അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍: ഉത്തരവ് പിൻവലിച്ച് സർക്കാർ; പ്രഖ്യാപനം നിയമസഭയിൽ

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ ഏര്‍പ്പെടുത്തി 2024 ഡിസംബര്‍ 26ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റുന്ന തരത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍. പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ഇപ്പോഴത്തെ ഉത്തരവ് അന്തിമമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ബഫര്‍ സോണ്‍ ഉത്തരവ് വന്നതിനു പിന്നാലെ എന്‍ഒസിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു മോന്‍സ് ജോസഫ് പറഞ്ഞു. ഉത്തരവ് അടിയന്തരമായി മരവിപ്പിക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. ഇതോടെ യാതൊരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ലെന്നും ഉത്തരവ് റദ്ദാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് ഉറപ്പു നല്കി.
കേരളത്തിലെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയുമായതാണ് ആശങ്കയ്ക്കിടയാക്കിയത്. അണക്കെട്ടില്‍ പരമാവധി റിസര്‍വോയര്‍ ലെവലില്‍ വെള്ളം ഉയരുമ്പോള്‍ അവിടെനിന്നാണു ബഫര്‍സോണ്‍ ദൂരം കണക്കാക്കുന്നത് എന്നതിനാല്‍ നിരോധനവും നിയന്ത്രണവും പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ കണക്ക് ഉയരാം. അണക്കെട്ടുകളില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ വെള്ളം ഉയരുന്നത് അടിസ്ഥാനമാക്കിയാണ് 20 മീറ്റര്‍ വരെ, 20 മുതല്‍ 120 മീറ്റര്‍ വരെ എന്നിങ്ങനെ 1, 2 സോണുകളാക്കി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സോണ്‍ ഒന്നില്‍ ഒരു നിര്‍മാണവും അനുവദിക്കില്ല. സോണ്‍ 2 ല്‍ 10 മീറ്ററില്‍ താഴെയുള്ള നിര്‍മാണം അനുവദിക്കുമെന്നു പറയുമ്പോള്‍ തന്നെ അത് ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എന്‍ജിനീയറുടെ വിവേചനാധികാരത്തിലാക്കി. എക്സിക്യുട്ടിവ് എന്‍ജിനീയറുടെ തീരുമാനത്തില്‍ സൂപ്രണ്ടിങ് എന്‍ജിനീയറും സൂപ്രണ്ടിങ് എന്‍ജിനീയറുടെ തീരുമാനത്തില്‍ സര്‍ക്കാരിലും അപ്പീല്‍ നല്‍കാം. സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. ബഫര്‍സോണ്‍ പൂജ്യം പോയിന്റാക്കി നിജപ്പെടുത്തി ഉത്തരവ് പരിഷ്കരിച്ച് ഇറക്കിയില്ലെങ്കില്‍ തീരങ്ങളിലെ സാധാരണ താമസക്കാര്‍ മുതല്‍ വ്യാപാര മേഖലയിലുള്ളവര്‍ വരെ ബുദ്ധിമുട്ടിലാകുമെന്നാണ് ആശങ്ക.
ഡിസംബര്‍ 26 ലെ ഉത്തരവു വഴി സംസ്ഥാനത്തെ 61 ഡാമുകളിലും 35 റിസര്‍വോയറുകളിലുമാണ് ബഫര്‍സോണ്‍ പ്രാബല്യത്തിലായത്. ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലുള്ള പട്ടിക പ്രകാരം 38 പുഴകളിലെ സംഭരണികളിലായി 782.63 കിലോമീറ്റര്‍ ദൂരമാണ് ബഫര്‍സോണ്‍. ഇരുവശത്തും 20 മീറ്റര്‍ വീതം സോണ്‍ ഒന്നില്‍പെടുത്തി നിരോധിത മേഖലയും 20 മുതല്‍ 120 മീറ്റര്‍ സോണ്‍ രണ്ടില്‍പെടുത്തി നിയന്ത്രിത മേഖലയുമായി. അങ്ങനെയാണ് 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയുമാകുന്നത്. പഴശ്ശി അണക്കെട്ടില്‍ വളപട്ടണം പുഴയില്‍ 6.48 കിലോമീറ്ററാണ് പട്ടിക പ്രകാരം ബഫര്‍സോണ്‍.
ഇവിടെ നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണത്തില്‍ ഉള്ളതുമായ 3 വീടുകള്‍ക്ക് ജലസേചന വകുപ്പിന്റെ നിരാക്ഷേപപത്രം ചോദിച്ചത് 11 കിലോമീറ്റര്‍ അകലെയുള്ളവരോടാണ്. പലര്‍ക്കും പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കില്ല. ഏറ്റവും കൂടുതല്‍ ദൂരം നിയന്ത്രണം വരുന്നത് ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിലെ മുതിരപ്പുഴയിലാണ്-281.24 കിലോമീറ്റര്‍. പമ്പ അണക്കെട്ടില്‍ പമ്പ നദിയില്‍ 90.88 കിലോമീറ്ററും ഇടുക്കി അണക്കെട്ടിലെ പെരിയാര്‍ നദിയില്‍ 61.6 കിലോമീറ്ററും ബഫര്‍സോണാണ്.