ADVERTISEMENT

ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവയുടെ ആഘാതം ലോകത്തെ ഉലയ്ക്കുകയാണ്. പല രാജ്യങ്ങളുടെയും ഓഹരി വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. യൂറോപ്പ് അടക്കമുള്ളവര്‍ ട്രംപിന്റെ തീരുവ യുദ്ധത്തെ പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വരുന്ന ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം തീരുവ ചുമത്തുമെന്ന പ്രഖ്യാപനം 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ വലിയ ഞെട്ടല്‍ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സഖ്യ കക്ഷികളെ അകറ്റുന്ന വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ നീക്കമാണിത്. അതേസമയം യുഎസിന്റെ നടപടിക്കെതിരെ തിരിച്ചടിക്കാന്‍ അഭിപ്രായ ഐക്യമില്ലെന്നത് യൂറോപ്യന്‍ യൂണിയന്റെ കരുത്ത് ചോര്‍ത്തുന്നു.

ഈ ആഴ്ച, യൂറോപ്പ് അതിന്റെ ആദ്യ പ്രതിതന്ത്രവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല തിരിച്ചടി പദ്ധതികളില്‍ ആദ്യത്തേതിനാണ് ഇയു രൂപം കൊടുത്തിരിക്കുന്നത്. ഏപ്രില്‍ 15 ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതികാര താരിഫുകളുടെ പട്ടിക പരിഷ്‌കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ചെലവഴിച്ചുവെന്നും പറയപ്പെടുന്നു. ലക്‌സംബര്‍ഗില്‍ അംഗരാജ്യങ്ങളുടെ വിദേശകാര്യ- വ്യാപാര മന്ത്രിമാര്‍ക്ക് മുന്നില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും.

വാഷിങ്ടൻ മുൻപ് പ്രഖ്യാപിച്ച സ്റ്റീല്‍, അലുമിനിയം ലെവികള്‍ക്ക് മറുപടിയായി ആ താരിഫുകള്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അവ വ്യാപകമാകുമെന്നും സുചനയുണ്ട്. പ്രാഥമിക പട്ടികയില്‍ വിസ്‌കി, മോട്ടോര്‍ സൈക്കിളുകള്‍ മുതല്‍ ബോട്ടുകള്‍, സോയാബീന്‍ എന്നിവ വരെ എല്ലാം ഉള്‍പ്പെടുന്നു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തോടുള്ള യൂറോപ്പിന്റെ പ്രതികരണത്തിലെ പ്രാരംഭ ശ്രമം മാത്രമാണിത്. കൂടുതല്‍ തിരിച്ചടികള്‍ക്ക് സാധ്യതയുണ്ടെന്നു സാരം.

മാര്‍ച്ച് അവസാനം പ്രഖ്യാപിച്ച കാര്‍ താരിഫുകള്‍ക്കും കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം താരിഫുകള്‍ക്കും മറുപടി നല്‍കുന്നതിനായി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ അധിക പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ട് കാരണങ്ങളാലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഘട്ടം ഘട്ടമായി തിരിച്ചടിക്കുന്നത്. ഒന്നാമതായി, വൈറ്റ് ഹൗസില്‍ നിന്ന് വന്ന പ്രഖ്യാപനങ്ങളുടെ ആഘാതം മനസ്സിലാക്കാന്‍ അവര്‍ക്ക് സമയം ആവശ്യമായിരുന്നു.

യുഎസില്‍ പരമാവധി വേദനയുണ്ടാക്കുന്ന പ്രതികരണം രൂപകല്‍പ്പന ചെയ്യുന്നതിലൂടെ യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. തങ്ങളുടെ പ്രതികരണം ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുന്നതിലൂുടെ ട്രംപ് ഭരണകൂടത്തിന് ചര്‍ച്ചാ മേശയിലേക്ക് വരാന്‍ സമയം നല്‍കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. പൂര്‍ണ്ണമായ വ്യാപാര യുദ്ധം ഒഴിവാക്കാന്‍ ഒരു കരാര്‍ ഉണ്ടാക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും ഇയു ബ്ലോക്കിന്റെ ട്രേഡ് കമ്മിഷണറായ മാരോസ് സെഫ്കോവിച്ച് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി അമേരിക്കന്‍ പ്രതിനിധികളുമായുള്ള  'തുറന്ന,' രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സോഷ്യല്‍ മീഡിയയില്‍ കൂടി അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇയു. തിരിച്ച് യൂറോപ്യന്‍ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ആ അടുത്ത ബന്ധം കണക്കിലെടുക്കുമ്പോള്‍, അമേരിക്കന്‍ താരിഫുകളില്‍ തിരിച്ചടിക്കുന്നത് പ്രതിസന്ധിയാകുമെന്നും സാധ്യതയുണ്ട്, ഇത് യൂറോപ്യന്‍ കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും നഷ്ടമുണ്ടാക്കുകയും താരിഫ് ചെയ്ത ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യും. ആത്യന്തികമായി അത് യൂറോപ്പിന് തന്നെ നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്.

വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുവശത്തും വേദനാജനകമാകുമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അതുകൊണ്ടാണ് അവര്‍ പട്ടികകള്‍ തിരുത്തിയത്. വിസ്‌കി താരിഫുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയുടെ ആദ്യ ഭാഗം മാര്‍ച്ച് 31 ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നു.

എന്നാല്‍ അമേരിക്കയിലേക്ക് വരുന്ന എല്ലാ യൂറോപ്യന്‍ മദ്യത്തിനും 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തി അതിനോട് പ്രതികരിക്കുമെന്ന്  ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പരിഷ്‌കരണം വൈകിച്ചു. ഫ്രഞ്ച്, ഇറ്റാലിയന്‍ വൈന്‍ നിര്‍മാതാക്കള്‍ക്ക് അത്തരമൊരു നീക്കം നാശകരമായിരിക്കും. മദ്യവുമായി ബന്ധപ്പെടുത്തി അമേരിക്കയെ പ്രകോപിപ്പിക്കുന്നത് തെറ്റായ ചുവടുവയ്പ്പാകുമെന്നാണ് ഫ്രാന്‍സിന്റെ മുന്നറിയിപ്പ്. ഇതോടെ ആ പദ്ധതി പാളി.

തീരുവകളോട് പ്രതികരിക്കുന്നതില്‍ ഇയുവിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇവയെല്ലാം കാണിക്കുന്നത്. ഭൂഖണ്ഡത്തിലുടനീളമുള്ള രാജ്യങ്ങള്‍ക്ക് വ്യത്യസ്ത സാമ്പത്തിക മുന്‍ഗണനകളും അമേരിക്കയെ തിരിച്ചടിക്കാന്‍ വ്യത്യസ്ത ആഗ്രഹങ്ങളുമുണ്ട്. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ചില രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി പ്രതികരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ ഇറ്റലി അമേരിക്കയ്ക്കും ബ്ലോക്കിനും ഇടയില്‍ തിരഞ്ഞെടുക്കണമെന്ന ആശയത്തെ 'ബാലിശം' എന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി വിശേഷിപ്പിച്ചത്. കഠിനമായ പ്രതികാര നടപടിക്കെതിരെയും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English Summary:

EU seeks unity in first strike back at Trump tariffs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com