9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

Mail This Article
കോട്ടയം∙ സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു 7 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ നടവയലിൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നുവീണു 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു.

ഫാമിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. മരം കടപുഴകി വീണ് തറപ്പേൽ രോഹിണിയുടെ വീട് തകർന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് കുഞ്ഞുകുളം പുത്തുക്കാടൻ അയ്യൂബിന്റെ വീടിന്റെ മേൽക്കൂര തകർന്നു.