ADVERTISEMENT

വിശാഖപട്ടണത്തെ നാവികസേനാശുപത്രിയിലെ ഡോക്ടർ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിപ്പോയി.

‘ഇനി എഴുന്നേറ്റു നടക്കാൻ ശ്രമിക്കരുത്. നടുവിനു നാലിടത്തു പരുക്കുണ്ട്. അതിൽ രണ്ടെണ്ണം ഗുരുതരമാണ്’.

തുരീയയുടെ പായ്‌മരത്തിനു മുകളിൽ വാച്ചിന്റെ സ്ട്രാപ്പിൽ ഉടക്കിക്കിടന്ന ഞാൻ അതുപൊട്ടി താഴേക്കു വീണപ്പോഴത്തെ പരുക്കുകളാണ്. അപ്പോൾ നടുവിനൊരു മരവിപ്പു മാത്രമേ അനുഭവപ്പെട്ടുള്ളൂ. ഇപ്പോഴിതാ, എംആർഎ സ്കാനിൽ ചിത്രം വ്യക്തമായിരിക്കുന്നു. എക്കിൾ നിലയ്ക്കാതിരിക്കാനുള്ള കാരണവും ഈ പരുക്കുകളായിരുന്നത്രേ.

പിറ്റേന്നു രാവിലെ എന്നെ ന്യൂഡൽഹിയിലെ ആർമി റിസർച് ആൻഡ് റഫറൽ ഹോസ്പിറ്റലിലേക്കു മാറ്റാൻ നാവികസേന തീരുമാനിച്ചതായി അറിഞ്ഞു. ഇന്ത്യയിൽ ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന, മികച്ച ഡോക്ടർമാരുള്ള ആശുപത്രിയാണത്.

കട്ടിലിൽനിന്ന് അനങ്ങരുതെന്നാണു കർശനനിർദേശം. പക്ഷേ, പ്രാഥമികാവശ്യങ്ങളും മറ്റും കട്ടിലിൽത്തന്നെ ചെയ്യുന്നതിനോട് എനിക്കു യോജിപ്പില്ലായിരുന്നു. ഇക്കാര്യങ്ങളിൽ മറ്റൊരാളുടെ സഹായം ആലോചിക്കാനേ കഴിയുന്നില്ല. അത്തരം കാര്യങ്ങൾക്കു മാത്രം എഴുന്നേറ്റു നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഡൽഹിയിലെ ശസ്ത്രക്രിയ

പിതാവ് വി.സി.ടോമിയും ബന്ധുവായ ജോണിയങ്കിളും എന്നോടൊപ്പം ന്യൂ‍ഡൽഹിയിലേക്കു വന്നു. ജോണിയങ്കിളിന്റെ ഭാര്യ ലില്ലിയാന്റി ഡൽഹിയിൽ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ആർമി ആശുപത്രിയിലെ മുതിർന്ന ന്യൂറോസർജൻ എയർ കമഡോർ എം.എസ്.ശ്രീധറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. അവർ എന്റെ സ്കാൻ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു. ശസ്ത്രക്രിയയ്ക്കു മുൻപ് ഒരു സിടി സ്കാൻ കൂടി വേണ്ടിയിരുന്നു.

aircommandresridharwithnavychief
ന്യൂഡൽഹി ആർമി റിസർച് ആൻഡ് റഫറൽ ഹോസ്പിറ്റലിലെത്തിയ നാവികസേനാ മേധാവി സുനിൽ ലാംബ, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ എയർ കമഡോർ എം.എസ്.ശ്രീധറിനൊപ്പം. (ഫയൽ ചിത്രം)

ശസ്ത്രക്രിയയ്ക്കു മുൻപ് അനസ്തീസിയ നൽകാനെത്തിയത് ഒരു മലയാളിയായിരുന്നു. ഞങ്ങൾ വളരെക്കുറച്ചു മാത്രം മലയാളത്തിൽ സംസാരിച്ചു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. ശസ്ത്രക്രിയാമേശയിലെ ഉറക്കംപോലെയൊന്ന് ഏറെ നാളുകൾക്കു ശേഷമാണ് എന്നെ തേടിവന്നത്.

