ADVERTISEMENT

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ നടത്തിയ വമ്പൻ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) അലയൊലികൾ മാറുംമുമ്പേ യുഎഇയിൽ വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു.

ജിസിസിക്ക് പുറമേ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും (MENA) സാന്നിധ്യമുള്ള, മുൻനിര ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ തലബത്താണ് (Talabat) നവംബർ 19ന് ഐപിഒയ്ക്ക് തുടക്കമിടുന്നത്. ഏകദേശം 100 കോടി ഡോളർ (8,440 കോടി രൂപ) ഉന്നമിട്ട് 349.3 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. ജർമൻ കമ്പനിയായ ഡെലിവറി ഹീറോയ്ക്ക് കീഴിലെ (Delivery Hero) സ്ഥാപനമാണ് തലബത്ത്. 15% ഓഹരികളാണ് ഡെലിവറി ഹീറോ ഐപിഒയിൽ വിറ്റഴിക്കുന്നത്.

യുഎഇ ഈ വർഷം സാക്ഷിയാകുന്ന ഏറ്റവും വലിയ ഐപിഒകളിലൊന്നാണ് തലബത്തിന്റേതും. 2004ൽ കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ച തലബത്തിന് നിലവിൽ യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, ജോർദാൻ, ഈജിപ്റ്റ്, ഇറാക്ക് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. 60 ലക്ഷം സജീവ ഉപയോക്താക്കളും 60,000ൽ അധികം ബിസിനസ് പങ്കാളികളും 1.19 ലക്ഷം ഡെലിവറി റൈഡർമാരുമുള്ള കമ്പനിയാണിത്.

Image : iStock/traffic_analyzer
Image : iStock/traffic_analyzer

യുഎഇയിലെ ഓഹരി വിപണികളിലൊന്നായ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) ഇടംപിടിക്കുന്നത് ലക്ഷ്യമിട്ട് 19ന് ആരംഭിക്കുന്ന ഐപിഒ രണ്ടുഘട്ടങ്ങളിലായി നവംബർ 28 വരെ നീളും. നവംബർ 27വരെയുള്ള ആദ്യഘട്ടത്തിലാണ് ചെറുകിട നിക്ഷേപകർക്ക് (റീട്ടെയ്ൽ ഇൻവെസ്റ്റർമാർ) ഓഹരികൾക്കായി അപേക്ഷിക്കാനാവുക.

നവംബർ 28വരെയുള്ള രണ്ടാംഘട്ടത്തിലാണ് യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് (ക്യുഐബി) അഥവാ പ്രൊഫഷണൽ‌ ഇൻവെസ്റ്റർമാർക്ക് അപേക്ഷിക്കാനുള്ള അവസരം. നവംബർ 29ന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. ഡിസംബർ‌ ആറിനാണ് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് നിക്ഷേപകർക്ക് ലഭിക്കുക. ഓഹരി ലഭിക്കാത്തവർക്ക് അന്നുതന്നെ റീഫണ്ടുമുണ്ടാകും. ഡിസംബർ 10നാണ് ഡിഎഫ്എമ്മിൽ ലിസ്റ്റിങ്.

മിനിമം തുക 5,000 ദിർഹം

ചെറുകിട നിക്ഷേപകർക്ക് മിനിമം 5,000 ദിർഹത്തിനുള്ള (1.14 ലക്ഷം രൂപ) ഓഹരികൾക്കായി അപേക്ഷിക്കാം. തുടർന്ന് 1,000 ദിർഹത്തിനും (23,000 രൂപ) അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 50 ലക്ഷം ദിർഹമാണ് (11.5 കോടി രൂപ) പ്രൊഫഷണൽ നിക്ഷേപകർക്കുള്ള മിനിമം പരിധി. പ്രൊഫഷണൽ നിക്ഷേപകർക്ക് 180 ദിവസത്തെ ലോക്ക്-ഇൻ കാലാവധിയുമുണ്ടാകും. 180 ദിവസത്തിന് ശേഷമേ ഓഹരി കൈമാറാനോ വിൽക്കാനോ കഴിയൂ. ഐപിഒയിൽ 95% ഓഹരികളും നീക്കിവച്ചിരിക്കുന്നത് പ്രൊഫഷണൽ നിക്ഷേപകർക്കായാണ്. 5% ചെറുകിട നിക്ഷേപകർക്കും.

NEW YORK, NEW YORK - AUGUST 29: Traders work on the floor of the New York Stock Exchange during afternoon trading on August 29, 2022 in New York City. Stocks opened lower this morning continuing the downward trend of last week after the Dow closed falling 1,008 points after Federal Reserve Chairman Jerome Powell's remarks on inflation at the central bank’s annual Jackson Hole economic symposium.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP

റിസീവിങ് ബാങ്കുകളായ എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മാഷ്റെക് ബാങ്ക്, എംബാങ്ക്, ഡബ്ല്യുഐഒ ബാങ്ക് എന്നിവ മുഖേനയാണ് ഓഹരികൾക്കായി അപേക്ഷിക്കാവുക.

ഡിഎഫ്എമ്മിൽ നിന്നുള്ള നാഷണൽ ഇൻവെസ്റ്റർ നമ്പർ (എൻഐഎൻ/NIN) ഉള്ളവർക്കേ ഐപിഒയിൽ പങ്കെടുക്കാനാകൂ. ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്. കൂടുതൽ മികവുകളോടെ പ്രവർത്തനം മെച്ചപ്പെടുത്താനും വിപണിസാന്നിധ്യം ശക്തമാക്കാനുമാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക തലബത്ത് പ്രധാനമായും വിനിയോഗിക്കുക.

വിറ്റുവരവും ലാഭവിഹിതവും

2024 ജനുവരി-സെപ്റ്റംബർ കാലയളവിൽ 1,980 കോടി ദിർഹം (45,500 കോടി രൂപ) ആയിരുന്നു തലബത്തിന്റെ വിറ്റുവരവ് (ഗ്രോസ് മർച്ചൻഡൈസ് വാല്യു/ജിഎംവി). 2023ലെ സമാനകാലത്തേക്കാൾ 21.32% അധികമാണിത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 63.4% വർധിച്ച് 130 കോടി ദിർഹവുമാണ് (3,000 കോടി രൂപ). 6.7 ശതമാനമാണ് എബിറ്റ്ഡ മാർജിൻ. വരുമാനം 32% ഉയർന്ന് 760 കോടി ദിർഹം (17,500 കോടി രൂപ). ലാഭവിഹിതമായി 150 കോടി ദിർഹം (3,450 കോടി രൂപ) വിതരണം ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 2025ൽ ഘട്ടംഘട്ടമായാകും ഇത്.

ലുലുവിന്റെ ഐപിഒ നേട്ടം

172 കോടി ഡോളർ (14,500 കോടി രൂപ) സമാഹരിച്ച ലുലു റീട്ടെയ്‍ലിന്റെ ഐപിഒയ്ക്ക് ലഭിച്ചത് മൊത്തം 3.11 ലക്ഷം കോടി രൂപയുടെ അപേക്ഷകളായിരുന്നു. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. 2.04 ദിർഹം (ഏകദേശം 47 രൂപ) ആയിരുന്നു ഐപിഒയിൽ ഓഹരി വില. നവംബർ 14ന് ആയിരുന്നു അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലുലു ഓഹരികളുടെ ലിസ്റ്റിങ്. 

English Summary:

Talabat to launch ipo on November 19, one othe biggest this year in the UAE: Talabat, a leading online food delivery platform, is launching its IPO on the Dubai Financial Market on November 19th, aiming to raise $1 billion. Learn about this exciting investment opportunity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com