‘ഏറ്റവും ഇളയയാളെ പുറത്തെടുത്ത് മൂത്തയാൾ; നാലു ദിവസം വിമാന അവശിഷ്ടങ്ങൾക്ക് സമീപം ചെലവഴിച്ചു’

Mail This Article
ബോഗട്ട (കൊളംബിയ)∙ വിമാനാപകടത്തെ തുടർന്ന് ആമസോൺ വനത്തില്‍ അകപ്പെട്ട നാലു കുട്ടികളിൽ മൂത്ത പെൺകുട്ടിയാണ് ഏറ്റവും ഇളയ കുട്ടിയെ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതെന്ന് കുട്ടികളുടെ മുത്തച്ഛൻ വെളിപ്പെടുത്തി. മൂത്ത സഹോദരി ലെസ്‌ലിയാണ് ഏറ്റവും ഇളയ കുട്ടി ക്രിസ്റ്റ്യനെ വിമാനത്തിൽ നിന്ന് വലിച്ചു പുറത്തെടുത്തതെന്ന് പ്രതിരോധ മന്ത്രാലയം പോസ്റ്റ് ചെയ്ത വിഡിയോയിൽ മുത്തച്ഛൻ നർസിസോ മ്യുകതൂയ് പറഞ്ഞു.
‘‘ഏറ്റവും ഇളയ കുട്ടിയുടെ പാദങ്ങൾ കണ്ട് പുറത്തെടുക്കുകയായിരുന്നു’’– കുട്ടികൾ ചികിത്സയിൽ കഴിയുന്ന ബോഗട്ട സൈനിക ആശുപത്രിയിൽ വച്ച് നർസിസോ പറഞ്ഞു. ‘‘കുട്ടികൾ നാലു ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ചെലവഴിച്ചു. അവിടെ നിന്ന് മാറുന്നതിനു മുൻപ് വിമാനയാത്രയിൽ കരുതിയിരുന്ന ആഹാരം കഴിച്ചു. അവരെ രക്ഷപ്പെടുത്തുമ്പോഴേക്കും ലെസ്‌ലി തളർന്നിരുന്നു. മഴയിൽ നിന്ന് രക്ഷനേടാൻ കുട്ടികൾ വലിയ ഇലകളും കൊമ്പുകളും ഉപയോഗിച്ചു. ദൗത്യസംഘത്തിനൊപ്പം കാട്ടിലെത്തിയ വിൽസൺ എന്ന നായയ്ക്കൊപ്പവും അവർ സമയം ചെലവഴിച്ചു’’– അദ്ദേഹം പറഞ്ഞു. കാണാതായ നായയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മേയ് ഒന്നിനുണ്ടായ അപകടത്തിൽ പരുക്കേറ്റ് ആമസോൺ വനത്തിലകപ്പെട്ട മഗ്ദലീന 4 ദിവസംകൂടി ജീവിച്ചിരുന്നതായും ലെസ്‌ലി വെളിപ്പെടുത്തിയിരുന്നു. ഒന്നും നാലും ഒൻപതും പതിമൂന്നും വയസ്സുള്ള കുട്ടികളെ അപകടമുണ്ടായി 40 ദിവസത്തിനുശേഷമാണ് രക്ഷപ്പെടുത്തിയത്. കുട്ടികൾ സുഖം പ്രാപിക്കുന്നുണ്ടെന്നും ചില കുടുംബാംഗങ്ങളെ കാണാനും വരയ്ക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ടെന്നും ശിശുക്ഷേമ ഏജൻസി അറിയിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശിശുക്ഷേമ ഏജൻസിയിലെ ഉദ്യോഗസ്ഥൻ അഡ്രിയാന വെലാസ്‌ക്വസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
English Summary: Eldest Of Rescued Colombian Children Pulled Sister From Plane Wreckage