അങ്ങനെ ശ്രീധരൻ പടർന്നു പന്തലിച്ചു

Mail This Article
പ്രായത്തിന്റെ ഒരറ്റത്തു നിന്നു പി. ശ്രീധരനോടു കഴിഞ്ഞ കാലത്തെയോർക്കാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മദ്രാസിലെ വരണ്ട രാപകലുകളെ ഓർത്തു. വിശാഖപട്ടണത്തെ വെയിലോർമയിൽ അദ്ദേഹം നിന്നു വിയർത്തു. കൂടപ്പിറപ്പുകളുടെ ക്ഷീണിച്ച മുഖം ഓർമ വന്നു. ഒറ്റപ്പാലം മനിശ്ശേരിയിലെ പതിരത്തു വീട്ടിൽ അന്നു കഷ്ടപ്പാടേയുള്ളൂ. വീട്ടിൽ വളർച്ചയുടെ വെളിച്ചം നിറയ്ക്കണം, അതായിരുന്നു ശ്രീധരന്റെ ഏറ്റവും വലിയ മോഹം. മദ്രാസിലെ ബന്ധുക്കൾ സഹായിക്കാതിരിക്കില്ലെന്നുറപ്പിച്ച് വീടുവിട്ടിറങ്ങിയത് അങ്ങനെയാണ്.
പ്രതീക്ഷകൾ തെറ്റി. തോൽവികളുടെ തുടക്കം. ഹോട്ടൽ തൊഴിലാളിയായും സെയിൽസ്മാനായുമുള്ള അലച്ചിൽ.
ഇതിനിടെ, പല ജീവിതങ്ങൾ കണ്ടു. പല ഭാഷകൾ പഠിച്ചു. തോൽവികളെ തോൽപിക്കാനാവുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷ അപ്പോളും ശ്രീധരൻ കെടാതെ സൂക്ഷിച്ചു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ കൊച്ചിയിലെത്തി ചെറിയ കൂട്ടായ്മകൾക്കു പന്തലൊരുക്കി നൽകുന്ന പണിയിലേർപ്പെട്ടതോടെ ജീവിതത്തിൽ ചെറിയ ചില ചലനങ്ങൾക്കു തുടക്കമായി. നല്ല നല്ല ബന്ധങ്ങൾ. അവസരങ്ങളുടെ സാധ്യതകൾ. വിശ്രമമില്ലാത്ത രാപകലുകൾ. അത്യധ്വാനത്തിന്റെ നീണ്ട 33 വർഷങ്ങൾക്കിടയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പന്തൽ കോൺട്രാക്ടർ എന്ന നിലയിൽ പന്തലിട്ടു വളർന്ന പതിരത്തു ശ്രീധരനെന്ന പച്ചമനുഷ്യന്റെ പേരിപ്പോൾ പന്തൽ ശ്രീധരനെന്നാണ്. പന്തൽ ശ്രീധരൻ ജീവിതം പറയട്ടെ...

മദ്രാസിലേക്കുള്ള വഴി
മൈലാപ്പൂരിലുണ്ടായിരുന്ന ചെറിയച്ഛനും കുടുംബവും സാമാന്യം നല്ല നിലയിലായിരുന്നു. വലിയൊരു ഹോട്ടൽ ശൃംഖലയുടെ ജനറൽ മാനേജരായിരുന്നു അദ്ദേഹം. സിഐഎസ്എഫിൽ മറ്റൊരു ചെറിയച്ഛനുമുണ്ട്. തറവാട്ടിൽ പ്രാരബ്ധമാണെന്ന് ഇവർക്കെല്ലാം അറിയാഞ്ഞിട്ടല്ല. പൊറുതിമുട്ടിയ മൂത്ത ജ്യേഷ്ഠനെ സഹായിക്കാൻ അദ്ദേഹത്തിന്റെ മകനൊരു ജോലി തരപ്പെടുത്തുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. 18–ാം വയസ്സിൽ, പ്രീഡിഗ്രി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യം മൈലാപ്പൂരിലെ ചെറിയച്ഛന്റെ വീട്ടിൽ ചെന്നു. ജോലിയൊക്കെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ആദ്യദിവസം തന്നെ ചെറിയച്ഛൻ നിരത്തിയതോടെ ആ പ്രതീക്ഷയറ്റു. പിറ്റേന്ന് അവിടെ നിന്നിറങ്ങി മറ്റാരെയും അറിയിക്കാതെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കോടമ്പാക്കത്തു ഹോട്ടലിൽ സഹായിയായി. 15 രൂപ കൂലിയും 16 മണിക്കൂർ ജോലിയും. മൂന്നുമാസം കഴിഞ്ഞപ്പോൾ സിഐഎസ്എഫിലുണ്ടായിരുന്ന മറ്റൊരു ചെറിയച്ഛനെ തേടി വിശാഖപട്ടണത്തേക്കു വിട്ടു.
