‘കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ സംസാരിക്കണം’: സുധാകരനെതിരെ എം.കെ.മുനീർ
![mk-muneer mk-muneer](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/22/mk-muneer.jpg?w=1120&h=583)
Mail This Article
കോഴിക്കോട്∙ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീർ. ഫാഷിസ്റ്റുകളുമായി ബന്ധപ്പെട്ട അഭിപ്രായം പറയുമ്പോൾ കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘‘ചരിത്രം പറയുമ്പോൾ ഏതെങ്കിലും ഒരുഭാഗം മാത്രം ഉയർത്തിക്കാട്ടരുത്. നവംബര്‍ 16ന് പാണക്കാട്ട് മുസ്‌ലിം ലീഗിന്റെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സുധാകരന്റെ പ്രസ്താവന അടക്കം ചർച്ച ചെയ്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അന്തിമ നിലപാട് പ്രഖ്യാപിക്കും’’– മുനീർ പറഞ്ഞു.
ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യവെയാണ് കെ.സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു നെഹ്റുവിന്റെതെന്നും ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ നെഹ്റു മനസു കാണിച്ചെന്നുമായിരുന്നു പ്രസ്താവന.
English Summary: MK Muneer on K Sudhakaran's Controversial Remark