നിക്ഷേപത്തിലും അപകടം! കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം കളഞ്ഞു കുളിക്കാന്‍ അമിത ആത്മവിശ്വാസം മാത്രം മതി
Mail This Article
നിക്ഷേപമെന്നത് ലളിതമാണെന്നാണ് പലരുടേയും ചിന്താഗതി. നിക്ഷേപത്തെ കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ പലപ്പോഴും നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയെയാവും അതു ബാധിക്കുക.
അമിത ആത്മവിശ്വാസവും നഷ്ടവും
ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ ആത്മവിശ്വാസം അനിവാര്യമാണ്. വിവിധ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്ത് യുക്തിപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയാണല്ലോ നിക്ഷേപം മുന്നോട്ടു കൊണ്ടു പോകുന്നത്. അതേ സമയം അമിതമായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന മോശം തീരുമാനങ്ങള്‍ വന്‍ നഷ്ടത്തിലേക്കാവും നിങ്ങളെ നയിക്കുക. നിക്ഷേപത്തിന്റെ പാതയെ കുറിച്ചു കൃത്യമായി അറിയാമെന്ന അമിതമായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വളരെ ചുരുങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്തുള്ള പ്രവചനങ്ങളാകും മനസിലേക്ക് എത്തിക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കണക്കിലെടുക്കാതെയുള്ള വിശകലനത്തിലേക്കാവും ഇതു നിക്ഷേപകരെ നയിക്കുക. നിക്ഷേപ ഗുരുക്കന്മാരായ ബഞ്ചമിന്‍ ഗ്രഹാമും ഡേവിഡ് ഡോഡും പോലുള്ളവര്‍ പോലും ഇതേക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നുണ്ട്. അമിത ആത്മവിശ്വാസത്തിന്റെ മാത്രം പിന്‍ബലത്തില്‍ വലിയ തലത്തില്‍ ട്രേഡിങ് നടത്തുന്നവരുണ്ട്. മോശമായ പ്രകടനവും നിക്ഷേപം തുടങ്ങുകയും പിന്‍വലിക്കുകയും ചെയ്യുന്ന സമയം പ്രതികൂലമാകുകയുമെല്ലാം ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കും.
വിപണിയുടെ ഗതി കണക്കു കൂട്ടാന്‍ നിക്ഷേപകര്‍ ശ്രമിക്കും തോറും കൂടുതല്‍ ട്രേഡിങ് നടത്താന്‍ അവരില്‍ പ്രവണത ഉയരും. ഇതു പലപ്പോഴും കുറഞ്ഞ ലാഭത്തിലേക്കാവും നയിക്കുക.
സൂക്ഷ്മമായ കാര്യങ്ങളും ശ്രദ്ധിക്കുക
അമിത ആത്മവിശ്വാസം മൂലം സൂക്ഷ്മമായ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അറിയാതെയാണെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ വളരെ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഈ അമിത ആത്മവിശ്വാസം. ഇവിടെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. തങ്ങളുടെ നിലപാടുകള്‍ക്ക് എതിരായ വാദങ്ങള്‍ തേടുക, പതിവ് നടപടിക്രമങ്ങള്‍ പാലിച്ച് ഡാറ്റ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്യുക, ദീര്‍ഘകാല അടിസ്ഥാന നിരക്കുകള്‍ പരിശോധിക്കുക തുടങ്ങിയവയാണ് ഇവിടെ ഗുണകരമാകുക. ഒരു നിക്ഷേപ ഡയറി സൂക്ഷിക്കുക എന്നത് ഗുണകരമാകും. ഭാഗ്യവം കഴിവും തമ്മില്‍ വ്യത്യാസത്തോടെ മനസിലാക്കാന്‍ ഇതു സഹായിക്കും. നമ്മുടെ അറിവിനും കഴിവുകള്‍ക്കുമുള്ള പരിമിതികളെ കുറിച്ച് ഇത്തരത്തില്‍ ഒരു ധാരണയുണ്ടാക്കിയാല്‍ നമുക്കു കൂടുതല്‍ മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അങ്ങനെ അമിത ആത്മവിശ്വാസം ഒഴിവാക്കാനും സാധിക്കും.
സന്തുലിതമായ നീക്കങ്ങള്‍ മികച്ചത്
ശുഭപ്രതീക്ഷയും ആത്മവിശ്വാസവും തീരുമാനങ്ങള്‍ എടുക്കലുമെല്ലാം നിക്ഷേപത്തില്‍ ഒഴിവാക്കാനാവില്ല. പക്ഷേ, കൃത്യമായ വിശകലനമില്ലാതെ അമിത ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. ദീര്‍ഘകാലത്തിലെ പ്രതിഫലനങ്ങള്‍ കൂടി വിശകലനം ചെയ്ത് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും മികച്ചത്. വിവിധ ഘട്ടങ്ങളിലായുള്ള വിപുലമായ സാധ്യതകള്‍ ഇതിനായി അവലോകനം ചെയ്യണം. വിപണിയിലൂടെ സന്തുലിതമായി മുന്നോട്ടു പോകാന്‍ ഇതു നിക്ഷേപകരെ സഹായിക്കും.
അമിത ആത്മവിശ്വാസം എന്തെന്നു മനസിലാക്കിയെടുക്കുക ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. ആത്മവിശ്വാസം എന്നത് നിക്ഷേപം മുന്നോട്ടു കൊണ്ടു പോകാന്‍ അനിവാര്യമാണെങ്കില്‍ അമിത ആത്മവിശ്വാസം അപകടകരവുമാണ്. ഇവ മനസിലാക്കിയുളള നിക്ഷേപ രീതികള്‍ വളര്‍ത്തുക എന്നതാണ് നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടത്.
ലേഖകൻ ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റിന്റെ സിഐഒ ആണ്