‘എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ’: പ്രചാരണത്തിന് എഐ ഉപയോഗിച്ച് സിപിഎം– വിഡിയോ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എഐ വിഡിയോ പുറത്തിറക്കി സിപിഎം. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഭരണത്തുടർച്ചയെപ്പറ്റി സംസാരിക്കുന്ന വിഡിയോ ആണ് തയാറാക്കിയത്. എഐക്കെതിരായ നിലപാട് പാർട്ടി കോൺഗ്രസിന്റെ കരട് നയത്തിൽ സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. എഐ സോഷ്യലിസം കൊണ്ടുവരുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിന്നീട് എഐയെ തള്ളിപ്പറഞ്ഞതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് പ്രചാരണ വിഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.
‘‘സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവർ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വിഎസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തതാരാ? കോൺഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മൾ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങൾ എല്ലാം നമ്മോടൊപ്പം നിൽക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ. ലാൽസലാം സഖാക്കളെ’’ – എന്നാണ് എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോയിൽ ഇ.കെ. നായനാർ പറയുന്നത്.