ഷൈനിക്ക് പരുക്കേറ്റതിന്റെ ലക്ഷണമില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംസ്കരിച്ചു
Mail This Article
പീരുമേട് ∙ഏലപ്പാറയിലെ യുവതിയുടെ മരണത്തിൽ പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകളേറ്റതിന്റെ ലക്ഷണമില്ലെന്ന് സൂചന. ഏലപ്പാറ ലക്ഷംവീട് കോളനിയിൽ ഷൈനി(38)യുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ സംസ്കാരത്തിന് എത്തിച്ച മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച രാത്രി വൈകിയാണ് ബോണമിൽ പൊതുശ്മശാനത്തിൽ ഷൈനിയുടെ മൃതദേഹം സംസ്കരിച്ചത്.
ഏലപ്പാറ ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മരിച്ച ഷൈനി. അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ഷൈനിയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജൂലൈ 10നു മരണം സംഭവിച്ചു. വിദേശത്തു ജോലി ചെയ്യുന്ന ഷൈനിയുടെ സഹോദരൻ നാട്ടിലെത്തുന്നതിനായാണ് സംസ്കാരച്ചടങ്ങുകൾ മാറ്റിവച്ചത്.
എന്നാൽ മൃതദേഹം വീട്ടിൽ എത്തിച്ച സമയത്ത്, ഷൈനിയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തുടർന്ന് പരാതി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. ഇതോടെയാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തിയാൽ മതിയെന്നു തീരുമാനിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച പീരുമേട് പൊലീസ്, സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ച വൈകിയേക്കും.