ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും

Mail This Article
തിരുവനന്തപുരം∙ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഒാണ്‍ലൈന്‍ ക്ലാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയ സര്‍ക്കാർ ചുമതലയേറ്റശേഷം ഇക്കാര്യത്തിൽ നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ഒാണ്‍ലൈന്‍ ക്ലാസുകൾക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കയ്യിൽ ലഭ്യമാണ്. കൂടുതൽ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ട്. പാഠപുസ്കങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പലതും വിതരണത്തിനായി ജില്ലാതല ഒാഫിസുകളിലേക്ക് എത്തിയിട്ടുണ്ട്. പ്ലസ് വണ്‍പരീക്ഷ ഇനിയും നടത്തിയിട്ടില്ല, പ്ലസ് 2 പ്രാക്ടിക്കലും പൂര്‍ത്തിയാകാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണല്‍ ഹയർ സെക്കൻഡറിയിലും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുക്കേണ്ടിവരും. ഇതിന് ശേഷമേ പ്ലസ്ടു ക്ലാസുകൾ ആരംഭിക്കാനാകൂ.
English Summary: Kerala Schools unlikely to open early in June