അൽ ഷിഫയിൽ ദുരിതമഴ;ഗാസയിൽ പോരാട്ടം രൂക്ഷം

Mail This Article
ഗാസ ∙ ലോകമെങ്ങുംനിന്നുള്ള വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുന്നു. അൽ ഷിഫ ആശുപത്രിക്കു സമീപം ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ പോരാട്ടം രൂക്ഷമാണ്. ആശുപത്രിയിലെ 43 നവജാതശിശുക്കളെയും രോഗികളെയും മറ്റ് ആശുപത്രികളിലേക്കു മാറ്റാൻ സഹകരിക്കാമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഇന്ധനം തീർന്നതിനെ തുടർന്നു വൈദ്യുതി പൂർണമായും നിലച്ച ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ടു കുട്ടികൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. 1500 രോഗികളിൽ 500 പേരൊഴികെ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഗാസയിൽനിന്നുള്ള റഫാ അതിർത്തി ഇന്നലെ വീണ്ടും തുറന്നതോടെ വിദേശികളും പരുക്കേറ്റ പലസ്തീൻകാരുമായി 80 പേർ ഈജിപ്തിലെത്തി. കഴിഞ്ഞ 48 മണിക്കൂറിൽ ഇസ്രയേലിന്റെ 27 ടാങ്കുകൾ ഉൾപ്പെടെ 160 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ആക്രമണം ആരംഭിച്ചശേഷം തങ്ങളുടെ 46 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഇതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇന്നലെ ഒരു വീടിനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ 13 പലസ്തീൻകാർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 11,078 ആയി. വെസ്റ്റ് ബാങ്കിലെ ജെനിനിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 2 സിവിലിയൻമാർക്കു പരുക്കേറ്റതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ച കഴിഞ്ഞദിവസം സജീവമായിരുന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയിൽനിന്നു പിന്മാറിയതായി ഹമാസ് അറിയിച്ചു. ഗാസയിലേക്കു കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ലണ്ടനിൽ കൂറ്റൻ പലസ്തീൻ റാലി,സംഘർഷം; 126 പേർ അറസ്റ്റിൽ
ലണ്ടൻ ∙ പലസ്തീൻ അനുകൂല റാലി നടത്തിയവരും അതിനെ എതിർക്കുന്നവരും തമ്മിൽ സെൻട്രൽ ലണ്ടനിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് പൊലീസ് 126 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം ലോകയുദ്ധം അവസാനിച്ച ദിവസത്തിന്റെ വാർഷിക ദിനമായിരുന്ന ശനിയാഴ്ച 3 ലക്ഷത്തോളം പേരാണ് പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തത്. റാലിയെ എതിർത്തവർ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. റാലിക്ക് പൊലീസ് അനുമതി നൽകിയതിനെ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാൻ രൂക്ഷമായി വിമർശിച്ചിരുന്നു.