സ്വർണത്തിന് ഇനിയും വില കൂടിയാൽ എന്ത് സംഭവിക്കും?
Mail This Article
എല്ലാ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണത്തിന് വില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. ഔൺസിന് (28.34 ഗ്രാം) 2328 അമേരിക്കൻ ഡോളർ കടന്നിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ പത്തു ഗ്രാമിന് 71,000 രൂപ കടന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 40 ശതമാനം വില വർധിച്ചു.
സാധാരണയായി ഓഹരി വിപണി താഴെ പോകുമ്പോഴാണ് സ്വർണത്തിന്റെ വില കൂടുക. എന്നാൽ ഇപ്പോൾ ഇതല്ല സ്ഥിതി. ഓഹരി വിപണി ഉഷാറാണ്. സ്വർണത്തിന്റെ വിലയും മേലേയ്ക്ക് തന്നെ. എന്താവാം ഇതിന് കാരണം?
സ്വർണത്തിന് എന്നും ഡിമാൻഡ്
സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം എക്കാലവും ഏവർക്കും പ്രിയപ്പെട്ടതാണ്. ഇന്ത്യയിലാകട്ടെ നിക്ഷേപം എന്നതിനോടൊപ്പം അണിഞ്ഞൊരുങ്ങാനും സ്വർണം വേണം. അതിനാൽ സ്വർണത്തിന് എപ്പോഴും ഡിമാൻഡ് ഉണ്ട്. സ്വർണത്തിന്റെ അളവും ലഭ്യതയും പരിമിതമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും സ്വർണത്തിന്റെ വിലയിൽ ഹ്രസ്വകാല തിരുത്തലുകൾ ഉണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്നു തന്നെയിരിക്കും. നിക്ഷേപം എന്ന നിലയിൽ പതിനൊന്ന് ശതമാനത്തിന് മേൽ ആദായം സ്വർണം നൽകുന്നുണ്ട്.
വിലക്കയറ്റം അനിശ്ചിതത്തിൽ
വിലക്കയറ്റം അനിശ്ചിതാവസ്ഥയിൽ തുടരുന്നത് സ്വർണത്തിന്റെ വില കൂടുവാൻ ഒരു കാരണമാണ്. ഇന്ത്യയിലും വിദേശത്തും ഇപ്പോഴും വിലക്കയറ്റം അഭിലഷണീയമായ നിലയിലേയ്ക്ക് താഴ്ന്നിട്ടില്ല. ഷെയർ മാർക്കറ്റ് ബുള്ളിഷ് ആണെങ്കിലും അതിന്റെ ദിശ ഇപ്പോഴും സുവ്യക്തമല്ല. ലോകത്ത് പലയിടത്തും രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്. യുദ്ധങ്ങൾ നീണ്ടുനിൽക്കുന്നു. സാമ്പത്തിക വളർച്ചയും ആശങ്കയിലാണ്. ഇതുകൊണ്ടെല്ലാം ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ നിക്ഷേപങ്ങൾ സ്ഥിരമായി എങ്ങും വെക്കുന്നില്ല. ഇത് ഓഹരി വിപണിയെ ചഞ്ചലപ്പെടുത്തുന്നു.
ഫെഡ് റേറ്റ് കുറയുമോ?
അമേരിക്ക നിരക്കുകൾ കുറച്ചില്ലായെങ്കിലും വൈകാതെ അതുണ്ടാകും എന്നൊരു തോന്നലുണ്ട്. ഫെഡ് റേറ്റ് കുറച്ചാൽ അത് രാജ്യാന്തര തലത്തിൽ നിരക്ക് കുറയ്ക്കുവാൻ നിമിത്തമാകും. ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റും പലിശ കുറയും. ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ട് സ്വർണത്തിലുള്ള നിക്ഷേപം കൂടും. വില വർദ്ധനവിന് ഇതും ഒരു കാരണമാണ്.
റിസർവ് കൂടിയാൽ
രാജ്യങ്ങൾ സ്വർണം റിസർവ് ആയി വെക്കും. ഇത് സമ്പദ് വ്യവസ്ഥയുടെ ഉറപ്പായി കരുതുന്നു. ചൈന ഇത്തരത്തിൽ തങ്ങളുടെ റിസർവിലേക്ക് സ്വർണം കൂടുതലായി ശേഖരിക്കുന്നു എന്ന വാർത്തയുണ്ട്.
വില കൂടിയാൽ എന്ത്?
സ്വർണവിലയിലെ അസാധാരണമായ ഈ മുന്നേറ്റം മൂലം സാധാരണക്കാർക്ക് സ്വർണം അപ്രാപ്യമാകുന്നു. സ്വർണത്തിന്റെ വില്പന കുറഞ്ഞു. കച്ചവടക്കാർക്ക് കൂടുതൽ സമയം സ്വർണം കൈയിൽ വയ്ക്കേണ്ടിവരും. കൂടുതൽ തുക സ്റ്റോക്കിൽ കെട്ടിക്കിടക്കും. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും.
ഇന്ത്യ സ്വർണം ധാരാളമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വിലകൂടുമ്പോൾ ഇറക്കുമതിയിനത്തിൽ ഇന്ത്യയുടെ സമ്മർദ്ദം കൂടും. ഇത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനെ (CAD) പ്രതികൂലമായി ബാധിക്കും. സർക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കം വർദ്ധിക്കും എന്നതാണ് ഒരു ഗുണം. എന്നാൽ അവിടെയും സ്ഥിതി നല്ലതല്ല. വിലകൂടിയപ്പോൾ സ്വർണത്തിന്റെ ഇറക്കുമതിയും കുറഞ്ഞു. ഫെബ്രുവരിയിൽ 100 ടൺ ആയിരുന്ന ഇറക്കുമതി മാർച്ചിൽ 25 ടൺ ആയി കുറഞ്ഞു എന്നാണ് കണക്ക്.
സ്വർണപ്പണയത്തിന് കൂടുതൽ തുക
സ്വർണത്തിന് വില കൂടുമ്പോൾ ബാങ്കുകളും മറ്റും സ്വര്‍ണ പ്പണയത്തിനു കൂടുതൽ തുക നൽകും. താൽക്കാലികമായി ഇത് നല്ലതാണെങ്കിലും ഇടപാടുകാർക്ക് ഈ വലിയ തുകയും പലിശയും അടയ്ക്കുവാൻ കഴിയാതെ വന്നാൽ അത് മറ്റൊരു ബുദ്ധിമുട്ടിലേക്ക് നയിക്കും. സ്വർണത്തിന്റെ വില കുറഞ്ഞാൽ സ്ഥിതി കൂടുതൽ വഷളാകും. 2013-14 വർഷങ്ങളിൽ ഇത്തരമൊരു സാഹചര്യം ബാങ്കുകളും ഇടപാടുകാരും അഭിമുഖീകരിച്ചതാണ്.
സ്വർണത്തിന് വിലകൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥ നീണ്ടനാൾ നിലനിൽക്കുമെന്ന് കരുതുന്നത് ഉചിതമായിരിക്കില്ല. സങ്കീർണമായ ധാരാളം കാര്യങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ സ്വർണം സംബന്ധിച്ച തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക.
ലേഖകൻ എഴുത്തുകാരനും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്. kallarakkalbabu@gmail.com