തീരുവക്കലഹം: മസ്കും നവാരോയും വഴക്കടിക്കട്ടെയെന്ന് വൈറ്റ് ഹൗസ്

Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്ത ഉപദേഷ്‌ടാവെങ്കിലും ഭരണകൂടത്തിന്റെ തീരുവനയത്തോടു വിയോജിക്കുന്ന ഇലോൺ മസ്കും പ്രസിഡന്റിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും തമ്മിൽ തുടരുന്ന കലഹത്തെ വൈറ്റ് ഹൗസ് ചിരിച്ചു തള്ളി. വ്യാപാരവും തീരുവയും സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങളുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിൽനിന്ന് അകലം പാലിക്കുകയാണെന്ന സൂചനയാണ് വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് നൽകിയത്. ‘ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളായിരിക്കും. അവർ വഴക്കടിക്കട്ടെ’– കാരലിൻ പറഞ്ഞു.
യുഎസും യൂറോപ്പും തമ്മിൽ തീരുവയില്ലാത്ത വ്യാപാരബന്ധമാണു വേണ്ടതെന്നു വാദിക്കുന്ന മസ്കിനെ പല രാജ്യങ്ങളിൽനിന്നു പാർട്സ് കൊണ്ടുവന്നു ‘കാർ അസംബിൾ ചെയ്തു കൊടുക്കുന്നയാൾ’ എന്നു വിളിച്ച് നവാരോ പരിഹസിച്ചു. നവാരോ ശരിക്കുമൊരു മന്ദബുദ്ധി തന്നെ എന്നായിരുന്നു മസ്കിന്റെ മറുപടി. അമേരിക്കയിൽ നിർമിതമെന്നു പറയാവുന്ന ഏറ്റവും കൂടുതൽ യന്ത്രഭാഗങ്ങൾ ടെസ്‌ലയ്ക്കാണ് ഉള്ളതെന്നും കമ്പനി മേധാവിയായ മസ്ക് പറഞ്ഞു. ട്രംപ് ഇപ്പോൾ നടപ്പിലാക്കിവരുന്ന തീരുവനയത്തിന്റെ ഉപജ്ഞാതാവ് നവാരോ ആണെന്നാണു കരുതുന്നത്.