ഏഴായിരത്തോളം നിർദേശങ്ങൾ; പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും

Mail This Article
ന്യൂഡൽഹി∙ പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 1961ലെ ആദായനികുതി നിയമം പരിഷ്കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്.
ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധമായിരിക്കും പുതിയ നിയമം എന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിലെ പകുതിയോളം ആശയം നിലനിർത്തിക്കൊണ്ടു തന്നെ രൂപഘടനയിൽ കാര്യമായ മാറ്റകൊണ്ടുവരാതെയും ലളിതവൽകരിച്ച പുതിയ നിയമമാണ് അവതരിപ്പിക്കുക. നിലവിലെ ടാക്സ് സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല.