ADVERTISEMENT

ഇന്ത്യയിൽ ബാങ്ക് വായ്പകളില്ലാത്ത കുടുംബങ്ങൾ ചുരുക്കം. ഓരോ തവണ റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) യോഗം ചേരുമ്പോഴും ഏവരും പ്രതീക്ഷിക്കുന്നത് പലിശനിരക്കിൽ നേരിയ ഇളവെങ്കിലും കിട്ടുമെന്നാണ്. എന്നാൽ, തുടർച്ചയായ 10-ാം യോഗത്തിലും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയാണ് എംപിസി ചെയ്തത്. അതായത് ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെയെല്ലാം പലിശഭാരം കുറയാൻ കാത്തിരിപ്പ് നീളും. ഒരാശ്വാസമുള്ളത്, ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ കുറയില്ല എന്നതാണ്.

റീപ്പോ നിരക്ക് 6.50%, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്ഡിഎഫ്ആർ) 6.25%, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 6.75%, കരുതൽ ധന അനുപാതം (സിആർആർ) 4.5%, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) 18% എന്നിങ്ങനെയാണ് നിലനിർത്തിയത്. ഇതിന് മുമ്പ് റിസർവ് ബാങ്ക് പലിശനിരക്കുകൾ പരിഷ്കരിച്ചത് 2023 ഫെബ്രുവരിയിലായിരുന്നു.

എന്തുകൊണ്ട് പലിശ കുറച്ചില്ല?

''ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക പോലും പലിശ കുറച്ചു; അപ്പോൾ ഇന്ത്യയും കുറയ്ക്കാൻ സാധ്യതയുണ്ട്'' - ഇങ്ങനെയുള്ള അഭിപ്രായങ്ങൾ ഉയർന്നെങ്കിലും അത് റിസർവ് ബാങ്ക് നേരത്തേ തന്നെ തള്ളിയിരുന്നു. അതുകൊണ്ട്, ഇന്നത്തെ യോഗത്തിലും പലിശ കുറയ്ക്കാൻ സാധ്യത വിരളം തന്നെയായിരുന്നു. അമേരിക്കയിലെ ഉൾപ്പെടെ ലോകത്തെ മറ്റേത് രാജ്യത്തെയും നയങ്ങൾ ഇന്ത്യയെ സ്വാധീനിക്കില്ലെന്നും റിസർവ് ബാങ്ക് പറഞ്ഞിരുന്നു.

rbi-1

പണപ്പെരുപ്പം കഴിഞ്ഞമാസങ്ങളിൽ കുറഞ്ഞെങ്കിലും നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ധനകാര്യ വിപണിയിലെ അസ്ഥിരത, പ്രതികൂല കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നത് കണക്കിലെടുത്താണ് ഇക്കുറിയും അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്താൻ എംപിസി തീരുമാനിച്ചത്.

ഇനി എന്ന് പലിശ കുറയ്ക്കും?

''പണപ്പെരുപ്പക്കുതിരയെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു'' എന്ന വാക്ക് ശക്തികാന്ത ദാസ് ഇന്ന് ഉപയോഗിച്ചിട്ടുണ്ട്. അതായത്, പണപ്പെരുപ്പം ഏറെക്കുറേ നിയന്ത്രിച്ചു എന്ന് റിസർവ് ബാങ്ക് കരുതുന്നു. അടുത്ത യോഗങ്ങളിൽ പലിശഭാരം കുറച്ചേക്കാമെന്നതിന്റെ സൂചനയായി ഇതിനെ പലരും കാണുന്നുണ്ട്. ഡിസംബർ 6നാണ് അടുത്ത പണനയ പ്രഖ്യാപനം. നടപ്പുവർഷത്തെ (2024-25) അവസാന എംപിസി യോഗം നടക്കുക ഫെബ്രുവരി 5 മുതൽ 7 വരെയുമാണ്; 7ന് പണനയം പ്രഖ്യാപിക്കും. റീറ്റെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും പലിശനിരക്ക് പരിഷ്കരിക്കുന്നത്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. രണ്ടു ശതമാനം വരെ കുറഞ്ഞാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളിൽ ഇത് 4 ശതമാനത്തിന് താഴെയായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ കൂടിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ജൂലൈ-സെപ്റ്റംബർപാദത്തിലെ അനുമാനം നേരത്തേ നിർണയിച്ച 4.4 ശതമാനത്തിൽ നിന്ന് ഇത്തവണത്തെ യോഗത്തിൽ 4.1 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഒക്ടോബർ-ഡിസംബറിൽ ഇത് 4.8 ശതമാനത്തിലേക്കും (കഴിഞ്ഞ യോഗത്തിലെ അനുമാനം 4.7% ആയിരുന്നു) ജനുവരി-മാർച്ചിലേത് 4.2 ശതമാനത്തിലേക്കും (കഴിഞ്ഞ യോഗത്തിൽ 4.3%) പുനർനിശ്ചയിച്ചിട്ടുണ്ട്. അടുത്തവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പ്രതീക്ഷിക്കുന്നത് 4.3 ശതമാനമാണ് (പഴയ അനുമാനം 4.4%). 