രണ്ടു ദിവസത്തിനു ശേഷം നഴ്സുമാർ എന്നെ കിടക്കയിൽനിന്നു നിലത്തിറക്കി. ക്രച്ചസ് ഉപയോഗിച്ച് കുറച്ചുദൂരം നടക്കാൻ അവർ ആവശ്യപ്പെട്ടു. പതിയെപ്പതിയെ ഞാൻ വീണ്ടും നടക്കാൻ തുടങ്ങി. 10 മിനിറ്റിൽ കൂടുതൽ നടക്കാൻ പറ്റിയില്ല. കാലിനു ബലക്കുറവ്. ഹൃദയമിടിപ്പും വർധിക്കുന്നു. അതു സ്വാഭാവികമാണെന്ന് ആശുപത്രിയധികൃതർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു പിന്നാലെ അന്നത്തെ നാവികസേനാമേധാവി അഡ്മിറൽ സുനിൽ ലാംബ ആശുപത്രിയില‍െത്തി. അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. എയർ കമഡോർ ശ്രീധർ അദ്ദേഹത്തിന് എന്റെ പരുക്കിനെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും വിശദ‌ീകരിച്ചു നൽകി.

ഇതിനിടെ, കൊച്ചിയിൽനിന്ന് അമ്മ വത്സമ്മ ടോമി, ഗോവയിൽനിന്നു ഭാര്യ ഉർമിമാല, ഓസ്ട്രേലിയയിൽനിന്നു സഹോദരൻ അനീഷ് ടോമി എന്നിവരെല്ലാം ആശുപത്രിയിലെത്തിയിരുന്നു. ഞാൻ വീണ്ടും പതിയെപ്പതിയെയാണെങ്കിലും നടന്നു തുടങ്ങിയതോടെ അവരുടെ മുഖത്തും വെളിച്ചം വീണു.

ആശുപത്രിയിൽ അധികം പേരും മലയാളികളാണ്. എന്നെ പരിചരിക്കാൻ ചുമതലയുണ്ടായിരുന്ന മലയാളി നഴ്സ് ഗ്രേസ് ഒരു ദിവസം അപ്രതീക്ഷിതമായി ചോദിച്ചു: ഭാര്യ ഗർഭിണിയാണല്ലേ? എത്ര മാസമായി?

സത്യം പറ‍ഞ്ഞാൽ അങ്ങനെയൊരു ചോദ്യം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു.

എനിക്കറിയില്ല എന്ന് മറുപടി പറയേണ്ടിവന്നു. ഈ വീഴ്ചകളുടെയും ആശുപത്രിത്തിരക്കുകളുടെയും ഇടയിൽ അങ്ങനെയൊരു ചോദ്യത്തിനുള്ള മറുപടി നേരത്തേ ആലോചിച്ചിരുന്നതുമില്ല. എന്നെ കണ്ണുരുട്ടി നോക്കിയ ഗ്രേസിനോടു ചിരിച്ചുകൊണ്ടു പറഞ്ഞു: ‌എന്റെ നടുവൊന്നു ശരിയാകട്ടെ, ഞാ‍ൻ കണക്കുകൂട്ടി പറയാം!

കഠിനവ്യായാമകാലം

ഫിസിയോതെറപ്പി ആരംഭിച്ച് ആദ്യദിവസം തന്നെ ഒരു കാര്യം മനസ്സിലായി. കാലിന്റെ പേശികൾ ശോഷിച്ചിരിക്കുന്നു. കാലിന്റെ തൊലിക്കുള്ളിൽ പേശികളല്ല, കൊഴുപ്പാണ് അധികവും.

വീണ്ടും പഴയപടിയാകാൻ കഠിനമായ വ്യയാമം വഴിയേ സാധിക്കൂ. രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞു. ഗോവയിലെ വീട്ടിലേക്കാണു മടക്കം. അനുജൻ അനീഷ് എനിക്കൊപ്പം ഗോവയിലേക്കു വന്നു. ഇതിനിടെ നാവികസേന എനിക്കു രണ്ടുമാസത്തെ അവധി അനുവദിച്ചു.

