ഫ്രാൻസിൽനിന്ന് കുറിയർ വഴി എംഡിഎംഎ, ഓർഡർ ചെയ്തത് ഡാർക്ക് വെബിൽ, ബിറ്റ്‌കോയിൻ വഴി പണം; യുവാവ് അറസ്റ്റിൽ

Mail This Article
കൊച്ചി∙ കൊച്ചി കാരിക്കാമുറിക്ക് സമീപമുള്ള രാജ്യാന്തര തപാൽ സംവിധാനം വഴി വന്ന കുറിയറിലെ ലഹരിമരുന്ന് എക്സൈസ് പിടികൂടി. കൊച്ചി ഇന്റർനാഷനൽ പോസ്റ്റൽ അപ്രെയ്സലിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്രാൻസിൻനിന്നാണ് ലഹരിമരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാഴ്സലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23) എന്നയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ഇയാളുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.
ഉറവിടം കണ്ടെത്താതിരിക്കാൻ ഡാർക്ക് വെബ് വഴിയാണ് ഇയാൾ എംഡിഎംഎ ഓർഡർ ചെയ്തു വരുത്തിയത്. 10.400 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. ബിറ്റ്‌കോയിൻ വഴിയാണ് ഇയാൾ പണം നൽകിയത്. ഇതിന്റെ ഉറവിടം തേടി നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്.
ഇന്റർനാഷനൽ കൺസെയ്ൻമെന്റുകൾ വരുന്നത് ട്രാക്ക് ചെയ്ത് ഫ്രാൻസിലേക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സന്ദേശം അയക്കുന്ന നടപടി എക്സൈസ് സൈബർ സെൽ മുഖേന പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപപ്പെടുത്തുന്നതായും അധികൃതർ അറിയിച്ചു.