‘കെ.വി.തോമസ് ചോദിച്ച അത്രയൊന്നും ആശാ വർക്കർമാർ ചോദിച്ചിട്ടില്ല, ഖജനാവ് കാലിയാക്കലാണ് തോമസ് ചെയ്യുന്നത്’

Mail This Article
തിരുവനന്തപുരം∙ ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന കെ.വി. തോമസിന്റെ യാത്രാബത്ത 5 ലക്ഷം രൂപയില്‍നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാവപ്പെട്ട ആശാ വര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ അഭിസംബോധന ചെയ്യുകയിരുന്നു അദ്ദേഹം.
‘‘കെ.വി.തോമസ് ചോദിച്ച അത്രയൊന്നും ആശാവര്‍ക്കര്‍മാര്‍ ചോദിച്ചിട്ടില്ല. എന്തിന്റെ ശമ്പളമാണ് കെ.വി. തോമസിനു കൊടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം. ഓഫിസിലിരുന്ന് ഒപ്പിട്ട് പൈസ വാങ്ങുന്നവരല്ല ആശാ വര്‍ക്കര്‍മാര്‍. പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്നവരാണവര്‍. മറ്റെല്ലാ മേഖലയിലും ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ ആശാ വര്‍ക്കര്‍ക്ക് മാത്രം ഒരു പരിഗണനയുമില്ല. നിങ്ങളുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതുവരെ കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം ഉണ്ടാകും. സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നില്‍ക്കുന്നു. അതിനെതിരായ പോരാട്ടം മനക്കരുത്തോടെ കൊണ്ടുപോകണം. കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.’’ – സുധാകരൻ പറഞ്ഞു.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സകലതിനും വിലകൂടി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്ക് നൽകുന്നത് 7000 രൂപ മാത്രമാണ്. അതായത് ദിവസേന 233 രൂപ. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കുപോലും ദിവസക്കൂലി ആയിരം രൂപ കൊടുക്കണം. സങ്കടം പറയാന്‍ ആരോഗ്യമന്ത്രിയുടെ വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരെ ആട്ടിയോടിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുലര്‍ച്ചെ നാലുമണിക്ക് കാണാന്‍ ചെന്നപ്പോള്‍ പോലും അവരെ കേള്‍ക്കാന്‍ തയാറായ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നെന്നത് മുഖ്യമന്ത്രി മറക്കരുത്.
ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രവിഹിതവും കിട്ടുന്നില്ല. മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒറ്റക്കെട്ടായി ആശാ വര്‍ക്കമാരെ കൈവിട്ടു. സമ്പന്നരുടെ ആവശ്യമാണെങ്കില്‍ ഇവര്‍ ഒറ്റക്കെട്ടായി അവര്‍ക്കുവേണ്ടി പോരാടിയേനെയെന്നും സുധാകരന്‍ പറഞ്ഞു.