നിങ്ങളിന്ന് പഴങ്കഞ്ഞി കുടിച്ചോ? ഇല്ലെങ്കിൽ ഒരു തരി പോലും പാഴക്കാതെ അകത്താക്കാം!
Mail This Article
ഇന്ന് ബാക്കി വന്ന ചോറ് ആവശ്യത്തിന് വെള്ളം ഒഴിച്ച് പാത്രത്തിൽ ഒരു രാത്രി സൂക്ഷിച്ചാൽ രസികൻ പഴങ്കഞ്ഞി റെഡി. ഭക്ഷണവും പാഴാവില്ല!. പോഷകസമൃദ്ധിയുടെ നിറകുടമാണ് കേരളത്തിന്റെ സ്വന്തം പഴങ്കഞ്ഞി. പാശ്ചാത്യ പ്രാതലുകൾക്ക് പിന്നാലെ പോകുമ്പോൾ നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന പഴങ്കഞ്ഞിയുടെ ഗുണങ്ങൾ നമ്മൾ അറിഞ്ഞേ മതിയാവൂ.
ബാക്കി വന്ന ചോറ് ഒരു മൺകലത്തിൽ വെള്ളമൊഴിച്ച് തലേന്നു രാത്രി അടച്ചുവയ്ക്കുക പിറ്റേന്ന് രാവിലെ അതു തുറക്കുമ്പോഴേക്കും അത് "റസിസ്റ്റൻറ് സ്റ്റാർച്ച്" ആയി മാറിയിട്ടുണ്ടാകും. എന്നുവെച്ചാൽ ഭക്ഷണം ചെറുകുടലിൽ ദഹിക്കുന്നതിനുപകരം വൻകുടലിൽ വച്ചാണ് ദഹനം നടക്കുന്നത്. അങ്ങിനെ സംഭവിക്കുമ്പോൾ ഒരുപാട് നല്ല ബാക്ടീരിയകൾക്ക് അത് വളമാകുന്നു. അതൊടൊപ്പം ബ്ലഡ് ഷുഗർ ഒരളവുവരെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഒരുപാട് നേരം വിശപ്പ് ഇല്ലാതെ ഇരിക്കുവാനും സാധിക്കുന്നു .
ചെറിയ ഉള്ളി, കാന്താരി മുളക്, കറിവേപ്പില എന്നിവ ഉടച്ച് ആവശ്യത്തിന് ഉപ്പും തൈരും ചേർത്ത് പഴങ്കഞ്ഞി കഴിക്കാം. ഇതോടൊപ്പം ചെറുപയർ വേവിച്ചത്, തേങ്ങാച്ചമ്മന്തി, മെഴുക്കുപുരട്ടി എന്നിവ കൂടി ഉണ്ടെങ്കിൽ കുശാലായി.
ലോക്ഡൗൺ സമയത്ത് കരുതലോടെ ഭക്ഷണം തയാറാക്കാനും ചിലവാക്കാനും ഓരോ വീട്ടിലും ശ്രദ്ധിക്കാം.
English Summary: Super food of Kerala, Traditional Healthy Breakfast