പിണക്കം മറന്ന് കോലിയെ കാണാനെത്തി ഗംഭീർ, കെട്ടിപ്പിടിച്ച് സംസാരിച്ചു; ഓസ്കർ നൽകണമെന്ന് ഗാവസ്കർ
Mail This Article
ബെംഗളൂരു∙ ഐപിഎൽ മത്സരത്തിനിടെ പിണക്കം മറന്ന് പരസ്പരം ചേർത്തുപിടിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീറും. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സ്– ആര്‍സിബി മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് കോലിയും ഗംഭീറും തർക്കിച്ചതു വൻ വിവാദമായിരുന്നു. മത്സരത്തിനിടയിലെ തർക്കം കളിക്കു ശേഷം രൂക്ഷമാകുകയായിരുന്നു. ലക്നൗ താരം നവീൻ ഉൾ ഹഖിനെ കോലി അപമാനിച്ചെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. നവീനും കോലിയും തമ്മിലുള്ള തർക്കത്തിൽ ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ വഷളായി.
ഈ സീസണിൽ കൊൽക്കത്ത ടീമിന്റെ മെന്ററാണു ഗംഭീർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത ടീമിനൊപ്പം എത്തിയ ഗംഭീർ നേരെ കോലിക്കു സമീപത്തേക്കു പോകുകയായിരുന്നു. സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഇരുവരും കെട്ടിപ്പിടിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ നിമിഷത്തിന് ഫെയർ പ്ലേ അവാർഡ് പോര, ഓസ്കാർ നൽകേണ്ടിവരുമെന്നായിരുന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറിന്റെ പ്രതികരണം.
ഗൗതം ഗംഭീർ കോലിയുടെ അടുത്തേക്കു പോയതിൽ സന്തോഷമുണ്ടെന്ന് ഇർഫാൻ പഠാനും വ്യക്തമാക്കി. ‘‘സീനിയറായ ഗൗതം ഗംഭീറാണ് ഇവിടെ മുന്നോട്ടുവന്നത്. ചിലപ്പോഴൊക്കെ നിങ്ങൾ പരിധി വിടുന്നുണ്ട്. എന്നാൽ അതു കഴിഞ്ഞാൽ നിങ്ങൾ വീണ്ടും കാണുമ്പോൾ നന്നായി പെരുമാറണം. അതാണ് ഇപ്പോൾ നമ്മൾ കണ്ടത്.’’– ഇർഫാൻ പഠാൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
മത്സരത്തിൽ ബെംഗളൂരു ഉയർത്തിയ 183 എന്ന വിജയലക്ഷ്യം കൊൽക്കത്ത 16.5 ഓവറിൽ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അർധ സെഞ്ചറി നേടിയ വെങ്കിടേഷ് അയ്യരുടെയും( 30 പന്തിൽ 50) സുനിൽ നരെയ്ന്റെയും(22 പന്തിൽ 47) പ്രകടനമാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. 59 പന്തിൽ 83 റൺസെടുത്ത കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.