ഡൽഹി മാർച്ചിനായി ഹരിയാനയിലേക്ക് കടക്കാൻ കർഷകർ: ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ, 9 കർഷകർക്കു പരുക്ക്
Mail This Article
ന്യൂഡൽഹി∙ വിളകൾക്കു താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യവുമായി ഡൽഹിയിലേക്ക് മാർച്ച് നടത്താനായി പഞ്ചാബിലെ കർഷകർ ഹരിയാനയിലേക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞത് സംഘർഷത്തിനിടയാക്കി. കർഷകരെ തടയുന്നതിനായി പൊലീസ് കൂടുതൽ ബാരിക്കേഡുകൾ വച്ചു. പ്രതിഷേധം അക്രമത്തിലേക്കു കടന്നതിനു പിന്നാലെ കർഷകർ സ്ഥലത്തുനിന്നു താൽക്കാലികമായി പിൻവാങ്ങി. ഒൻപതു കർഷകർക്കു പരുക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നും കർഷകർ പറഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ കര്‍ഷകര്‍ നാളെ യോഗം ചേരും.
കർഷകരെ സ്ഥലത്തുനിന്ന് അകറ്റുന്നതിനായി കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്. ഇതു മറികടന്ന് കർഷകർ ബാരിക്കേഡുകൾക്ക് അടുത്തെത്തുമ്പോൾ പെപ്പർ സ്പ്രേയും ഉപയോഗിക്കുന്നുണ്ട്. ബാരിക്കേഡുകൾക്കടുത്തുനിന്നു പിന്മാറാൻ പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു.
പൊലീസിന്റെ നടപടികളെ നേരിടാനൊരുങ്ങിയാണ് കർഷകർ എത്തിയിരിക്കുന്നത്. കണ്ണീർ വാതകത്തിന്റെ പ്രഭാവം കുറക്കാൻ മുഖം മൂടിയാണ് നടപ്പ്. സംരക്ഷ കണ്ണടകളും ധരിച്ചിരിട്ടുണ്ട്. നനഞ്ഞ ജൂട്ട് ബാഗുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. 101 കർഷകരാണ് ശംഭു അതിർത്തിയിൽനിന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.