വിശാഖപട്ടണത്തെ വളർച്ച
ജീവിതത്തിന്റെ കയ്പേറെ കുടിച്ചും ചിലനേരങ്ങളിൽ ആനന്ദം വന്നു പൊതിഞ്ഞും വിശാഖപട്ടണം നൽകിയ നേരനുഭവങ്ങൾ വലുതായിരുന്നു. സിഐഎസ്എഫിൽ ഓഫിസറായിരുന്നു ചെറിയച്ഛൻ. ബിരുദമെങ്കിലും വേണം സിഐഎസ്എഫിൽ ജോലി കിട്ടാനെന്നൊക്കെ പറഞ്ഞു ട്യൂട്ടോറിയലിൽ ചേരാൻ അദ്ദേഹം നിർബന്ധിച്ചപ്പോൾ അതിനും ചെറിയ ശ്രമം നടത്തി. വീട്ടിലെ ദുരവസ്ഥ അകറ്റാൻ ഇതൊന്നും മതിയാകില്ലെന്ന ചിന്ത ശ്രീധരനെ വന്നു തൊട്ടപ്പോഴെല്ലാം രക്ഷപ്പെട്ടേ പറ്റൂ എന്നു മാത്രമായി ലക്ഷ്യം. ഇതിനിടെ സിഐഎസ്എഫിൽ ചെറിയൊരു ജോലി ശരിയായതാണ്. പക്ഷേ, അവിടെയും നിൽക്കാൻ മനസ്സ് അനുവദിച്ചില്ല. വീണ്ടും അലച്ചിൽ തുടങ്ങി.
വിശാഖപട്ടണം പൂർണ മാർക്കറ്റിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായ കാലത്താണു പലതരം ഭാഷകൾ പഠിക്കുന്നത്. തെലുങ്കും ഹിന്ദിയും എഴുതും വായിക്കും. ഇംഗ്ലിഷും ഒറിയയും പഞ്ചാബിയും മുതൽ നേപ്പാളി ഭാഷ വരെ സംസാരിക്കാൻ പഠിക്കുന്നത് ഇക്കാലത്താണ്. അധ്വാനിച്ചുണ്ടാക്കിയ കാശുമായി വിശാഖപട്ടണം ഹാർബറിനടുത്തു രണ്ടു പാർട്ണർമാർക്കൊപ്പം ഒരു ഡിപ്പാർട്മെന്റ് സ്റ്റോർ തുടങ്ങിയതോടെ കാര്യങ്ങൾ കരയ്ക്കടുക്കുന്ന സൂചനകളായി. കപ്പലുകളിലേക്കുള്ള സാധനങ്ങളുടെ സപ്ലൈ ഏറ്റെടുത്തതോടെ ബിസിനസ് പച്ചപിടിച്ചു. അക്കാലത്താണ് ആദ്യമായി പഴയൊരു ബുള്ളറ്റ് വാങ്ങിയത്. മൂന്നുവർഷത്തോളം സ്റ്റോർ നടത്തിപ്പ്. പിന്നെല്ലാം പൊടുന്നനെയായിരുന്നു. പാർട്ണർമാർക്കിടയിൽ പൊരുത്തക്കേടുകൾ. സ്റ്റോർ നടത്തിപ്പിലെ പാകപ്പിഴകൾ. എല്ലാം നഷ്ടപ്പെടാൻ ഏറെനേരം വേണ്ടി വന്നില്ല. ബുള്ളറ്റടക്കം വിറ്റു കിട്ടിയ വണ്ടിക്ക് ഒറ്റപ്പാലത്തേക്കു മടങ്ങി.
