ഇന്ത്യൻ വിപണിയിലെ റെക്കോർഡ് ഓഹരിവിൽപ്പന, പക്ഷേ പണം പറക്കുന്നത് കൊറിയയിലേയ്ക്ക്
Mail This Article
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ പ്രാഥമിക പൊതു വില്പന( IPO); പക്ഷെ പണം മുഴുവനായും പോകുന്നത് ദക്ഷിണ കൊറിയയിലേക്ക്. പറഞ്ഞു വരുന്നത് നാളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ഹ്യൂണ്ടായ് ഇന്ത്യ ഐപിഒയെ കുറിച്ചാണ്. ഇവിടെ നിക്ഷേപകൻ പണം മുടക്കുന്നത് ഹ്യൂണ്ടായ് ഇന്ത്യ ഓഹരി വാങ്ങാനാണ്; എന്നാൽ അതിൽനിന്നും ഒരു രൂപ പോലും ഹ്യുണ്ടായ് ഇന്ത്യക്ക് കിട്ടില്ല. പണമെല്ലാം ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് മോട്ടോർ കമ്പനി (എച്ചഎംസി)ക്കാണ്.
അതെന്തുകൊണ്ട്?
പ്രാഥമിക പൊതു വില്പന രണ്ടു രീതിയിൽ നടത്താം. പുതിയ ഓഹരികൾ നൽകിയും നിലവിലുള്ള ഓഹരികൾ നൽകിയും. പുതിയ ഓഹരി നൽകാൻ കഴിയുന്നത് ആ കമ്പനിക്കു മാത്രമാണ്. നിലവിലുള്ള ഓഹരിയാകട്ടെ ഇപ്പോൾ ആ ഓഹരികൾ കൈവശമുള്ള ഓഹരി ഉടമകൾക്കും. ആ കമ്പനി മുൻപ് ഓഹരി വിറ്റപ്പോൾ വാങ്ങിയവരായിരിക്കും ഇവർ. പുതിയ ഓഹരി വിൽപ്പന ഫ്രഷ് ഇഷ്യൂ ആണെങ്കിൽ നിലവിലുള്ള ഓഹരി വിൽപ്പന ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആണ്.
ഹ്യൂണ്ടായ് ഇന്ത്യ പല സമയത്തായി പുതിയ ഓഹരികൾ മുഴുവനും നൽകിയത് മാതൃ സ്ഥാപനമായ എച്ച്എംസിക്കു മാത്രമാണ്; അതിന്റെ വില എച്ച്എംസി യിൽ നിന്നും ഹ്യൂണ്ടായ് ഇന്ത്യക്കു ലഭിച്ചു. എച്ചഎംസി യുടെ പൂർണ ഉടമസ്ഥതയിലുള്ളതാണ് ഹ്യൂണ്ടായ് ഇന്ത്യ. അതായത് ഹ്യൂണ്ടായ് ഇന്ത്യയുടെ പ്രൊമോട്ടർ അഥവാ ഉടമ എച്ച്എംസിയാണ്. ഓഫർ ഫോർ സെയിലിലുള്ള ഐപിഒ കഴിയുന്നതോടെ ഹ്യൂണ്ടായി ഇന്ത്യയുടെ 17.50% ഓഹരി എച്ച്എംസി യിൽ നിന്നും മറ്റു നിക്ഷേപകരിലെത്തും. അതിന്റെ പണം മാതൃകമ്പനിക്കു കിട്ടിയും ചെയ്യും.
ആദ്യ പബ്ലിക് ഇഷ്യു ഓഫർ ഫോർ സെയിലോ ഫ്രഷ് ഇഷ്യൂവോ മാത്രമായി നടത്താം. അല്ലെങ്കിൽ രണ്ടും ചേർത്തും നടത്താം. ഇതിനു മുൻപത്തെ വലിയ ഓഹരി വില്പനയുമായി എൽഐസി എത്തിയതും ഒരു പൂർണ ഓഫർ ഫോർ സെയിലായിരുന്നു. എൽഐസിയിൽ 100 ശതമാനമായിരുന്ന കേന്ദ്ര സർക്കാരിന്റെ ഓഹരി വിഹിതം 96.50 ശതമാനമായി കുറഞ്ഞു; അതിന്റെ വിലയായി കേന്ദ്രത്തിന് 21008 കോടി രൂപയും ലഭിച്ചു.
