കോൺഗ്രസ് ഞങ്ങളിൽനിന്ന് അകന്നത് നന്നായി: രൂക്ഷ വിമർശനവുമായി അഖിലേഷ് മധ്യപ്രദേശിൽ
Mail This Article
നിവാരി∙ കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസും ബിജെപിയും മധ്യപ്രദേശിൽ സർക്കാർ രൂപീകരിച്ചെങ്കിലും പാവങ്ങൾക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ നിവാരി ജില്ലയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഞാൻ കോൺഗ്രസിനെയും ബിജെപിയെയും കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. കാരണം രണ്ടു പാർട്ടികളും മധ്യപ്രദേശിൽ സർക്കാർ രൂപീകരിച്ചെങ്കിലും പാവപ്പെട്ടവര്‍ക്കും കർഷകർക്കുമായി ഒന്നും ചെയ്തില്ല. ഇന്നും ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെയുണ്ട്’– അദ്ദേഹം പറഞ്ഞു. അന്തരീക്ഷം ബിജെപിക്കും കോൺഗ്രസിനും എതിരാണെന്നും ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘നിവാരിയിൽ നേരത്തെ എസ്പി ജയിച്ചു. ഇത്തവണയും ജയിക്കും. ഇവിടത്തെ അന്തരീക്ഷം ബിജെപിക്കും കോൺഗ്രസിനും എതിരാണ്. ഇവിടത്തെ ജനം ഇരു പാർട്ടികളിലും നിരാശരാണ്. ജനം എസ്പി സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും. ഇരട്ട എൻജിൻ സർക്കാരിന് തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവർ ജനങ്ങളിൽ നിന്ന് വോട്ടു നേടുക?’– അഖിലേഷ് ചോദിച്ചു.
പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയായ സമാജ്‌വാദി പാർട്ടി മധ്യപ്രദേശിലെ സീറ്റുവിഭജത്തെച്ചൊല്ലി കോൺഗ്രസുമായി സംഘർഷത്തിലാണ്. ‘‘കോൺഗ്രസ് ഞങ്ങളിൽ നിന്ന് നേരത്തെ അകന്നുപോയത് നന്നായി. അല്ലാത്തപക്ഷം ഞങ്ങളുടെ പല സുഹൃത്തുക്കൾക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയുമായിരുന്നില്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ 72 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.