കൊച്ചിയിലേക്ക്
കഷ്ടപ്പെടാനും കാശുണ്ടാക്കാനും അസാധാരണമായ ഊർജം എന്നും നിലനിർത്തിയ ശ്രീധരൻ ഒറ്റപ്പാലത്തേക്കു മടങ്ങിയതു കടുത്ത വ്യഥയോടെയായിരുന്നു. അഴിച്ചെടുക്കാവുന്ന സമസ്യകളൊക്കെയേ ജീവിതത്തിലുള്ളൂ എന്നു തോന്നിയപ്പോഴാണു ബാല്യകാല സുഹൃത്ത് ഗോവിന്ദൻകുട്ടിക്കൊപ്പം ഒറ്റപ്പാലം മീറ്റ്ന കേന്ദ്രീയ വിദ്യാലയത്തിന്റെ പൂന്തോട്ടം പരിപാലിക്കുന്ന ജോലി ഏറ്റെടുത്തത്. അതു ഭംഗിയായി നടത്തിയതോടെ അൽപം ലാഭമൊക്കെ വന്നു. ലാഭത്തിന്റെ മെച്ചം ഗോവിന്ദൻ കുട്ടിക്കായിരുന്നുവെങ്കിലും അവൻ വേണ്ടുവോളം സഹായിച്ചു.
അച്ഛൻ കെ.കെ.നായരുടെ സുഹൃത്തായിരുന്നു കലൂരിലെ എ.ജെ ഹാൾ ഉടമ ഡോ.അബ്ദുൽ ജബ്ബാറിന്റെ സഹോദരൻ സാലിഹ്. അദ്ദേഹമാണു ശ്രീധരനെ കൊച്ചിയിലെത്തിച്ചത്. 1986 ഒക്ടോബറിൽ. കലൂർ സീന തിയറ്റർ പൊളിച്ച് എ.ജെ ഹാൾ പണിയുമ്പോൾ മേൽനോട്ടത്തിനാണ് ശ്രീധരനെ കൊച്ചിയിലേക്കു വിളിച്ചത്. മോശമല്ലാത്ത ശമ്പളത്തിൽ സൂപ്പർവൈസറായി തുടങ്ങിയ ശ്രീധരൻ പിന്നീടു മാനേജരായി, അവരുടെ വിശ്വസ്തനായി. മൂന്നുവർഷത്തോളം അവർക്കൊപ്പം കലൂരിൽ. അന്നു കൊച്ചിയിലെ പ്രമുഖരായ പന്തലുകാരായിരുന്നു എൻ.എം. ആന്റണിയുടെ സെന്റ് ആന്റണീസ് ഡെക്കറേഷൻസ്. കൂടെച്ചേരാൻ ആന്റണിച്ചേട്ടൻ ക്ഷണിക്കുന്നിടത്താണു ശ്രീധരന്റെ ജീവിതം മറ്റൊരു ദിശയിലേക്കു പരിണമിക്കുന്നത്.
