സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, റേഷൻ കിറ്റ്; ഡൽഹിയിൽ കോൺഗ്രസിന്റെ വമ്പൻ പ്രഖ്യാപനങ്ങൾ ഇന്നു മുതൽ
Mail This Article
ന്യൂഡൽഹി∙ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ എഎപിയെയും ബിജെപിയെയും മറികടക്കാൻ വമ്പൻ തന്ത്രങ്ങളുമായി ഡൽഹി കോൺഗ്രസ്. ഇന്നു മുതൽ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും അണിനിരത്തി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇന്ന് ഡൽഹിയിൽ പ്രധാന പ്രഖ്യാപനങ്ങൾ നടത്തും.
കർണാടകയിലും തെലങ്കാനയിലും വിജയം കണ്ട രീതിയിൽ, ഘട്ടം ഘട്ടമായി വാഗ്ദാനങ്ങൾ അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓരോ ദിവസങ്ങളിലായി വാഗ്ദാനങ്ങൾ അവതരിപ്പിക്കുമെന്നും കോൺഗ്രസ് സൂചിപ്പിച്ചു.
സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വാഗ്ദാനങ്ങളുണ്ടാകും. വിലക്കയറ്റം ചെറുക്കാൻ റേഷൻ കിറ്റ് ഉൾപ്പെടെ നൽകും. എഎപി നൽകുന്ന 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി ഇരട്ടിയാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തൊഴിലില്ലാത്ത യുവാക്കൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന പദ്ധതിയും ആലോചനയിലുണ്ട്. ഇതിനു പുറമേ, അപ്രന്റിസ് പരിശീലന പരിപാടി, നൈപുണ്യ വികസനം തുടങ്ങിയവയും പ്രഖ്യാപിക്കും. 20–25 ലക്ഷം രൂപയുടെ സമ്പൂർണ ഇൻഷുറൻസ് കവറേജാണ് ആലോചനയിലുള്ള മറ്റൊരു പദ്ധതി.