വെറും 10 മിനിട്ട് മതി! എണ്ണയിൽ വറുത്തു കോരാതെ മിക്സ്ചർ തയാറാക്കാം

Mail This Article
നിലക്കടലയും പൊട്ടുകടലും ഒരുമിച്ച മിക്സ്ചർ എല്ലവർക്കും പ്രിയമാണ്. എരിവുള്ളതും ഇല്ലാത്തതും മധുരം നിറഞ്ഞതുമായ പല വെറൈറ്റി മിക്സ്ചർ മാർക്കറ്റുകളിൽ ലഭ്യമാണ്. എണ്ണയിൽ വറുത്തു കോരാതെ അടിപൊളി മിക്സ്ചർ തയാറാക്കിയാലോ? ചുരുങ്ങിയ സമയം മതി.
ചേരുവകൾ
∙അവൽ -1.5 കപ്പ്
∙നിലക്കടല -1/4 കപ്പ്
∙പൊട്ടുകടല -1/4 കപ്പ്
∙അണ്ടിപരിപ്പ് -1/4 കപ്പ്
∙ഉണക്ക മുന്തിരി -1/4 കപ്പ്
∙മുളക് പൊടി -1 ടീസ്പൂൺ
∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙കായപൊടി -1/4 ടീസ്പൂൺ
∙പൊടിച്ച പഞ്ചസാര -1 ടീസ്പൂൺ
∙എണ്ണ -1 ടീസ്പൂൺ
∙കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ 1 ടീസ്പൂൺ എണ്ണയൊഴിച്ചു അണ്ടിപരിപ്പ്, ഉണക്കമുന്തിരി, കറിവേപ്പില എന്നിവ കുറച്ചു ഉപ്പ് മുകളിൽ വിതറി വറുത്തെടുക്കുക.
അത് പാത്രത്തിലേക്കു മാറ്റിയ ശേഷം നിലക്കടലയും പൊട്ടുകടലയും ചെറു തീയിൽ വറുത്തെടുക്കുക. എണ്ണ ചേർത്തോ ചേർക്കാതെയോ വറുത്തെടുക്കാം. ഇത് പാത്രത്തിലേക്കു മാറ്റിയ ശേഷം പാനിലേക്കു അവൽ ഇട്ടു ചെറു തീയിൽ വറുക്കുക.5 മിനിറ്റ് ആകുമ്പോഴേക്കും അവൽ മൊരിഞ്ഞു വരുന്നതാണ്. അതിലേക്കു വറുത്തു വച്ച ചേരുവകൾ ചേർത്ത് കൊടുക്കുക. മഞ്ഞൾ പൊടിയും മുളക് പൊടിയും കായപൊടിയും ഉപ്പും പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു മധുരവും എരിവും ചേർന്ന അവൽ മിക്സ്ചർ റെഡി.
English Summary: less oil poha mixture Recipe