interest-rate-1

എല്ലാ അനുമാനങ്ങളും 4 ശതമാനമെന്ന നിയന്ത്രണപരിധിക്ക് മുകളിലാണ്. മികച്ച റാബി, ഖാരിഫ് വിളവുകൾ‌ പ്രതീക്ഷിക്കുന്നതിനാലും ഉപഭോക്തൃച്ചെലവ് മെച്ചപ്പെട്ടതിനാലും പണപ്പെരുപ്പം കൂടുതൽ വെല്ലുവിളിയാകില്ലെന്ന് റിസർവ് ബാങ്ക് കരുതുന്നു. അതുകൊണ്ട്, ഡിസംബറിലോ ഫെബ്രുവരിയിലോ പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യതയേറെയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

എഫ്ഡി പ്രിയർ എന്തു ചെയ്യണം?

റിസർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചുതുടങ്ങിയാൽ ആനുപാതികമായി ബാങ്കുകൾ‌ എഫ്ഡിയുടെ പലിശനിരക്കും കുറയ്ക്കും. നിലവിൽ മികച്ച പലിശ കിട്ടുന്ന എഫ്ഡികളിൽ ചേർന്ന് പലിശ 'ലോക്ക്' ചെയ്യാനാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം എഫ്ഡി പദ്ധതികളിൽ ചേർന്നാൽ, പിന്നീട് പലിശനിരക്ക് കുറഞ്ഞാലും ഉപഭോക്താവിനെ അത് ബാധിക്കില്ല. ഉപഭോക്താവ് തിരഞ്ഞെടുത്ത പദ്ധതിക്ക് മുൻനിശ്ചയിച്ച പലിശ തന്നെ ലഭിക്കും.

ജിഡിപി വളർച്ചാപ്രതീക്ഷ 7.2%

ഇന്ത്യ നടപ്പുവർഷം 7.2% വളരുമെന്ന മുൻ യോഗത്തിലെ അനുമാനം റിസർവ് ബാങ്ക് ഇക്കുറിയും നിലനിർത്തി. 6.7% ആയിരുന്നു നടപ്പുവർഷം ഏപ്രിൽ-ജൂണിലെ വളർച്ച. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. ഡിസംബർ പാദത്തിലെ പ്രതീക്ഷ 7.3ൽ നിന്ന് 7.4 ശതമാനത്തിലേക്ക് ഉയർത്തി. മാർച്ചുപാദ അനുമാനവും 7.2ൽ നിന്നുയർത്തി 7.4 ശതമാനമാക്കി. 2025-26 ജൂൺപാദത്തിലെ വളർച്ചാ പ്രതീക്ഷയും 7.2ൽ നിന്ന് 7.3 ശതമാനമാക്കി പുതുക്കിയിട്ടുണ്ട്.

indian currency and gdp word spelled out
indian currency and gdp word spelled out

കാർഷികമേഖല ഉണർവ് കൈവരിക്കുന്നതായി റിസർവ് ബാങ്ക് പറയുന്നു. മികച്ച മൺസൂണും മെച്ചപ്പെട്ട ജലലഭ്യതയും കരുത്താണ്. മാനുഫാക്ചറിങ്, സേവനമേഖലകളും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ഖാരിഫ്, റാബി കൃഷി സജീവമാണെന്നതും ഉത്സവകാലവും ഉപഭോക്തൃവിപണിയെ ഉഷാറാക്കുന്നു. ഉപഭോക്തൃചെലവഴിക്കലുകളും സ്വകാര്യ ഉപഭോഗവും വർധിച്ചു. ഉപഭോക്തൃ, ബിസിനസ് സംതൃപ്തിയും ഉയർന്നു. ബാങ്കുകളുടെയും കോർപ്പറേറ്റ് കമ്പനികളുടെയും ബാലൻസ്ഷീറ്റ് മെച്ചപ്പെട്ടു. കേന്ദ്രസർക്കാരിന്റെ അടിസ്ഥാന സൗകര്യ മൂലധനച്ചെലവ് വർധിച്ചതും ജിഡിപി വളർച്ചയ്ക്ക് വലിയ കരുത്താണെന്ന് റിസർവ് ബാങ്ക് പറയുന്നു.

പണനയ സമിതിയിൽ പുതിയ 'വിമതൻ'?

ഡോ. ആഷിമ ഗോയൽ, മലയാളിയായ പ്രൊഫ. ജയന്ത് വർമ, ശശാങ്ക ഭീഡെ എന്നിവരായിരുന്നു എംപിസിയുടെ കഴിഞ്ഞയോഗം വരെ സ്വതന്ത്ര അംഗങ്ങൾ. ഇവരുടെ പ്രവർത്തന കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പുതിയ 3 അംഗങ്ങളെ നാമനിർദേശം ചെയ്തിരുന്നു. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ. രാം സിങ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. നാഗേഷ് കുമാർ, സാമ്പത്തിക വിദഗ്ധൻ സൗഗത ഭട്ടാചാര്യ എന്നിവരാണവർ.

