ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. 2005 മുതല്‍ പഞ്ചാബിലും യുപിയിലും ജയിലിലായിരുന്ന അന്‍സാരിക്ക് ജയിലിനുള്ളില്‍വച്ച് വിഷം കൊടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷമുള്ള വസ്തു ജയിലിനുള്ളില്‍ വച്ച് തനിക്കു നല്‍കിയതായി അന്‍സാരി പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു. രണ്ടു തവണ ഇതു സംഭവിച്ചിരുന്നു. 40 ദിവസം മുന്‍പും വിഷം നല്‍കി. പിന്നീട് മാര്‍ച്ച് 19-നും വിഷം അടങ്ങിയ വസ്തുക്കള്‍ നല്‍കി. ഇതോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ വഷളായത് - അഫ്‌സല്‍ പറഞ്ഞു. 

അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ബാന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. പിതാവിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് അന്‍സാരിയുടെ മകന്‍ ഉമറും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കും. മാര്‍ച്ച് 19-ന് അത്താഴത്തിലാണു വിഷം കലര്‍ത്തി നല്‍കിയത്. കോടതിയെ സമീപിക്കും. നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. - ഉമര്‍ വ്യക്തമാക്കി. 

ബാന്ദ ജയിലില്‍ മുക്താര്‍ അന്‍സാരിയുടെ ജീവനു ഭീഷണിയുണ്ടെന്നും വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെന്നും ഈ മാസം ആദ്യം അന്‍സാരിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അന്‍സാരിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. അന്‍സാരിയുടെ മരണത്തിനു പിന്നാലെ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി. ബാന്ദ, മൗ, ഗാസിപുര്‍, വാരണാസി തുടജ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 

കഴിഞ്ഞ ദിവസം രാത്രിയാണ് ഛര്‍ദിയെത്തുടര്‍ന്ന് അന്‍സാരിയെ ബാന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അല്‍പ്പസമയത്തിനകം മരിച്ചെന്നും ഹൃദയാഘാതമാണു കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്‍സാരി ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. മൗ സദാര്‍ സീറ്റില്‍നിന്ന് 5 തവണ എംഎല്‍എയായിരുന്ന അന്‍സാരി, കൊലപാതകം അടക്കം അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. എണ്‍പതുകളില്‍ ഗുണ്ടാ പ്രവര്‍ത്തനം ആരംഭിച്ച അന്‍സാരി തൊണ്ണൂറുകളില്‍ സ്വന്തം സംഘം രൂപീകരിച്ചു. 1978ലാണ് ആദ്യമായി അൻസാരിക്ക് എതിരെ കേസ് എടുക്കുന്നത്. 1986ല്‍ കൊലക്കേസില്‍ പ്രതിയായി. എന്നാല്‍ 2022ല്‍ മാത്രമാണ് ആദ്യമായി ഒരു കേസില്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടത്.

English Summary:

Family allege that Mukhtar Ansari was given poison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com