കഴിച്ച മുട്ടയുടെ കണക്കെടുത്താൽ ഇന്ന് ഫാം തുടങ്ങാമായിരുന്നു; 'നന്നാവാൻ' പലതും പരീക്ഷിച്ചു; രാധിക

Mail This Article
രാധിക എന്ന പേരിനെക്കാൾ റസിയ എന്നു പറയുമ്പോഴാവും മലയാളിപ്രേക്ഷകർക്കു കൂടുതൽ പരിചിതം. ക്ലാസ്മേറ്റ്സ് എന്ന സിനിമ കണ്ടവരാരും രാധികയെ മറക്കാനിടയില്ല. വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രാധിക ഇപ്പോൾ ദുബായിലാണ്. ഇപ്പോഴത്തെ പ്രധാന ഹോബി യാത്രയും പാചക പരീക്ഷണങ്ങളുമൊക്കെയാണെന്ന് രാധിക പറയുന്നു.

വലിയ പാചക റാണിയല്ലെങ്കിലും അത്യവശ്യം പാചകം വശമുണ്ടെന്നു പറയുന്ന രാധിക, ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചും പാചകത്തെ കുറിച്ചും മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു
ഉലകം ചുറ്റി ഫൂഡടിക്കും

ഉലകം ചുറ്റി നടക്കുന്നതിനാൽ ഏതു നാട്ടിലെ രുചിയും അറിയാൻ പറ്റിയെന്നാണ് രാധിക പറയുന്നത്. രാധികയും ഭർത്താവ് അബിയും ദുബായിലാണ് താമസം. വീണുകിട്ടുന്ന അവസരങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ഒരോ നാട്ടിലുമെത്തിയാൽ അവിടുത്തെ കാഴ്ച ആസ്വദിക്കുന്നതിനേക്കാൾ പരമ്പരാഗത ഭക്ഷണരുചിയറിയാനാണ് ഇരുവർക്കും തിടുക്കം. ഏത് നാട്ടിലെത്തിയാലും അവിടുത്തെ വിഭവങ്ങൾ കഴിക്കും.
ചില നാടുകളിലെ ഭക്ഷണത്തെക്കുറിച്ച് ഒാർക്കുമ്പോൾ അതു കഴിക്കാനായി മാത്രം അവിടെപ്പോയാലോ എന്നു വരെ ചിന്തിക്കാറുണ്ടെന്ന് രാധിക പറയുന്നു. ‘‘അഭി നല്ലൊന്നാന്തരം ഫൂഡിയാണ്. മൂല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നു പറയുന്നതുപോലെ ഞാനും അത്ര മോശമല്ല, ഇപ്പോൾ എന്തു കിട്ടിയാലും കഴിക്കും. വെജിറ്റേറിയൻ വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം.’’

കുക്കിങ് വിഡിയോയാണ് ഹൈലൈറ്റ്

‘‘പാചക വിഡിയോകൾ കാണാനാണ് അഭി ഫോൺ എടുക്കുന്നത് തന്നെ. ഒരുപാട് വ്യത്യസ്ത വിഭവങ്ങളും എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങളുടെ റെസിപ്പിയുമൊക്കെ ഇന്റർനെറ്റിലുള്ളത് പാചകത്തിലെ തുടക്കക്കാര്‍ക്ക് പ്രയോജനകരമാണ്.
പല വ്യത്യസ്ത വിഭവങ്ങളും വിഡിയോ നോക്കി ഞാൻ ഉണ്ടാക്കാറുണ്ട്. ഇതുവരെ ഒന്നും പാളിപ്പോയിട്ടില്ല.’’


ബിരിയാണി പ്രേമിയാണോന്നോ?

ബിരിയാണി ഇഷ്ടമാണോന്ന് ചോദിക്കേണ്ട കാര്യമില്ല, ഇങ്ങനെ ബിരിയാണിയെ പ്രേമിക്കുന്നയാള്‍ അഭി മാത്രമായിരിക്കും. 65 ദിവസവും ബിരിയാണി ഉണ്ടാക്കി കൊടുത്താലും അഭി ഹാപ്പിയാണ്.

ദുബായിലെ മിക്ക ബിരിയാണി രുചിയും അഭിയും ഞാനും കഴിച്ചിട്ടുണ്ട്. വിവാഹശേഷം ഞാൻ ബിരിയാണി ഉണ്ടാക്കാനും പഠിച്ചു. അഭി പഠിപ്പിച്ചു എന്നു തന്നെ പറയാം. എനിക്കും ബിരിയാണി ഇഷ്ടമാണ്.’’

