കുട്ടിക്കു നല്ല വിദ്യാഭ്യാസം നല്‍കണ്ടേ? ഇപ്പോഴെ തയാറെടുക്കാം

Mail This Article
സ്കൂൾ തുറന്നു. മക്കൾ പുതിയ ക്ലാസിലെത്തിയതിന്റെ സന്തോഷത്തിലാകും നിങ്ങൾ. ഇതിനിടയിൽ ഒന്നു ചോദിക്കട്ടെ, അവരുടെ ആഗ്രഹമനുസരിച്ചു എത്ര വേണമെങ്കിലും പഠിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? സ്വയം വിലയിരുത്തിയാൽ ഇല്ലെന്നാവും ഉത്തരം. എന്നാൽ അവർക്ക് നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നത്ര തയാറെടുപ്പ് നേരത്തെ തുടങ്ങിയാല്‍ ഭാവിയിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകില്ലേ?
കുട്ടികൾക്കായുള്ള സാമ്പത്തികാസൂത്രണത്തില്‍ ഏറ്റവും പ്രധാനമാണ് അവരുടെ വിദ്യാഭ്യാസ ആസൂത്രണം. അവർ എത്ര ചെറുതായിരിക്കുമ്പോള്‍ അതിനുള്ള തയാറെടുപ്പ് തുടങ്ങുന്നോ കാര്യങ്ങൾ അത്രയും നല്ലതായിരിക്കും. കുട്ടികൾക്കായുള്ള സാമ്പത്തിക ആസൂത്രണത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്കു വരിക ഏതെങ്കിലും ചൈൽഡ് പ്ലാൻ ആയിരിക്കും എന്നാൽ പേരിൽ ചൈൽഡ് പ്ലാൻ ഉള്ളതുകൊണ്ടു മാത്രം അതെടുക്കണമെന്നില്ല. പദ്ധതിയുടെ സവിശേഷതകൾ,നേട്ടം,അതിന്റെ റിസ്ക് തുടങ്ങിയ പല ഘടകങ്ങൾ പരിഗണിച്ചശേഷം മാത്രമേ അത്തരം പദ്ധതികൾ തിരഞ്ഞെടുക്കാവൂ.
നല്ല ഏതാനും മ്യൂച്ചൽഫണ്ട് പദ്ധതികൾ തിരഞ്ഞെടുത്തശേഷം അവയിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതു ദീർഘകാലത്തേക്കു മികച്ച നേട്ടം നൽകും. ഇത്തരത്തിൽ നല്ലൊരു ഫണ്ട് തെരഞ്ഞെടുത്തിട്ട് നേരിട്ട് ഓൺലൈനായി ചേർന്നാൽ സർവീസ് ചാർജുൾപ്പടെ കുറവ് വരും. ദീർഘകാലത്തേക്കാകുമ്പോൾ നല്ലൊരു തുക ഇത്തരത്തിലും ലാഭിക്കാനാകും. ദീർഘകാലത്തേക്കുള്ള ഇത്തരം നിക്ഷേപങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നത് നിക്ഷേപത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് നന്നായിരിക്കും. ഒപ്പം തന്നെ കുട്ടി ചേരാനാഗ്രഹിക്കുന്ന കോഴ്സിനെ കുറിച്ചും അതിന്റെ ഫീസിനെ കുറിച്ചുമൊക്കെ അറിഞ്ഞുവെക്കുക.