പന്തലിട്ടുള്ള വളർച്ച
പന്തൽ എന്നാൽ മുളയും കമുകും ടാർപായയും ഇരുമ്പു കസേരകളും മാത്രമായിരുന്ന കാലം. സെന്റ് ആന്റണീസിൽ ചേർന്ന ശേഷം വലിയ കല്യാണങ്ങളും സമ്മേളനങ്ങളും പൊതു ചടങ്ങുകളുമെല്ലാം ഏറ്റെടുക്കാനിറങ്ങി. പുതിയ വഴികളിലൂടെയൊഴുകിയപ്പോൾ അനുഭവങ്ങളേറി. ബന്ധങ്ങൾ വളർന്നു. അഞ്ചുവർഷത്തിനിടെ വലിയ പ്രോജക്ടുകൾ ചെയ്തും പന്തൽ സംവിധാനങ്ങളിൽ പരിഷ്കാരങ്ങളെത്തിച്ചും സെന്റ് ആന്റണീസിനെ വളർത്തി. ഫോർട്ട് കൊച്ചിയിൽ അക്കാലത്തു കെട്ടിപ്പൊക്കിയൊരു കല്യാണപ്പന്തൽ പൊളിച്ചു നീക്കാൻ തന്നെ എട്ടുമാസമെടുത്തിട്ടുണ്ട്. സെന്റ് ആന്റണീസിലെ ജോലിക്കാലത്തായിരുന്നു കല്യാണം. അച്ഛന്റെ സുഹൃത്ത് കേളുക്കുട്ടി നായരുടെ മകൾ ഒറ്റപ്പാലത്തുകാരി ഗിരിജയെ വിവാഹം ചെയ്ത് 1997ൽ എറണാകുളം എസ്ആർഎം റോഡിലെ കൊച്ചുവീടിന്റെ ചാർത്തിലെ വാടക മുറിയിലേക്കാണു കൊണ്ടുവന്നത്. പിന്നീട്, ഒറ്റക്കൊല്ലം കൊണ്ടു സെന്റ് ആന്റണീസ് വിട്ടു വീടിന്റെ ഒറ്റമുറിയിൽ ഓഫിസ് പോലെ തുടങ്ങിയ കൊച്ചിൻ ഡെക്കറേഷൻ സർവീസ് എന്ന സ്ഥാപനമാണിന്നു വലിയൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി വളർന്നത്.
സ്വന്തം സ്ഥാപനം
ഭാര്യ ഗിരിജയുടെ ആകെയുണ്ടായിരുന്ന 15 പവൻ ആഭരണം വിറ്റു പാലക്കാട് മുണ്ടൂരിൽ നിന്നു മുളയും കമുകും എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണു ടാർപായ വാങ്ങിയത്. രണ്ടു ലക്ഷം രൂപയായിരുന്നു ആദ്യ മുതൽമുടക്ക്. തുടക്കത്തിൽ 12 പണിക്കാരെ വച്ചു. വാടക വീടിന്റെ ഇത്തിരി സൗകര്യത്തിൽ ഈ പന്തൽ സാമഗ്രികളെല്ലാം സൂക്ഷിച്ചു. വലിയ ഭാരവണ്ടിയിൽ സാധനങ്ങളടുക്കി കൊച്ചിയിലൂടെ ശ്രീധരൻ പലവട്ടം പൊരിവെയിലിൽ പന്തൽ സാമഗ്രികളുമായി നടന്നിട്ടുണ്ട്. കലൂർ പാവക്കുളം ക്ഷേത്രത്തിൽ പന്തലിട്ടു തുടങ്ങിയ അദ്ദേഹം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. 6000 രൂപയ്ക്കു പന്തലിട്ടു തുടങ്ങിയ അദ്ദേഹം 2009ലെ വോൾവോ ഓഷൻ റേസിനു മാത്രം പന്തലിട്ടതു നാലരക്കോടി രൂപയ്ക്കാണ്.
