കൊച്ചിയിലും നങ്കൂരമിട്ട് ആ കപ്പൽ, 5 ബാർ, ഡിജെ പാർട്ടി; ലഹരി ടിക്കറ്റിന് 80,000 രൂപ

Mail This Article
മുംബൈ ∙ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സമുദ്രം ചുറ്റുന്ന കൊർഡിലിയ ക്രൂസിന്റെ ആഡംബര കപ്പൽ എംവി എംപ്രസ് ഒരാഴ്ച മുന്‍പ് കൊച്ചിയിലും എത്തിയിരുന്നു. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ ആഡംബര കപ്പലിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ 3 യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിലായതോടെയാണ് കപ്പൽ വീണ്ടും വാർത്താകേന്ദ്രമായത്.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും കസ്റ്റഡിയിൽ എടുത്തവരുടെ കൂട്ടത്തിലുണ്ട്. പാർട്ടിയിൽ ആര്യനു ബന്ധമുണ്ടോയെന്നും ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നും എൻസിബി പരിശോധിച്ചു വരികയാണ്. ആര്യന്റെ ഫോണ്‍ പിടിച്ചടുത്തതായും ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കപ്പലിൽനിന്നു കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെയാണ് കോർഡില ക്രൂസ് എന്ന ആഡംബര കപ്പൽ ഉദ്ഘാടനം ചെയ്തത്. മുംബൈ തീരത്തിനു സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് പാര്‍ട്ടി സംഘടിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൂസ് കപ്പലിൽ എൻസിബി പരിശോധന. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. 80,000 രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍നിന്ന് ഈടാക്കിയിരുന്നത്. പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
1200 യാത്രികരുമാണ് കപ്പൽ കൊച്ചിയിലെത്തിയത്. 11 ഡെക്കുകളിലായി 796 ക്യാബിനുകളാണു കപ്പലിലുള്ളത്. സ്വിമ്മിങ് പൂൾ, 3 റസ്റ്ററന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പാ, തിയറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, 5 ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പൽ. മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ. 3 രാത്രിയും 4 പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്കുകൾ.
English Summary: Aryan Khan being questioned after drug bust