ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ന്യൂഡൽഹി∙ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്. 

വജ്രവ്യാപാരിയായ മെഹുൽ ചോക്സി ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിലെ തുറമുഖ നഗരമായ ആന്റ്‌വെർപ്പിൽ താമസിക്കുന്നുണ്ടെന്ന് നേരത്തെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇ.ഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്.

ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനായ മെഹുൽ ചോക്സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ബെൽജിയത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ആന്റിഗ്വ ആന്റ് ബാർബുഡയിലും ഇയാൾ താമസിച്ചിരുന്നു. ഭാര്യ പ്രീതി ചോക്‌സി ബെൽജിയൻ പൗരയാണ്. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു. മെഹുൽ ചോക്സി കാൻസർ ബാധിതനാണെന്നും സ്വിറ്റ്‌സർലൻഡിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകാൻ പദ്ധതിയിട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച‌െന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമാണ് ഇന്ത്യയുടെ ആരോപണം. 2021 മേയിൽ ആന്റിഗ്വയിൽനിന്നു മെഹുൽ ചോക്സിയെ കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. 2019ലാണ് കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചത്.

English Summary:

Mehul Choksi Arrested in Belgium: Mehul Choksi's arrest in Belgium marks a significant development in the PNB bank loan fraud case. The controversial businessman, accused of defrauding the bank with his nephew Nirav Modi, was arrested following an extradition request from India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com