ഈ കൊതിപ്പിക്കും കാഴ്ച ഇവിടെ മാത്രമോ? സ്വർഗരാജ്യത്തെ സുന്ദര നിമിഷത്തിൽ എസ്തര്‍
Mail This Article
‘ദൃശ്യം’ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് എസ്തര്‍ അനില്‍. ഇടയ്ക്കിടെ യാത്രകള്‍ നടത്താറുള്ള എസ്തര്‍, വിശേഷങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഈയിടെ നടത്തിയ മാലദ്വീപ് യാത്രയുടെ വിശേഷങ്ങളും എസ്തര്‍ പങ്കുവച്ചിരുന്നു.
സ്വിമ്മിങ് പൂളിന് നടുവില്‍ നിന്നുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ഇതിന്‍റെ ഹൈലൈറ്റ്. ഹൃദയാകൃതിയുള്ള ഒരു ബാസ്ക്കറ്റില്‍ നിറയെ രുചികരമായ വിഭവങ്ങള്‍ കാണാം. ഇവ ഓരോന്നായി പൂളില്‍ നിന്നുതന്നെ കഴിക്കുകയാണ് എസ്തര്‍.
മാലദ്വീപിലെ സൗത്ത് ആൺ അറ്റോളിലുള്ള എംബൂധു ഫിനോൾഹു ദ്വീപിലാണ് താജ് എക്സോട്ടിക്ക റിസോർട്ട് ആൻഡ് സ്പാ സ്ഥിതിചെയ്യുന്നത്. ആഡംബര വില്ലകളും ലഗൂൺ കാഴ്ചകള്‍ നിറഞ്ഞ വലിയ ഇൻഫിനിറ്റി പൂളും ഉള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് താജ് എക്സോട്ടിക്ക. മാലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഈ റിസോര്‍ട്ടിലേക്ക്, സ്വകാര്യ സ്പീഡ് ബോട്ടിൽ 15 മിനിറ്റ് യാത്ര ചെയ്താണ് എത്തുന്നത്.
കോണ്ടിനെൻ്റൽ, ഇംഗ്ലിഷ്/ഐറിഷ്, വെജിറ്റേറിയൻ, ഏഷ്യൻ, അമേരിക്കൻ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.
ട്രോപ്പിക്കൽ പൂൾസൈഡ് ബാർ ആണ് ഇവിടുത്തെ ഒരു പ്രത്യേകത. പൂളിലേക്ക് ഭക്ഷണം എത്തിച്ചു നല്‍കും. വെള്ളത്തിന് മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ജെഫ്രി വില്ല ഓവർവാട്ടർ മെഡിറ്ററേനിയൻ റെസ്റ്റോറൻ്റ് സൂര്യാസ്തമയ കാഴ്ചകള്‍ കണ്ട് ഡിന്നര്‍ കഴിക്കുന്ന റൊമാന്റിക് അനുഭവം നല്‍കുന്നു.
കോക്ക്ടെയിലും രുചികരമായ പാനീയങ്ങളും വിളമ്പുന്ന ഇക്വറ്റോർ ബാർ & ലോഞ്ച്, രാജ്യാന്തര വിഭവങ്ങള്‍ ലഭിക്കുന്ന 24 ഡിഗ്രി റസ്റ്ററൻ്റ് എന്നിവയും താമസക്കാര്‍ക്കുള്ള ഭക്ഷണ ഓപ്ഷനുകളില്‍ പെടുന്നു. അതിഥികള്‍ക്ക് ബട്ട്ലര്‍ സേവനവും ഇവിടെ ലഭ്യമാണ്.