ADVERTISEMENT

കൊച്ചി ∙ കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം. ജേഴ്സൺ പണം വാങ്ങുന്നത് മോട്ടർ വാഹന വകുപ്പിൽ മിക്കവർക്കും അറിവുള്ള കാര്യം. കൈക്കൂലി വഴി വർഷങ്ങൾക്കൊണ്ട് ജേഴ്സൺ കോടികളാണ് സമ്പാദിച്ചതെന്നും പലതും ബെനാമിയായും മറ്റും മാറ്റിയിട്ടുണ്ടെന്നും അറിയാവുന്നവരുണ്ട്. മോട്ടർ വാഹന വകുപ്പിലെ നടപ്പുരീതി എന്ന നിലയിൽ ഇത് അവഗണിക്കപ്പെടുകയായിരുന്നു. എന്നാൽ കുറെക്കാലമായി ഏതു കാര്യത്തിനും ജേഴ്സൺ കൈക്കൂലി ആവശ്യപ്പെട്ടു തുടങ്ങിയത് ബസുടമകളായ ചിലരെ വെറുപ്പിച്ചെന്നും അവർ ഒരു ‘മറുപണി’ കൊടുത്തതാണ് നിലവിലെ സംഭവവികാസങ്ങളെന്നും സൂചനയുണ്ട്.

മുൻപു പലപ്പോഴായി ജേഴ്സണ് ലക്ഷങ്ങൾ നൽകിയിരുന്നവർ തന്നെ ഒടുവിൽ വിവരം വിജിലൻസിനെ അറിയിച്ചു തുടങ്ങി. അഴിമതിയെക്കുറിച്ച് വിജിലൻസിനും വിവരമുണ്ടായിരുന്നെങ്കിലും തെളിവുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ബസ് പെർമിറ്റിന്റെ രൂപത്തിൽ ജേഴ്സണെ തേടിയെത്തിയത്. ബസിന്റെ പെർമിറ്റ് അനുവദിക്കുന്നതിനും മറ്റും 25,000 – 30,000 രൂപ വരെയാണ് കൈക്കൂലി ഇനത്തിൽ മറിയുന്നത്. മോട്ടർ വാഹന വകുപ്പിലെ പല അനുമതികൾക്കും ജേഴ്സൺ കൈക്കൂലി ഈടാക്കി തുടങ്ങിയിരുന്നെന്നാണ് ചില സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.

വിജിലൻസ് റെയ്‌ഡിൽ ആർടിഒയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ വൻശേഖരം (Photo Special Arrangement)
വിജിലൻസ് റെയ്‌ഡിൽ ആർടിഒയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ വൻശേഖരം (Photo Special Arrangement)

കടുത്ത ദൈവവിശ്വാസിയും നന്നായി പെരുമാറുന്ന ആളുമാണ് ജേഴ്സൺ. കൈക്കൂലിക്കാരൻ എന്ന ചീത്തപ്പേര് ഉള്ളപ്പോഴും നല്ല പെരുമാറ്റവും മറ്റും കൊണ്ട് അധികം ‘തട്ടുകേടു’ കൂടാതെ മുന്നോട്ടു പോകാൻ ജേഴ്സണായി എന്നും ചില സഹപ്രവർത്തകർ പറയുന്നു. ലൈസൻസ് പുതുക്കൽ പോലുള്ള ചെറിയ കാര്യങ്ങൾക്ക് ചെറിയ കൈക്കൂലി ആയിരുന്നു ഏജന്റുമാർ വഴി ചുമത്തിയിരുന്നത് എങ്കില്‍ പണം കായ്ക്കുന്ന മരം ബസുടമകളായിരുന്നു. ഏതു സേവനത്തിനും കൈക്കൂലി എന്നതായി നടപ്പുരീതി.