അമ്മയുടെ രുചിയോളം ഒന്നും വരില്ല
‘‘ഏതു നാട്ടിലെ വിഭവങ്ങളുടെ രുചിയറിഞ്ഞാലും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയോളം ഒന്നും വരില്ല. അമ്മയ്ക്ക് ഭയങ്കര കൈപ്പുണ്യമാണ്. എല്ലാവരും അമ്മമാരുടെ പാചകത്തെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. അമ്മമ്മാർ അത്രയും ഇഷ്ടത്തോടെ മക്കൾക്ക് ഉണ്ടാക്കി നൽകുന്നതിനാലാകും ഇത്രയും രുചി. എന്റെ അമ്മയുടെ കുറെ സ്പെഷൽ െഎറ്റംസ് ഉണ്ട്. ദുബായിലെത്തിയിട്ടും ഒാരോ വിഭവങ്ങൾ തയാറാക്കുമ്പോഴും അമ്മയോട് വിളിച്ച് കൃത്യമായി ചോദിച്ചു പഠിച്ചാണ് തയാറാക്കുന്നത്.
ഉപ്പുമാങ്ങയും വൻപയറുമൊക്കെ ചേർത്ത് അമ്മ ഒരു കറി വയ്ക്കാറുണ്ട്. അടിപൊളി ടേസ്റ്റാണ് അതിന്. അങ്ങനെ പ്രത്യേകത നിറഞ്ഞ ഒരുപാട് റെസിപ്പികൾ അമ്മ പറഞ്ഞു തരാറുണ്ട്. ഞങ്ങളുടെ അമ്മൂമ്മ പണ്ട് വ്യത്യസ്ത രുചിക്കൂട്ടിലുള്ള വിഭവങ്ങൾ തയാറാക്കി തരാറുണ്ടായിരുന്നു. മത്തിയുടെ മുട്ട കൊണ്ടുള്ള വിഭവങ്ങളും ആഞ്ഞിലിക്കായയുടെ കുരു വറുത്തതും അടക്കം കുറേ വിഭവങ്ങൾ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അതൊക്കെ ഇന്ന് ഒരു ഒാർമ മാത്രമാണ്.
നാട്ടിലേക്ക് പോകുമ്പോൾ ഭയങ്കര സന്തോഷമാണ്. അമ്മയെയൊക്കെ കാണാം എന്നുള്ളത് മാത്രമല്ല നല്ല രുചിയുള്ള നാടൻ വിഭവങ്ങളും കഴിക്കാമല്ലോ എന്നതാണ്. തിരികെ ദുബായിലെത്തുമ്പോൾ ഒരുപാട് അച്ചാറുകളും ഉണ്ടാക്കി കൊണ്ടുവരാറുണ്ട്. പാവയ്ക്ക അച്ചാർ, ചമ്മന്തിപ്പൊടി എല്ലാം കൊണ്ടുവരും. അടുത്ത വെക്കേഷൻ വരെ അത് തീർക്കാതെ നോക്കും. കേടാകാറുമില്ല അച്ചാർ.’’
എരിവും പുളിയുമൊക്കെ വേണം
‘‘എനിക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണം. മധുരപ്രിയയല്ല, എന്നാലും ചിലനേരങ്ങളിൽ കഴിക്കാറുണ്ട്. അമ്മ ഉണ്ടാക്കുന്ന കേസരി എനിക്കിഷ്ടമാണ്. ഉള്ളിവട പോലെയുള്ള സ്നാക്സും ഇഷ്ടമാണ്. ഇവിടെ റമസാൻ ആയാൽ പല വെറൈറ്റി സ്നാക്കുകളും കിട്ടും. അതെല്ലാം വാങ്ങി കഴിക്കാറുണ്ട്. എന്തൊക്കെ കഴിച്ചാലും വണ്ണം അധികം വയ്ക്കാത്ത ശരീര പ്രകൃതമാണ് എന്റേത്.
കുട്ടിക്കാലത്ത് എനിക്ക് എന്നും മുട്ട നൽകാറുണ്ടായിരുന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇന്ന് അപ്പയോട് ഞാൻ പറയാറുണ്ട് അന്ന് എനിക്കു നൽകിയ മുട്ടയുടെ കണക്കെടുത്താൽ, ഇന്ന് അപ്പയ്ക്ക് മുട്ട വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളാക്കി വലിയ ഫാം തന്നെ തുടങ്ങാമായിരുന്നുവെന്ന്. ഇന്നും എന്തൊക്കെ കഴിച്ചാലും എനിക്ക് അങ്ങനെ തടിയൊന്നും വയ്ക്കാറില്ല.’’
തായ്‍ലൻഡും ശ്രീലങ്കയും
‘‘സ്ട്രീറ്റ് ഫൂഡിന്റെ മായാ ലോകമാണ് തായ്‍ലൻഡ്. പാറ്റയും പുഴുവും ഒന്നുമല്ല, നമുക്ക് കഴിക്കാൻ പറ്റിയ വിഭവങ്ങളും അന്നാട്ടിലുണ്ട്. പച്ചക്കുരുമുളക് അരച്ച ചെമ്മീൻ എനിക്കിഷ്ടമാണ്. ഇൗ വിഭവം കഴിക്കാനായി മാത്രം തായ്‍ലൻഡിൽ പോകണമെന്നാണ് എന്റെ ആഗ്രഹം.
പിന്നെ ഒരു രക്ഷയുമില്ലാത്തത് ശ്രീലങ്കൻ വിഭവങ്ങളാണ്. നല്ല സ്പൈസിയായ, രുചിയുള്ള വിഭവങ്ങളാണ്. ഒരിക്കൽ ശ്രീലങ്കയിൽ പോയപ്പോൾ ഒരു ഹോംസ്റ്റേയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടുത്തെ ആളോട് ഉച്ചഭക്ഷണം തയാറാക്കി നൽകുമോ എന്നു ചോദിച്ചപ്പോൾ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കിത്തന്നിരുന്നു. ഒന്നും ഒഴിവാക്കാനേ തോന്നിയില്ല അത്രയ്ക്ക് രുചിയായിരുന്നു. കൈപ്പുണ്യം നിറഞ്ഞ വിഭവങ്ങളായിരുന്നു. പാചകം ഒരു കലയാണ്. എനിക്ക് ഇനിയും പുതിയ വിഭവങ്ങൾ പരീക്ഷിക്കണം. പല വിഭവങ്ങൾ തയാറാക്കുമ്പോഴും പാചകത്തെ കൂടുതൽ ഇഷ്ടപ്പെടും. പുതിയ ആശയങ്ങളും കിട്ടും.’’
English Summary: Radhika Shares Her favourite food and Culinary Experiences