NEW YORK, NEW YORK - SEPTEMBER 05: Stock market numbers are displayed at the New York Stock Exchange during afternoon trading on September 05, 2024 in New York City. Stocks closed with a loss with the Dow Jones dipping under 200 points ahead of Friday's U.S. economy labor report and labor market data that was weaker than expected.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

കഴിഞ്ഞ സമിതിയിൽ പലിശഭാരം കുറയ്ക്കാൻ നിരന്തരം വാദിച്ചത് പ്രൊഫ. ജയന്ത് വർമയായിരുന്നു. പിന്നീട് ഡോ. ആഷിമയും അദ്ദേഹത്തിന്റെ വാദങ്ങളെ പിന്തുണച്ചു. ഇത്തവണത്തെ യോഗത്തിലും ഒരാൾ മാത്രമാണ് പലിശ കുറയ്ക്കണമെന്ന വാദം ഉയർത്തിയത്; ഡോ. നാഗേഷ് കുമാർ. സമിതിയിലെ മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്രയും എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജനും പലിശനിരക്ക് നിലനിർത്താനാണ് വോട്ടുചെയ്തത്. 

ഇനി ന്യൂട്രൽ നിലപാട്

എംപിസിയുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലപാടിൽ മാറ്റംവരുത്താൻ തീരുമാനിച്ചു എന്നതാണ് ഇത്തവണ യോഗത്തിന്റെ ശ്രദ്ധേയ നീക്കം. 'വിത്ഡ്രോവൽ ഓഫ് അക്കോമഡേഷൻ' എന്നതിൽ നിന്ന് 'ന്യൂട്രൽ' എന്നതിലേക്കാണ് നിലപാട് മാറ്റിയത്.

സാഹചര്യത്തിന് അനുസരിച്ച് പലിശനിരക്ക് കൂട്ടാനോ കുറയ്ക്കാനോ തീരുമാനിക്കാവുന്ന നിലപാടാണിത്. പലിശനിരക്ക് കുറച്ച് പണലഭ്യത വർധിപ്പിക്കാൻ അനുകൂലമായ നിലപാടായിരുന്നു 'അക്കോമഡേറ്റീവ്'. ഇതിൽ നിന്ന് ന്യൂട്രലിലേക്ക് മാറിയതോടെ, ഇനി സാഹചര്യം പ്രതികൂലമായാൽ പലിശനിരക്ക് കൂട്ടാനും എംപിസിക്ക് കഴിയും. ഹോക്കിഷ് (Hawkish) നിലപാടിലേക്ക് കൂടി കേന്ദ്രബാങ്കുകൾ കടക്കാറുണ്ട്. പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യങ്ങളിൽ പലിശനിരക്ക് കുത്തനെ കൂട്ടി പണലഭ്യതയ്ക്ക് കടിഞ്ഞാണിടുന്ന നിലപാടാണിത്. പണനയ സമിതിയിലെ ആറ് അംഗങ്ങളും ഐകകണ്ഠ്യേനയാണ് ന്യൂട്രൽ നിലപാടിലേക്ക് മാറാൻ ഇന്ന് വോട്ടിട്ടത്.

right and wrong
right and wrong

എൻബിഎഫ്സികൾക്ക് മുന്നറിയിപ്പ്

ഏത് വിധേനയും വളർച്ച നേടുകയെന്ന ലക്ഷ്യത്തോടെയാണ് ചില ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻബിഎഫ്സി) പ്രവർത്തനമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിദേശത്തു നിന്നടക്കമുള്ള നിക്ഷേപകരുടെ സമ്മർദ്ദം മൂലം ഓഹരിയിന്മേലുള്ള മികച്ച നേട്ടം (റിട്ടേൺ) ഉന്നമിട്ടാണ് പല മൈക്രോഫിനാൻസ് സ്ഥാപനങ്ങളും (എംഎഫ്ഐ) ഹൗസിങ് ഫിനാൻസ് കമ്പനികളും (എച്ച്എഫ്സി) പ്രവർത്തിക്കുന്നത്. ഇതിനായി ഉയർന്ന ബിസിനസ് ടാർജറ്റുകൾ പോലും വയ്ക്കുന്നു. ഇത് ഫലത്തിൽ ഉയർന്ന പലിശനിരക്കിലേക്കും പ്രോസസിങ് ഫീസിലേക്കുമാണ് ഉപയോക്താക്കളെ നയിക്കുക. ഇത് തിരിച്ചറി‍ഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് അത് വലിയ റിസ്കാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈടുരഹിത വായ്പകളുടെ വിതരണത്തിൽ ബാങ്കുകളും എൻബിഎഫ്സികളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Will loan interest rates decrease in India? The Reserve Bank maintains a neutral stance on rates, impacting borrowers and depositors. Get the latest updates on repo rate, inflation, and GDP growth projections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com