സൽമാന്റെ വീടിനു നേരേ വെടിവയ്പ്:പ്രതികളെ കുടുക്കിയത് വാടക വീടിന് നൽകിയ തിരിച്ചറിയൽ രേഖകൾ

Mail This Article
മുംബൈ∙ നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിവയ്പ് നടത്തിയ കേസിലെ പ്രതികൾ വീട് വാടകയ്ക്ക് എടുക്കാൻ യഥാർഥ തിരിച്ചറിയൽ രേഖകൾ നൽകിയത് അന്വേഷണ സംഘത്തിന് സഹായകമായെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. പൻവേലിൽ വീട് വാടകയ്ക്ക് എടുത്തപ്പോൾ പ്രതികൾ ആധാർ കാർഡ് നൽകിയിരുന്നു. ഇതുവച്ചുള്ള അന്വേഷണമാണ് പെട്ടെന്നുള്ള അസ്റ്റിലേക്ക് എത്തിയത്. മൂന്നാമതൊരാളുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് സംഘം വാടകയ്ക്കെടുത്തതാണ് പ്രതികളായ വിക്കിയെയും സാഗർ പാലിനെയുമെന്ന് പൊലീസ് പറഞ്ഞു. പൻവേലിലെ സൽമാന്റെ ഫാം ഹൗസിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് വീട് വാടകയ്ക്ക് എടുത്തത്. 10,000 രൂപ ഡെപ്പോസിറ്റായും 3500 രൂപ വാടകയായും നൽകി. ഫെബ്രുവരി 28നാണ് പ്രതികൾ മുംബൈയിൽ എത്തിയത്. പിന്നീട് 15 ദിവസങ്ങൾക്ക് ശേഷം ഹോളി ആഘോഷിക്കാൻ നാട്ടിൽ പോയി. തിരിച്ച് വന്നതിന് ശേഷം 24,000 രൂപ നൽകി ബൈക്ക് വാങ്ങി. ഇതിന് പിന്നാലെ മറ്റൊരാൾ വഴി തോക്കും എത്തിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുംബൈ പൊലീസും ഗുജറാത്ത് പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഗുജറാത്തിൽ നിന്നു പ്രതികളെ പിടി കൂടിയത്.
ഞായറാഴ്ച പുലർച്ചെ അഞ്ചിന് സൽമാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഇവർ ബൈക്കിലെത്തി വെടിവയ്ക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച ശേഷമാണ് ഗുജറാത്തിലേക്ക് മുങ്ങിയത്. ഇൗ മാസം 25 വരെ പൊലീസ് കസ്റ്റിഡിയിലുള്ള പ്രതികളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.