സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ; പ്രശ്ന പരിഹാരത്തിന് ഇടപെട്ട് സമസ്ത
Mail This Article
മലപ്പുറം ∙ സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിക്കുന്നതിനിടെ പ്രശ്ന പരിഹാരത്തിനു സമസ്തയുടെ ഇടപെടൽ. ഈ മാസം ചേരാനിരിക്കുന്ന മുശാവറ യോഗത്തിനു മുൻപായി കീഴ്ഘടക പ്രതിനിധികളെ വിളിച്ചു ചർച്ച നടത്തും. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ സമസ്ത ആദർശ സംരക്ഷണ സമിതി എന്ന പേരിൽ ഒരു വിഭാഗം നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റി.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ സുന്നി മഹലിൽ രാവിലെ 11ന് അബ്ദുസ്സമദ് പൂക്കോട്ടൂർ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് മുതിർന്ന നേതാക്കൾ ഇടപെട്ടത്. ഇതോടെ പ്രശ്ന പരിഹാരത്തിനായി വാർത്താസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.
സിഐസി പ്രശ്നങ്ങൾ മുതൽ സമസ്തയിലെ ഒരു വിഭാഗം തുടർച്ചയായി മുസ്‌ലിം ലീഗിനെയും പാണക്കാട് തങ്ങൾ കുടുംബത്തിനെതിരെയും തിരിഞ്ഞതിനിടെയാണ് പ്രതിരോധിക്കാനെന്ന നിലയിൽ സമസ്ത ആദർശ സംരക്ഷണ സമിതി എന്ന പേരിൽ മറുവിഭാഗവും സംഘടിച്ചത്. ഇതോടെ സംഘടനയ്ക്കകത്തുതന്നെ പരസ്യമായ ഏറ്റുമുട്ടലിലേക്കു കാര്യങ്ങൾ നീങ്ങുന്നുവെന്ന സ്ഥിതിയായി. ഇതോടെയാണ് ഇരുപക്ഷത്തിന്റെയും വിഷയങ്ങൾ ചർച്ച ചെയ്യാൻ സമസ്ത തന്നെ കീഴ്ഘടകങ്ങളുടെ യോഗം വിളിക്കുന്നത്.