50% അധിക തീരുവ: ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല, യുഎസിനെതിരെ ശക്തമായ നടപടിയെന്ന് ചൈന

Mail This Article
വാഷിങ്ടൻ∙ യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.
‘‘ഞങ്ങളെ സമ്മർദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മർഗമല്ലെന്ന് ഒട്ടേറെ തവണ ആവർത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,’’യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്‌പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ് മുന്നോട്ട് പോയാൽ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ യുഎസിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.
യുഎസിന്റെ പകരം തീരുവകൾ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ‘‘ചൈന സ്വീകരിച്ച പ്രതിരോധ നടപടികൾ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യാന്തര വ്യാപാര ക്രമം നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നു. അവ പൂർണമായും നിയമാനുസൃതമാണ്. ചൈനയ്ക്കുള്ള തീരുവ വർധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിനു മുകളിൽ മറ്റൊരു തെറ്റ് ചെയ്യലാണ്. ചൈന ഒരിക്കലും ഇത് അംഗീകരിക്കില്ല. യുഎസ് പ്രതികാര നടപടികളിൽ ഉറച്ചുനിന്നാൽ ചൈന അതിനെതിരെ അവസാനം വരെ പോരാടും,’’ ചൈനീസ് മന്ത്രാലയം അറിയിച്ചു.
ചൈനയ്ക്കുമേൽ 50% വരെ തീരുവ ഏർപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസമാണ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടികൾ എടുത്തതിനു പിന്നാലെയാണ് ഈ താക്കീത്. പ്രഖ്യാപിച്ച പകരംതീരുവ 90 ദിവസത്തേക്കു മരവിപ്പിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും അത്തരമൊരു നടപടിയില്ലെന്നും വൈറ്റ്ഹൗസ് അധികൃതർ അറിയിച്ചു.