വീട്ടിലെത്തിയതോടെ വിശ്രമകാലം തുടങ്ങുകയാണ്. വിശ്രമം എന്നാണു പറയുകയെങ്കിലും വേണ്ടതു റിക്കവറിയാണ്. പഴയപടിയാകാൻ സേന അനുവദിച്ചിരിക്കുന്ന സമയാണ് രണ്ടുമാസം. അതിനകം ഞാൻ വീണ്ടും പഴയ അഭിലാഷ് ടോമിയായേ പറ്റൂ. എനിക്കു വീണ്ടും സെയ്‌ലിങ്ങിനു പോകണം. സേനയിലെ എന്റെ ഡ്യൂട്ടിയായ വിമാനം പറത്തണം... മനസ്സ് വെറുതേയിരിക്കുന്നില്ല. നിറയെ തെങ്ങുകളും ബീച്ചുകളുമുള്ള ഗോവൻ വഴികളിലൂടെ ഞാൻ ക്രച്ചസ് ഉപയോഗിച്ചു നടക്കാൻ തുടങ്ങി. ഗോൾഡൻ ഗ്ലോബ് റേസ് തുടങ്ങിയപ്പോഴത്തേതിനെക്കാൾ 25 കിലോയാണ് ശരീരഭാരം കുറ‍ഞ്ഞത്. അതും തിരികെപ്പിടിച്ചേ പറ്റൂ.

രണ്ടുമാസം കഴിഞ്ഞു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ റിവ്യുവിനു പോകണം. ഇങ്ങോട്ട് സഹോദരൻ തോളിൽ താങ്ങിയെത്തിച്ച ഞാൻ തിരിച്ചങ്ങോട്ട് കയ്യിൽ 25 കിലോയുള്ള ലഗേജും പിടിച്ച് പോയി! റിക്കവറി അത്ര പെട്ടെന്നായിരുന്നു. ആശുപത്രിയിലെ റിവ്യുവും വിജയകരമായിരുന്നു. ഇത്രപെട്ടെന്നു സുഖപ്പെടുമെന്ന് അവരും പ്രതീക്ഷിച്ചതല്ലെന്നു തോന്നി.

വീണ്ടും ജോലിയിലേക്ക്

മെഡിക്കൽ ലീവ് കഴിഞ്ഞതോടെ ഞാൻ മുംബൈയിലെ ഓഫിസിൽ ജോലിക്കു ചേർന്നു. കൊളാബയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ശാഖ പ്രവർത്തിക്കുന്ന വിവരം അറിയാം. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആയുർവേദത്തിലെ തിരുമ്മുചികിത്സ കൂടി കഴിഞ്ഞെങ്കിലേ മനസ്സിനു സമാധാനം കിട്ടൂ. അവിടെ ചെന്നപ്പോൾത്തന്നെ ഡോക്ടർക്ക് എന്നെ മനസ്സിലായി.

അദ്ദേഹം പറഞ്ഞു: ഇങ്ങോട്ടു വരുമെന്ന് എനിക്ക് അറിയാമായിരുന്നു; എന്താണ് ഇത്ര വൈകിയതെന്നു മാത്രമേ ചോദിക്കുന്നുള്ളൂ...!

ആയുർവേദ ചികിത്സ കഴിഞ്ഞതോടെ മുംബൈ വിടാൻ നേരമായി. നേവി എനിക്കു ഗോവയിലേക്കു സ്ഥലംമാറ്റം തന്നു. താമസിക്കാൻ ഏറെയിഷ്ടമുള്ള സ്ഥലം. നാവികസേനയിലെ പരിശീലനകാലം മുതൽ പായ്‌വഞ്ചി പ്രയാണങ്ങളുടെ കാലം വരെ ഗോവയായിരുന്നു എന്റെ പ്രിയസങ്കേതം. അതുകൊണ്ടാവാം, ഗോവയിലേക്കുള്ള ലഗേജിനു ഭാരം കൂടുതലായിരുന്നു!