ഓരോ സേവനങ്ങൾക്കും അപേക്ഷിക്കുന്നത് അങ്ങേയറ്റം സങ്കീർണമാകുന്നതുകൊണ്ടാണ് പലപ്പോഴും ആളുകൾക്ക് ഏജന്റുമാരെ ആശ്രയിക്കേണ്ടി വരുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പല അപേക്ഷാ ഫോമുകളും വായിച്ചാൽ പോലും മനസിലാകാത്ത അവസ്ഥയിലാണ് ജനങ്ങൾ ഏജന്റുമാരെ ആശ്രയിക്കുന്നത്. ജേഴ്സൺ അടക്കമുള്ള ഒരുവിഭാഗം ആർടി ഉദ്യോഗസ്ഥർ ഈ സാഹചര്യം നന്നായി മുതലെടുക്കുകയും ചെയ്തു.

ബസ് പെർമിറ്റിന്റെ പേരിൽ വലിയ മാഫിയ പോലെയാണ് ആര്‍ടി ഓഫിസ് പ്രവർത്തിച്ചിരുന്നതെന്ന് പറയുന്നത് ബസ് ഉടമകൾ തന്നെയാണ്. പുതിയ പെർമിറ്റ്, സമയക്രമം എന്നിവയൊക്കെ നിശ്ചയിക്കുന്നത് ഈ മാഫിയ ആണ്, അതിനുള്ള വിഹിതം കൃത്യമായി കൊടുക്കുകയും വേണം. വലിയ റൂട്ടുകളില്‍ ബസിനു പെർമിറ്റ് ലഭിക്കുന്നതിനു ‘വലിയ വില’ തന്നെ കൊടുക്കേണ്ടി വരും. ഒട്ടുമിക്ക ബസ് മുതലാളിമാരും അപേക്ഷ സമർപ്പിക്കുന്നത് ഏജന്റുമാർ മുഖേനെയാണ്. അപേക്ഷ കൊടുക്കുന്നതു മുതൽ സമയക്രമം ലഭിക്കുന്നതു വരെയുള്ള കാര്യങ്ങൾ അവർ നടത്തിക്കൊടുക്കും.

ജേഴ്‌സൺ (Photo: Special Arrangement)
ജേഴ്‌സൺ (Photo: Special Arrangement)

ഭീമമായ ഒരു തുക ആർടി ഉദ്യോഗസ്ഥർക്കും അതിന്റെ ഒരു വിഹിതം ഏജന്റിനും കൈക്കൂലിയായി കൊടുക്കണമെന്നു മാത്രം. ഇതിൽ ബസുകളുടെ സമയക്രമം തീരുമാനിക്കുന്ന ‘ടൈമിങ് കോൺഫറൻസ്’ എന്നാൽ യുദ്ധസമാനമായ അവസ്ഥയാണെന്നാണ് മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. ഏജന്റുമാരുടെ നിയന്ത്രണത്തിലാണ് ഇത്. പോക്കറ്റുകൾ നിറയുന്നത് ഉദ്യോഗസ്ഥരുടേയും. ഇത്തരത്തിൽ ജേഴ്സണും വലിയ തോതിൽ പണം സമ്പാദിച്ചു എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. 4 അക്കൗണ്ടുകളും 4 ലോക്കറുകളും ജേഴ്സണ് ഉള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കളുടെയും ബെനാമി പേരിലുമുള്ള വസ്തുവകകൾ ഏതൊക്കെയെന്ന് അന്വേഷിക്കലാണ് വിജിലൻസ് ഇപ്പോൾ ചെയ്യുന്നത്. ജേഴ്സണെ വകുപ്പുതല നടപടിക്കു പുറമെ സ്വത്ത് മരവിപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ‘വേഗപ്പൂട്ടി’ട്ട് പൂട്ടാനാണ് വിജിലൻസ് ശ്രമിക്കുന്നത്.

English Summary:

T.M. Jereson's arrest for bribery: Ernakulam RTO T.M. Jereson's arrest for bribery highlights systemic corruption within the Kerala Motor Vehicles Department. The investigation is uncovering a vast network of benami transactions and illegal assets accumulated through years of illicit activities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com