രാവിലെയുള്ള വിമാനത്തിൽ പോയില്ല, സിനിമ പോലെ ട്വിസ്റ്റ്; മന്ത്രിയാകാൻ സുരേഷ് ഗോപി
Mail This Article
തിരുവനന്തപുരം ∙ സിനിമയിലെപോലെ അടിമുടി ട്വിസ്റ്റായിരുന്നു സുരേഷ് ഗോപിയുടെ യാത്രയ്ക്ക്. കേന്ദ്രസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സുരേഷ് ഗോപി ഡൽഹിയിലേക്കു പോകുമോയെന്ന കാര്യത്തിൽ രാവിലെ മുതൽ അനിശ്ചിതത്വം. പുലർച്ചെയുള്ള വിമാനത്തിൽ ഡൽഹിയിലേക്കു പോകാത്തത് അഭ്യൂഹങ്ങൾക്കിടയാക്കി. ഒടുവിൽ പത്തരയോടെ നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്കായി നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്ക് പുറപ്പെട്ടതോടെ ആശങ്കയൊഴിഞ്ഞു.
സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീടിനു മുന്നിൽ രാവിലെ മുതൽ ദേശീയ മാധ്യമങ്ങളടക്കം തടിച്ചുകൂടി. വീട്ടിൽനിന്ന് ആരും പുറത്തു വരികയോ മാധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്തില്ല. വീടിന്റെ വാതിൽ അടഞ്ഞു കിടന്നു. ഫോണിലും സുരേഷ് ഗോപിയുടെ പ്രതികരണം ലഭിച്ചില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ നടക്കുന്നതിനിടെ സുരേഷ് ഗോപി വീട്ടിൽ തുടർന്നു. രാവിലെ 6.10ന് ഡൽഹിക്ക് വിമാനമുണ്ടായിരുന്നെങ്കിലും പോയില്ല. പിന്നീട് 8.30 മുതൽ ഡൽഹിയിലേക്ക് കണക്ടിങ് ഫ്ലൈറ്റുകൾ ഉണ്ടായിരുന്നെങ്കിലും യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു.
സിനിമാ തിരക്കുകൾ താരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കുമെന്നും കേരളത്തിൽനിന്ന് മറ്റാരെയെങ്കിലും കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പ്രചാരണമുണ്ടായി. എന്നാൽ പത്തരയോടെ സത്യപ്രതിജ്ഞയ്ക്കു ക്ഷണമെത്തി. 11 മണിയോടെ വീടിന്റെ വാതിൽ തുറന്ന് ജീവനക്കാർ പുറത്തുവന്നു. പിന്നാലെ സുരേഷ് ഗോപിയും ഭാര്യ രാധികയും രാധികയുടെ അമ്മയും പുറത്തേക്ക്. മാധ്യമങ്ങൾ വീട്ടുവളപ്പിലേക്കു കയറി. മോദിയും അമിത്ഷായും പറയുന്നത് അനുസരിക്കുമെന്നും എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി നിർദേശിച്ചതായും സുരേഷ് ഗോപി മാധ്യമങ്ങളെ അറിയിച്ചു. 12.30നുള്ള വിമാനത്തിൽ സുരേഷ്ഗോപിയും കുടുംബവും ഡൽഹിയിലേക്ക് പോയി.