Summary: Kamal Haasan to contest from Coimbatore South

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com