മന്ത്രി എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി; മന്ത്രിസഭാ പുനഃസംഘടന ഉടൻ
Mail This Article
തിരുവനന്തപുരം∙ എക്‌സൈസ്, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ 2021ലെ തിരഞ്ഞെടുപ്പിൽ എം.വി.ഗോവിന്ദൻ 22,689 വോട്ടിനാണ് ജയിച്ചത്. സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി സിറ്റിങ് എംഎൽഎ ജയിംസ് മാത്യു ഒഴിഞ്ഞപ്പോൾ, 1996 ലും 2001 ലും തളിപ്പറമ്പ് എംഎൽഎയും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്.
മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു – എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ 1970 ലാണു പാർട്ടി മെംബറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു.
അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദൽരേഖാ കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ – 1996 ലും 2001 ലും – തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ അറിയിച്ചു. മന്ത്രിസഭയിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി.
എല്ലാ നിലയിലും മികവ് പ്രകടിപ്പിച്ചയാളാണ് എം.വി.ഗോവിന്ദനെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉചിതമായ തീരുമാനമേ പാർട്ടി എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്‌വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. പരിയാരം ഇരിങ്ങൽ സ്കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്. എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്‌ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. മൊറാഴയിലെ കെ. കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടിൽ മാധവിയുടേയും ആറു മക്കളിൽ രണ്ടാമൻ. തളിപ്പറമ്പ് നഗരസഭാ ചെയർപഴ്‌സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കൾ.
English Summary: MV Govindan is New CPM state secretary