ഫസ്റ്റ് ക്രൈ എന്ന കമ്പനിയുടെ ഐപിഒയും മറ്റൊരു ഉദാഹരണമാണ്. ഫ്രഷ് ഇഷ്യൂവും ഓഫർ ഫോർ സെയിലും ചേർന്ന ഈ ഐപിഒയിൽ പല നിക്ഷേപകരും അവരുടെ പക്കലുണ്ടായിരുന്ന ഓഹരി വിറ്റു. ഫസ്റ്റ് ക്രൈയിലെ പ്രാരംഭ നിക്ഷേപകരിൽ (early stage investor) പ്രധാനിയായിരുന്ന രത്തൻ ടാറ്റ 2016 ൽ 66 ലക്ഷം രൂപക്ക് വാങ്ങിയ ഓഹരികൾ വിറ്റു നേടിയത് 3.62 കോടി രൂപയാണ്. അതായത് ഓഫർ ഫോർ സെയിലിൽ ഉടമസ്ഥരായ പ്രൊമോട്ടർമാരോ പ്രാരംഭ ദശ നിക്ഷേപകരോ ആണ് കയ്യിലുള്ള ഓഹരി വിറ്റഴിക്കുന്നത്. ഒഎഫ്എസിൽ നിന്നുമുള്ള പണം അതു വിൽക്കുന്ന ഓഹരി ഉടമകൾക്ക് യഥേഷ്ടം ഉപയോഗിക്കാം. ഫ്രഷ് ഇഷ്യൂ വിൽ നിന്നുള്ള പണം കമ്പനിക്ക് ബിസിനസ് വിപുലീകരിക്കാൻ ഉപയോഗിക്കാം; അല്ലെങ്കിൽ കടം വീട്ടാം.
ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ 25% ഓഹരികളെങ്കിലും പ്രൊമോട്ടർ അല്ലാത്തവരുടെ കൈവശമായിരിക്കണം എന്നാണു ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ നിയമം. ലിസ്റ്റ് ചെയ്ത് മൂന്ന് വർഷത്തിനകം പ്രൊമോട്ടർ വിഹിതം കുറച്ചിരിക്കണം. ഹ്യൂണ്ടായ് ഇന്ത്യയുടെ ഐപിഒ വഴി ഇപ്പോൾ 17.50% ഓഹരികൾ മറ്റുള്ളവരുടെ കൈയിൽ എത്തും. അതായത് 7.50 ശതമാനത്തോളം ഓഹരികൾ കൂടി 3 വർഷത്തിനുള്ളിൽ വിറ്റഴിക്കണം. ഇവിടെയും പുതിയ ഓഹരി വഴിയോ നിലവിലുള്ള ഓഹരി വിറ്റോ എച്ചഎംസിക്ക് വിഹിതം 75 ശതമാനമാക്കാം. ഇങ്ങനെ ലിസ്റ്റ് ചെയ്തൊരു കമ്പനി വീണ്ടും ഓഹരി വില്പനക്കു വരുന്നതാണ് ഫോളോ ഓൺ പബ്ലിക് ഓഫർ (FPO).
ഐപിഒ എന്നാൽ പ്രാഥമിക ഓഹരി വില്പന എന്നാണ് പൊതുവെ മലയാളത്തിൽ പറയുക. പുതിയ ഓഹരികൾ ആദ്യമായി പൊതു വിപണിയിൽ വിൽക്കുമ്പോൾ അതു ശരിയുമാണ്. പക്ഷേ നിലവിലുള്ള ഓഹരികൾ ആദ്യമായി പൊതു വിപണിയിൽ വിൽക്കുന്നതിനെ പ്രാഥമിക പൊതുവിൽപ്പന എന്ന് വിളിക്കുന്നതാകും ശരി.