അപ്പോഴും ചില പേടികൾ വിട്ടുപോകുന്നില്ല. ബാലൻസ് നഷ്ടപ്പെട്ടു വീണുപോകുമോയെന്നു ഭയം. അതോടെ കിക്ക് ബോക്സിങ് പഠിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം ഫലമുണ്ടായി. ബാലൻസ് പേടികൾ പൂർണമായും വിട്ടൊഴിഞ്ഞു. പേശികൾ ബലപ്പെടുത്താൻ ജിംനേഷ്യത്തിൽ പോയിത്തുടങ്ങി. അതോടെ, ജീവിതം പൂർണമായും സാധാരണനിലയിലായി. ആറുമാസം കഴിഞ്ഞപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ വീണ്ടും റിവ്യു. വിമാനം പറത്താനും പായ്‌വഞ്ചിയോടിക്കാനും ഞാൻ ഫിറ്റ്നസ് വീണ്ടെടുത്തതായി റിപ്പോർട്ട് ലഭിച്ചു.

കൃത്യം ഒരു വർഷം

വർഷമൊന്നു കൊഴിഞ്ഞുപോയത് വളരെപ്പെട്ടെന്നാണ്. ലെ സാബ്‌ലെ ദെലോനിൽ തുരീയ പുറപ്പെടാൻ നേരത്ത് എനിക്കു കുടിക്കാൻ ഒരുപെട്ടി ഐസ് ടീയുമായി ഓടിയെത്തിയ മലയാളി കൗശിക് നാട്ടിൽനിന്നു വിളിച്ചു.

കൗശിക്കിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് കയാക്കിങ് മത്സരം നടത്തുന്ന വിവരം പറഞ്ഞു. വേറൊന്നുമാലോചിക്കാതെ ഞാൻ പുറപ്പെട്ട് കോഴിക്കോട്ടെത്തി. അപകടത്തിനു ശേഷം ആദ്യമായാണ് വെള്ളത്തിലേക്ക് ഒരു മത്സരത്തിനിറങ്ങുന്നത്. അപകടത്തിന്റെ കൃത്യം ഒന്നാം വാർഷികദിനത്തിലായിരുന്നു അത്! വഞ്ചിതുഴയൽ മത്സരം വിജയകരമായതോടെ എനിക്ക് ആത്മവിശ്വാസമായി. അധികം വൈകാതെ ഗോവയിൽ നേവിയുടെ സെ‌യ്‌ലിങ്ങിൽ പങ്കെടുത്തു. പരുക്കുമായി ബന്ധപ്പെട്ട റിക്കവറി അതോടെ പൂർണമായി. ഏകാന്തമായ ഒരിടത്തു കടലിൽ വീണുപോയ എന്നെ രക്ഷപ്പെടുത്തി കരയിലെത്തിച്ച് രാജ്യത്തു കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ചികിത്സ നൽകിയ നാവികസേനയുടെ കരുതൽ എത്ര വലുതെന്ന് ഇനി പറയേണ്ടതില്ലല്ലോ. അവിടെയും അവസാനിച്ചില്ല കാര്യങ്ങൾ. 2019ലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി എനിക്കു വിശിഷ്ട സേവനത്തിനുള്ള നാവികസേനാ മെഡൽ സമ്മാനിച്ചു.

ഫ്രാൻസിലേക്കു വീണ്ടും

ഇതിനിടെ ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയായിരുന്നു. 17 വഞ്ചികൾ തുടങ്ങിവച്ച പ്രയാണം പൂർത്തിയാക്കാൻ കഴിഞ്ഞത് അഞ്ചെണ്ണത്തിനു മാത്രമാണ്. ഫ്രഞ്ചുകാരനായ ജോൻ ലൂക് ആയിരുന്നു ആദ്യം കരയ്ക്കെത്തിയത്.

എഴുപത്തിമൂന്നുകാരനായ ജോൻ ലൂക് യാത്ര പൂർത്തിയാക്കാൻ 212 ദിവസമെടുത്തു. ഇതിനിടെ അദ്ദേഹത്തിന്റെ വഞ്ചിയുടെ പായ്മരത്തിനു തകരാർ സംഭവിച്ചിരുന്നു. അതു നന്നാക്കാൻ കരയ്ക്കടുപ്പിച്ചാൽ മത്സരത്തിൽനിന്നു പുറത്താകുമെന്നതിനാൽ ജോൻ ലൂക് പായ്മരത്തിൽ അള്ളിപ്പിടിച്ചു കയറി പ്രശ്നം പരിഹരിച്ചു! മത്സരത്തിൽ ഞങ്ങൾക്കൊപ്പം പങ്കെടുത്ത ഏക വനിത ബ്രിട്ടിഷുകാരി സൂസി ഗുഡാളിനും അപകടം സംഭവിച്ചിരുന്നു. ചിലെയിലെ കേപ് ഹോണിനു സമീപത്തെ തിരക്കലിയിൽപെട്ടുപോയ സൂസിയെ ഒരു ചൈനീസ് കപ്പലാണു രക്ഷപ്പെടുത്തിയത്.

