മസിനഗുഡിയെ വിറപ്പിച്ച നരഭോജി കടുവ പിടിയിൽ; കൊന്നുതിന്നത് നാലു പേരെ

Mail This Article
ഗൂഡല്ലൂർ∙ മസിനഗുഡിയെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍. നാലുപേരെ കൊന്നുതിന്ന നരഭോജിയെ പിടികൂടാന്‍ കേരള, തമിഴ്നാട്, കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ 21 ദിവസമായി രാപകല്‍ അധ്വാനത്തിലായിരുന്നു. നാലു മനുഷ്യരെയും 30ല്‍ അധികം കന്നുകാലികളെയും കടുവ കൊന്നു. ടി–23 എന്ന പേരിട്ട 13 വയസ്സുള്ള ആണ്‍കടുവ പിടിയിലായത്.
ഒരു വർഷം മുന്‍പ് ഗൗരി, ജൂലൈ 21ന് കുറുമലി ഗ്രാമത്തിലെ കുഞ്ഞികൃഷ്ണന്‍, സെപ്റ്റംബര്‍ 24നു ദേവര്‍ഷോലയിലെ ചന്ദ്രന്‍, ഈമാസം ആദ്യം മസിനഗുഡിയിലെ മങ്കള ബസവന എന്നിവരെയാണ് കടുവ കൊന്നത്. തുടര്‍ന്ന് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. എന്നാൽ മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും ദിവസം.
ഇന്നലെ രാത്രി പത്തുമണിയോടെ തൊപ്പക്കാട് റോഡില്‍വച്ചു മയക്കുവെടിവച്ചങ്കിലും കടുവ മുതുമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള ഉള്‍കാട്ടിലേക്കു കടന്നു. പിന്നീട് ഉച്ചയോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. കടുവയെ തിരയുന്നതിനായി ഡ്രോണ്‍ ക്യാമറകളും കുങ്കിയാനകളുമടക്കമുള്ള വമ്പന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്.
English Summary: Gudalur man-eater tiger held