വെർച്വൽ ക്യൂ പരിധി കൂട്ടില്ല, സ്പോട് ബുക്കിങ് കിട്ടുമോ എന്നു സംശയം; ഭക്തരുടെ തിരക്കില്ലാതെ ശബരിമല
Mail This Article
ശബരിമല ∙ വെർച്വൽ ക്യൂ പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ വെർച്വൽ ക്യൂ പരിധി 80,000 ആയി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. സ്പെഷൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചു. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തെങ്കിലും ഹൈക്കോടതിയുടെ നിർദേശം വരുമോ എന്നു നോക്കാമെന്നാണു ബോർഡിലെ ധാരണ. 24നു സന്നിധാനത്ത് പത്രസമ്മേളനം നടത്തി ബോർഡിന്റെ നിലപാട് വിശദീകരിക്കാനും തീരുമാനിച്ചു.
ഏറ്റവും കുറവ് തീർഥാടകർ ദർശനത്തിന് എത്തിയ ദിവസമായിരുന്നു ബുധനാഴ്ച. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 51,223 പേരാണ് ദർശനം നടത്തിയത്. ഇതിൽ 2350 പേരാണ് സ്പോട് ബുക്കിങ് വഴി എത്തിയത്. സ്പോട് ബുക്കിന് വഴി എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. കരിമല, പുല്ലുമേട് കാനന പാതകളിലൂടെ എത്തുന്ന തീർഥാടകരിലും കുറവുണ്ട്. അഴുതക്കടവ്, കരിമല വഴി 2632 പേരും സത്രം, പുല്ലുമേട് വഴി 1172 പേരുമാണ് ഇതുവരെ ദർശനത്തിനു കാൽനടയായി എത്തിയത്. അഴുതക്കടവ് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെയും സത്രം വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.
വെർച്വൽ ക്യൂ ബുക്കു ചെയ്യാൻ നോക്കുമ്പോൾ ഈ മാസത്തെ ബുക്കിങ് പൂർത്തിയായി എന്നാണു കാണിക്കുന്നത്. ഈ ദിവസങ്ങളിൽ വരാൻ ഉദ്ദേശിക്കുന്ന ദൂര സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർക്ക് തത്സമയ ബുക്കിങ് വഴി ദർശനത്തിന് അവസരം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ഇതാണ് തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാൻ കാരണം. ഇത്തവണ പമ്പ, എരുമേലി, സത്രം എന്നിവിടങ്ങളിൽ മാത്രമാണ് തത്സമയ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് അനുവദിച്ചത്. നിലയ്ക്കൽ പോലും ഇതിനുള്ള ക്രമീകരണം ചെയ്തിട്ടില്ല. ഇതുകാരണം എല്ലാവരും പമ്പയിൽ എത്തിയാണ് തത്സമയ ബുക്കിങ് നോക്കുന്നത്. മുൻവർഷങ്ങളിൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ എന്നീ ക്ഷേത്രങ്ങളിലും സ്പോട് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം തീർഥാടനത്തിന്റെ ആദ്യനാളുകളിൽ പ്രതിദിനം വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം ഒരു ലക്ഷമായിരുന്നു. തിരക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് പിന്നീട് ആദ്യം 90,000 ആയി കുറച്ചു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും 80,000 ആയി കുറച്ചു. അപ്പോഴും സ്പോട് ബുക്കിങ് അനുവദിച്ചു. എന്നാൽ സ്പോട് ബുക്കിങ് വേണ്ടെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ദേവസ്വം ബോർഡ് വെർച്വൽ ക്യൂ 70,000 ആയി കുറയ്ക്കുകയായിരുന്നു.