ബസ്മതി കൊണ്ട് ചോറുണ്ടാക്കുമ്പോള്‍ കുഴഞ്ഞു കട്ടപിടിക്കുന്നുണ്ടോ? ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കൂ
Mail This Article
മനംമയക്കുന്ന സുഗന്ധവും പോഷകഗുണങ്ങളുമുള്ള ബസ്മതി അരി ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. ബിരിയാണിയും പുലാവുമൊക്കെ ഉണ്ടാക്കാന്‍ ബസ്മതി ബെസ്റ്റാണ്. എന്നാല്‍ പലപ്പോഴും ഇത് വേവിക്കുമ്പോള്‍ കുഴഞ്ഞു കട്ടപിടിച്ചു പോകുന്നത് ഒരു പ്രശ്നമാണ്. അങ്ങനെയാകുമ്പോള്‍ ഇത് കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
നന്നായി വെന്തതും എന്നാല്‍ ഓരോ അരിമണികളും വെവ്വേറെ നില്‍ക്കുന്നതുമായ രീതിയില്‍ ബസ്മതി അരി എങ്ങനെ പാകം ചെയ്യാം? ഇതിനായുള്ള ചില കുറുക്കുവഴികളുണ്ട്. ഇന്‍സ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്ററായ മിസ്ന ഖാന്‍ പങ്കുവച്ച ടിപ്സ് നോക്കാം.
1. വെവ്വേറെ നില്‍ക്കുന്ന അരിമണികള്‍ കിട്ടാന്‍ ഏറ്റവും നല്ലത് നീളമുള്ള അരിയാണ്. കടയില്‍ പോകുമ്പോള്‍ എപ്പോഴും നല്ല നിലവാരമുള്ള അരി നോക്കി വാങ്ങിക്കുക.
2. എല്ലാത്തരം അരികളിലും അധിക അന്നജത്തിന്‍റെ അംശം കാണും. ഇത് ചോറ് കുഴഞ്ഞു പോകാനും ഒട്ടിപ്പിടിക്കാനും ഒരു പ്രധാനകാരണമാണ്. ഇത് ഒഴിവാക്കാന്‍ അരി നന്നായി കഴുകിയ ശേഷം, ഒരു 15 മിനിറ്റ് വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇങ്ങനെ പാകം ചെയ്യുമ്പോള്‍ ചോറിന്‍റെ അളവ് കൂടുന്നതും കാണാം.
3. അരി പാകം ചെയ്യാന്‍ വലിയ പാത്രങ്ങള്‍ തന്നെ എടുക്കുക, ഒരിക്കലും ചെറിയ പാത്രങ്ങളില്‍ അരി വേവിക്കരുത്. പാത്രത്തിലേക്ക് അരിയുടെ അഞ്ചിരട്ടി കൂടുതൽ വെള്ളം ഒഴിക്കുക. ഓരോ 200 ഗ്രാം (അല്ലെങ്കിൽ 1 കപ്പ്) അരിയ്ക്കും 2 ടീസ്പൂൺ എന്ന രീതിയില്‍ ഈ വെള്ളത്തിലേക്ക് ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
4. അരി വെള്ളം വാര്‍ത്തെടുത്ത് ഇതിലേക്ക് ഇടുക. ചെറുതായി ഇളക്കുക. അഞ്ചു മിനിറ്റ് നേരം ഇത് തിളപ്പിക്കുക.
5. ശേഷം, ഇത് അടുപ്പത്ത് നിന്നും എടുത്ത്, അരി വാര്‍ത്തെടുക്കുക
6. പിന്നീട്, പാത്രം വീണ്ടും അടുപ്പത്ത് വയ്ക്കുക. അടിഭാഗം മാത്രം കവര്‍ ചെയ്യുന്ന രീതിയില്‍, അല്‍പ്പം വെള്ളമൊഴിക്കുക. ഇതിലേക്ക് അരിയിട്ട് 5-7 മിനിറ്റ് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക.
7. ഇങ്ങനെ ചെയ്യുമ്പോള്‍ മൃദുലവും ഒട്ടിപ്പിടിക്കാത്തതുമായ ബസ്മതി ചോറ് കിട്ടും.