മത്സരാർഥികളെല്ലാം തീരത്തെത്തിയതോടെ ലെ സാബ്‌ലെ ദെലോനിൽ ഗോൾഡൻ ഗ്ലോബ് റേസിന്റെ സമാപനച്ചടങ്ങിനു സംഘാടകർ ഒരുക്കം തുടങ്ങി. മത്സരം ജയിച്ചെത്തിയ ജോൻ ലൂക്കിനെക്കാൾ വലിയ വിഐപി ഞാനാണെന്ന് അവിടെയെത്തിയപ്പോഴാണു മനസ്സിലായത്. എനിക്കൊപ്പം അപകടത്തിൽപെട്ട ഗ്രിഗർ മക്ഗുഗിനും അവിടെയുണ്ടായിരുന്നു. ഞാനും ഗ്രിഗറും പഴയ വിശേഷങ്ങൾ പറഞ്ഞു നിൽക്കുമ്പോഴാണ് അന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ മീൻപിടിത്തക്കപ്പൽ ഒസിരിസിലെ നാവികരിൽ ചിലരും അവിടെയെത്തിയത്. അവരും ഈ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണു കടന്നുപോയത്.

പുരസ്കാരവേദിയിലേക്കു കടൽത്തീരത്തുകൂടി ഒരു കിലോമീറ്റർ നടക്കാനുണ്ടായിരുന്നു. ആ ദൂരം പൂർത്തിയാക്കാൻ എനിക്കു വേണ്ടത് ഒരുമണിക്കൂറാണ്. വഴിയുടെ ഇരുവശത്തും കാത്തുനിന്നവർ ഓട്ടോഗ്രാഫ് വാങ്ങാനും സെൽഫിയെടുക്കാനും തിരക്കുകൂട്ടിക്കൊണ്ടേയിരുന്നു. ഒരു നാവികനെന്ന ചിന്തയോടെ മാത്രമല്ല, ഇന്ത്യക്കാരനെന്ന നിലയിലും ഞാനാ യൂറോപ്യൻ മണ്ണിൽ അഭിമാനത്തോടെ കാലുചവിട്ടി നിന്നു.

തിരയോഗം തീരാക്കഥ

കടൽത്തീരത്തു കാത്തുനിൽക്കുന്ന കുട്ടിയുടെ മനസ്സ് എന്താവുമെന്ന് ഇടയ്ക്കൊക്കെ ഞാൻ ആലോചിക്കാറുണ്ട്. ഒന്നിനു പിന്നാലെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തിരകളിലായിരിക്കും കുട്ടിയുടെ കണ്ണുകൾ. എപ്പോഴെങ്കിലും ഈ തിരകൾക്കൊരു അവസാനമുണ്ടാകുമോയെന്നു കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന കുട്ടി കുറച്ചുനേരത്തിനു ശേഷം യാഥാർഥ്യം തിരിച്ചറിയുന്നു: ഇതാണ് കടൽ. ഈ തിരകൾ ഒരിക്കലും നിലയ്ക്കില്ല.

തിരയോഗം എന്ന ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാനൊരുങ്ങുമ്പോൾ എന്റെ മനസ്സിലുള്ളത് കുട്ടിക്കാലത്തു കണ്ട തിരകളാണ്. ആ കടൽ ഉള്ളിൽ തിരയടിക്കുന്നു. അവ അടുത്ത പായ്‌വഞ്ചിയോട്ടത്തിനായി എന്നെ സ്നേഹപൂർവം വീണ്ടും വീണ്ടും വിളിക്കുന്നു. അതിനാൽ, ഈ ‘തിര’ക്കഥയും ഇവിടെ അവസാനിക്കുന്നില്ല...അടുത്തവട്ടം തിരകളിൽനിന്നു തിരികെയെത്തും വരെ തീരത്തു കാത്തുനിൽക്കുന്നവർക്കായി അതു തുടരും!

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com