വിട്ടുവീഴ്ചയില്ലാത്ത അധ്വാനം
എറണാകുളം മറൈൻഡ്രൈവിലെ ബൈബിൾ കൺവൻഷനിൽ 50,000 പേർക്കിരിക്കാവുന്ന പന്തൽ, അമൃതാനന്ദമയിയുടെ 50–ാം പിറന്നാളിനിട്ട പന്തൽ തുടങ്ങി പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും നേതാക്കളുടെയും ഭരണാധികാരികളുടെയും മതമേലധ്യക്ഷന്മാരുടെയും സന്ദർശനങ്ങളുമെല്ലാം കൊച്ചിൻ ഡെക്കറേഷൻ സർവീസ് അതിമനോഹരമായി കേരളത്തിൽ ഏറ്റെടുത്തു നടത്തി. 12 പേരെ വച്ചു തുടങ്ങിയ സ്ഥാപനത്തിൽ നാനൂറോളം പേർ ജോലിക്കാരായി. 2013ൽ നിയോ കൊച്ചിൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്കു വളർന്നതോടെ കലൂരിൽ വലിയൊരു ഓഫിസിട്ടു. പഴയ പ്രീഡിഗ്രിക്കാരന്റെ കമ്പനിയിൽ എംബിഎക്കാരും സിഎക്കാരുമടക്കം ജോലിക്കാരായെത്തി. പന്തൽ സാമഗ്രികൾക്കായി ജർമനിയിൽ നിന്ന് ഉപകരണങ്ങളെത്തിച്ചു. ഒറ്റയ്ക്കു നയിക്കാനാകാതെ വന്നതോടെ ഒറ്റപ്പാലത്തു നിന്നു കൂടപ്പിറപ്പുകളെ കൊച്ചിയിലെത്തിച്ചു. സഹോദരന്മാരായ സുരേഷ് കുമാറും മോഹൻദാസും ഭാര്യാസഹോദരൻ കൊച്ചുവും കമ്പനിയിൽ ഒപ്പം ചേർന്നു. അച്ഛൻ മരിച്ചിട്ടു 13 വർഷമായി. അമ്മ മാധവിയമ്മ കൂടെയുണ്ട്. ശ്രീധരന്റെ മൂത്തമകൾ ശ്രീജ ഇംഗ്ലണ്ടിലെ പഠനശേഷം കൊച്ചിയിൽ ലാബെല്ലം കമ്പനിയിൽ ബ്രാൻഡിങ് മാനേജരാണ്. രണ്ടാമത്തെ മകൾ ശ്രുതി അമൃതയിൽ എംബിബിഎസ് വിദ്യാർഥിയും.
വൈവിധ്യമാർന്ന വിജയങ്ങൾ
തുടക്കത്തിലുള്ള ജീവനക്കാർ ശ്രീധരനൊപ്പം ഇന്നും കൂടെയുണ്ട്. കോയമ്പത്തൂരിലും ചെന്നൈയിലും കമ്പനിക്ക് ഓഫിസും ഗോഡൗണുമായി. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലുമെല്ലാം ശ്രീധരന്റെ പന്തലുകളെത്തി. ഒറ്റദിവസം പല സംസ്ഥാനങ്ങളിലായി പന്തലിട്ടു പരിപാടികൾ സംഘടിപ്പിക്കുന്ന നിലയിലേക്കു കമ്പനി വളർന്നെങ്കിലും കോവിഡ് വന്നതോടെ ബിസിനസ് തളർന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ഉള്ളവരെ ശ്രീധരനിന്നും ചേർത്തുപിടിക്കുന്നു. പന്തൽ ശ്രീധരൻ ഇന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പന്തൽ കോൺട്രാക്ടറാണ്.
കോയമ്പത്തൂർ കൊഡീഷ്യ ഗ്രൂപ്പിന്റെ എക്സിബിഷനുകൾ, തമിഴ്നാട്ടിലെ ദിനകരൻ, ദിനമലർ എക്സിബിഷനുകൾ, വനിത, മലയാള മനോരമ, ഇന്ത്യൻ എക്സ്പ്രസ്, ദ് ഹിന്ദു എക്സിബിഷനുകൾ, അൽഫോൻസാമ്മയുടെ വാഴ്ത്തപ്പെടൽ ചടങ്ങ്, സിഐടിയു, ഡിവൈഎഫ്ഐ,സിപിഎം, കോൺഗ്രസ്, ബിജെപി അഖിലേന്ത്യാ സമ്മേളനങ്ങൾ, പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും സന്ദർശനങ്ങൾ, സംസ്ഥാന സർക്കാരുകളുടെ പരിപാടികൾ തുടങ്ങി ദക്ഷിണേന്ത്യയിൽ കൂറ്റൻ പന്തലുകളാവശ്യമായവരെല്ലാം ശ്രീധരനെ തേടിയെത്തുന്നു. സിപിഎം സംസ്ഥാന സമ്മേളനവും കഴിഞ്ഞു ശ്രീധരൻ പാർട്ടി കോൺഗ്രസിനു പന്തലൊരുക്കാൻ കണ്ണൂരിലാണിപ്പോൾ.
English Summary: Sreedharan Life Story