ഏത്തപ്പഴം പഴുത്ത് പോയോ? എങ്കിൽ ഈ സ്പെഷൽ ഉണ്ടാക്കിക്കോ

Mail This Article
ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ മലബാർ സ്പെഷ്യൽ സ്നാക്കാണ് ഉന്നക്കായ. പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണിത്. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള രുചിയാണ്. എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
· നേന്ത്രപ്പഴം 3 എണ്ണം
· നാളികേരം ചിരകിയത് 1 കപ്പ്
· നെയ്യ് 1 ടേബിൾ സ്പൂൺ
· കശുവണ്ടി ആവശ്യത്തിന്
· ഉണക്ക മുന്തിരി ആവശ്യത്തിന്
· പഞ്ചസാര ആവശ്യത്തിന്
· ഏലക്കായ പൊടി ആവശ്യത്തിന്
· വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപഴം രണ്ടായി മുറിച്ചു ഒരു ഇഡ്ഡലി പാത്രത്തിൽ വച്ച് പുഴുങ്ങി എടുക്കുക. പുഴുങ്ങിയ പഴം ചെറിയ ചൂടോടെ തന്നെ തൊലി കളഞ്ഞു പഴത്തിലെ സീഡും കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഉടച്ചെടുത്ത പഴം കൈ വച്ച് നല്ലോണം കുഴച്ചു എടുക്കണം. പഴം കുഴച്ചതു മാറ്റി വെച്ച് ഇനി ഫില്ലിങ് തയാറാക്കാം. ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടാക്കുക. ചൂടായ പാനിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം. നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് ഒന്ന് ഒന്ന് മിക്സ് ചെയ്ത ശേഷം ഉണക്ക മുന്തിരി കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്യുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ആവശ്യത്തിനുള്ള പഞ്ചസാര നാളികേരത്തിലേക്കു ചേർത്ത് കൊടുക്കാം ഒന്ന് മിക്സ് ചെയ്ത ശേഷം കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു നാളികേരം ഒന്ന് ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം. അപ്പോൾ ഫില്ലിങ്ങും റെഡി.
ഇനി ഉന്നക്കായ റെഡി ആക്കാം. കയ്യിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവുക എന്നിട്ടു നേരത്തെ കുഴച്ചു വച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടി ശേഷം കൈ വെള്ളയിൽ വച്ച് ഒന്ന് പരത്തുക. പരത്തിയതിന്റെ നടുവിലായി ഫില്ലിങ് ആവശ്യത്തിന് വച്ച ശേഷം ഉള്ളിൽ ആകത്തക്ക വിധത്തിൽ ഒന്ന് മടക്കാം ഇനി കൈ കൊണ്ട് സൈഡ് ഒട്ടിച്ചു കൊടുക്കാം. എന്നിട്ടു രണ്ടു കൈ ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പ് ആക്കി എടുക്കണം ശേഷം ഫ്രൈ ചെയ്തു എടുക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉന്നക്കായ ഇട്ടു കൊടുക്കുക. ഒരു സ്പൂൺ വച്ച് പതുക്കെ പതുക്കെ ഉണക്കായ തിരിച്ചു കൊടുക്കണം എല്ലാ വശവും ഒരു പോലെ ഫ്രൈ ആയി വന്നാൽ ഉന്നക്കായ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം. അപ്പോൾ നമ്മുടെ ടേസ്റ്റി ഉന്നക്കായ തയാർ.