ഐഎൻഎസ് വിക്രാന്ത് ട്രയൽ റണ്ണിനായി കടലിലിറക്കി; ഇന്ത്യ നിർമിച്ച വലിയ കപ്പൽ

Mail This Article
കൊച്ചി ∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ കടൽ ട്രയലിനു തുടക്കം. കൊച്ചി കപ്പൽ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ രാവിലെ 11 മണിയോടെയാണ് അറബിക്കടലിലേയ്ക്ക് ഇറക്കിയത്. ആറു നോട്ടിക്കൽ മൈൽ ദൂരം കടലിൽ പരീക്ഷണം നടത്താനാണ് തീരുമാനം. തുറമുഖത്തുനിന്നു കപ്പൽ കടലിലേയ്ക്കു കൊണ്ടുപോയി.

ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം കമ്മിഷൻ ചെയ്യാനിരിക്കെയാണ് പരീക്ഷണങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂണിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കപ്പൽ പരിശോധിച്ചിരുന്നു. കപ്പലിന്റെ അവലോകനം തൃപ്തികരമായിരുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്. ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമായാണ് കപ്പലിനെ വിലയിരുത്തുന്നത്.

കപ്പൽ രൂപകൽപന മുതൽ നിർമാണത്തിന്റെ 75 ശതമാനവും ഇന്ത്യയാണ് നടത്തിയത്. രാജ്യത്തു നിർമിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പലെന്ന സവിശേഷതയും ഐഎൻഎസ് വിക്രാന്തിനു സ്വന്തം. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് രൂപകൽപന ചെയ്ത്.
ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ് വേഗവും 7,500 മൈൽ ദൂരം പോകാനുള്ള ശേഷിയും ഉണ്ട്. നവംബർ 20ന് ബേസിൻ ട്രയൽസിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു.
English Summary: INS Vikrant sea trials