കുനൂർ ഹെലികോപ്റ്റർ ദുരന്തം: മരിച്ചവരിൽ മലയാളി സൈനികനും

Mail This Article
ഊട്ടി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്ററിൽ അപകടത്തിൽ മരിച്ചത്.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.
കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
മൂന്നു ദിവസത്തോളം ഇവിടെ കനത്ത മഞ്ഞായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഹെലികോപ്റ്റർ താഴ്ന്നു പറന്ന് മരത്തിൽ ഇടിച്ച് പൊട്ടിത്തകർന്ന് തീപിടിച്ചു എന്നാണ് സമീപവാസികൾ പറയുന്നത്. ഹെലികോപ്റ്റർ നിലത്തുവീണ് തീ പിടിച്ചതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് നാട്ടുകാർ കുടത്തിലും ബക്കറ്റിലും വെള്ളം െകാണ്ട് വന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
English Summary: Malayali killed in helicopter crash in coonnor