ജാതി അധിക്ഷേപം: സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് റദ്ദാക്കി

Mail This Article
കൊച്ചി ∙ ജാതി പരാമർശിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏച്ചിക്കാനം നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി.
2018ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ ദലിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ ഏച്ചിക്കാനത്തിന് കാസർകോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരത്തിലുള്ള കേസുകളിൽ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പുണ്ടായാൽ ഹൈക്കോടതിക്ക് കേസ് നടപടികൾ അവസാനിപ്പിക്കാമെന്ന സുപ്രീംകോടതി വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടി. പ്രശ്നം ഒത്തുതീർപ്പായെന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ വാദത്തെ പിന്തുണച്ച്, പരാതിക്കാരനായിരുന്ന ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണനും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
സാഹിത്യോത്സവത്തിൽ ബിരിയാണി എന്ന കഥയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ, കേരളത്തിലെ പൊതുസമൂഹം പുലർത്തുന്ന ദലിത് വിരുദ്ധതയെക്കുറിച്ച് വിശകലനം ചെയ്യുന്ന ‘പന്തിഭോജനം’ എന്ന കഥയെക്കുറിച്ചും ഏച്ചിക്കാനം പരമാർശിച്ചിരുന്നു. കഥയിൽ പറയുന്നതു പോെല വലിയ നിലയിൽ എത്തിയാൽ ചില ദലിതർ സവർണ മനോഭാവം പുലർത്തുന്ന മട്ടിൽ പെരുമാറുന്നുവെന്നും അത്തരമൊരാൾ നാട്ടിലുണ്ടെന്നുമുള്ള വിധത്തിലായിരുന്നു പരാമർശം. ഇതു തന്റെ ജാതിയായ മാവിലൻ സമുദായത്തെ അധിക്ഷേപിക്കലാണെന്നു കാണിച്ചാണു ബാലകൃഷ്ണൻ പരാതി നൽകിയത്.